സംക്രമം മുതല്‍ വടക്കന്‍ കേരളത്തില്‍ ഓണക്കാലം തുടങ്ങുകയായി. പൂവിടലും ചിങ്ങവെള്ള സമര്‍പ്പണവുമാണ് ചിങ്ങത്തില്‍ വീടുകളില്‍ നടക്കുന്ന പ്രധാന ചടങ്ങുകളിലൊന്ന്. 

കിണ്ടിയില്‍ കോരിയെടുക്കുന്ന വെള്ളം തുമ്പപ്പൂ ഇട്ട് പൂജാമുറിയില്‍ വയ്ക്കും. തുടര്‍ന്ന് നിലവിളക്ക് കൊളുത്തി പൂവിടും. സന്ധ്യാവിളക്കിന് ശേഷം ചിങ്ങവെള്ളം മാറ്റും. 

ശീപോതി വരുന്ന ഐതീഹ്യവുമായി ബന്ധപ്പെട്ടാണ് ചിങ്ങവെള്ളം പൂജാമുറിയില്‍ സൂക്ഷിക്കുന്നത്. ചിങ്ങമാസം മുഴുവന്‍ ഈ ചടങ്ങ് തുടരും. ചിങ്ങവെള്ളത്തിനൊപ്പം വാതില്‍പ്പടിയില്‍ കുറി തൊടുന്നതും ഒരിതള്‍ പൂവ് സമര്‍പ്പിക്കുന്നതും പതിവാണ്.