ണം ഓരുരുത്തര്‍ക്കും ഓരോന്നാണ്. ചിലര്‍ക്കത് പൂക്കളുടെ നിറമാണ്. മറ്റു ചിലര്‍ക്ക് പുത്തനുടുപ്പിന്റെ മണമാണ്. വേറെ ചിലര്‍ക്ക് നാക്കിലയില്‍ വിളമ്പിയ രുചിയും. ചലച്ചിത്രതാരം ഡോ. റോണിക്ക് ഓണം എന്നാല്‍ അമ്മയുണ്ടാക്കിയ സദ്യയുടെ നിറഞ്ഞ രുചിയാണ്. ഓണക്കാലത്ത് ഓര്‍മകളിലേയ്ക്ക് ഊളിയിടുകയാണ് ഡോ. റോണി.

ഓണക്കാലം എന്നും ഗൃഹാതുരത്വമുണര്‍ത്തുന്നതാണ്. കുട്ടിക്കാലത്ത് അനുഭവിച്ച് ആ സുഖവും സന്തോഷവും ഇന്നത്തെ ഓണത്തിന് ഉണ്ടോ എന്ന് എനിക്ക് പറയാന്‍ കഴിയില്ല. കാരണം ഇന്ന് ജീവിതത്തിന് തിരക്ക് കൂടി. ടെക്‌നോളജിയുടെ വളര്‍ച്ച ഓണത്തിന്റെ രസം കുറച്ചുവെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. 

കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, കുന്നംകുളത്തായിരുന്നു ഞങ്ങള്‍. അമ്മ തന്നെ എല്ലാ വിഭവങ്ങളും ഉണ്ടാക്കും. സാമ്പാര്‍, അവിയല്‍ എന്നിവയെല്ലാം നന്നായി ഉണ്ടാക്കും. പറമ്പിലിറങ്ങി തൂശനില വെട്ടി കൊണ്ടുവന്ന് അതിലാണ് ഭക്ഷണം വിളമ്പുക. ഭക്ഷണം കഴിക്കാറായാല്‍ ഞങ്ങളെ നീട്ടി വിളിക്കും. ഞങ്ങള്‍ അതു കഴിക്കേണ്ട ചുമതല മാത്രമേ ഉണ്ടാകൂ. ഞാനും അപ്പനും അനുജനും അമ്മയും ഒരുമിച്ചിരുന്നു കഴിക്കും. ഞങ്ങള്‍ കഴിക്കുന്നത് കാണുമ്പോള്‍ അമ്മയ്ക്ക് അതൊരു സംതൃപ്തിയാണ്. അമ്മയുടെ വീട് കൊട്ടാരക്കരയാണ്. ഞങ്ങള്‍ അമ്മവീട്ടില്‍ പൂക്കളമൊക്കെ ഇടുന്നത് ഓര്‍മയുണ്ട്. അത് വാങ്ങുന്ന പൂക്കളൊന്നുമല്ല. തൊടിയില്‍ നിന്ന് പറിക്കുന്നവയാണ്. 

അമ്മ ഒരു നല്ല കുക്കാണ്. വെജിറ്റേറിയന്‍ മാത്രമല്ല നോണ്‍വെജും നന്നായി ഉണ്ടാക്കും. മട്ടണ്‍ സ്റ്റ്യു, കപ്പയും മീനും, ചിക്കന്‍, എല്ലാം നന്നായി വെയ്ക്കും. 

എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഓണം കുട്ടിക്കാലത്തേതാണ്. അന്ന് നമുക്ക് ഉത്തരവാദിത്തങ്ങളില്ല. നമുക്ക് എല്ലാത്തിനും വാശിപിടിച്ചു കരഞ്ഞാല്‍ മതി. നമ്മള്‍ അതുവേണം ഇതുവേണം എന്നൊക്കെ പറഞ്ഞ് വാശിപിടിച്ച് കരയുമ്പോള്‍ ചില സമയത്ത് വീട്ടുകാര്‍ നമ്മളോട് കള്ളം പറയും. പണമില്ലാത്തതുകൊണ്ടാകും. പക്ഷെ നമ്മള്‍ വിടുമോ. മാതാപിതാക്കളുടെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയണമെങ്കില്‍ നമ്മള്‍ വലുതാകണം. അപ്പനും അമ്മയും ഇപ്പോഴും കൂടെയുണ്ട് എന്നതാണ് ഏറ്റവും വലിയ സന്തോഷം.