ങ്ങനെ  ജീവിതത്തില്‍ ആദ്യമായി  വീടിനു  പുറത്ത് ഒരു ഓണം ആഘോഷിച്ചു. എല്ലാ വര്‍ഷവും ഓണത്തിന്റെ സമയത്ത് ലീവ് പോകുന്ന എനിക്ക് ആദ്യമായി പട്ടാളം പണി തന്നു.. ! നാട്ടിലെ ഓണവും സ്വപ്‌നം കണ്ട് നടന്നിരുന്ന ഞാന്‍ അങ്ങനെ കഴിഞ്ഞ ഓണദിവസം ഡല്‍ഹിയിലെ തിരക്കിനിടയില്‍ തട്ടിക്കൂട്ടി ഒരു ഓണം ആഘോഷിച്ചു. 

സമയം  ഏകദേശം 11 മണി ആയി . അത്യാവശ്യം വിശപ്പിന്റെ വിളി വന്നപ്പോള്‍  ഓഫീസില്‍ നിന്ന്  ഡ്യൂട്ടി ഓഫ് ചോദിച്ചു വാങ്ങി ഓണം ആഘോഷിക്കാനായി ഞങ്ങള്‍ മൂന്നു സുഹൃത്തുക്കള്‍ കൂടെ ജോലി ചെയ്യുന്ന സുജിത് സാറിന്റെ  ക്വാര്‍ട്ടേഴ്സിലേക്ക് പുറപ്പെട്ടു. സുജിത്ത് സാറിന്റെ വീട് അടുക്കും തോറും ഓണത്തിന്റെ മണവും കൂടിക്കൂടി വന്നു. വീട്ടിനകത്തേക്ക് എത്തിയപ്പോഴേക്കും പ്രഷര്‍  കുക്കറില്‍ വേവുന്ന കൂട്ടുകറീന്റേം എണ്ണയില്‍ പൊരിയുന്ന പപ്പടത്തിന്റേം മണം മൂക്കിലോട്ട് തുളച്ചു കയറുന്നുണ്ടായിരുന്നു. അങ്ങ് 2500 കിലോ മീറ്റര്‍  അകലെ  വീടിന്റെ അടുക്കളയിലും അതേ സീന്‍ ആയിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. !

പോയ ഉടനെ നമുക്ക് കിട്ടി എട്ടിന്റെ പണി. നാല് വയസ്സ്‌കാരി പാറൂട്ടിക്ക് ഒറ്റ നിര്‍ബന്ധം, മാമന്മാര്‍ പൂക്കളം ഇടണമെന്ന്. അപ്പോ പിന്നെ നമുക്ക് നിഷേധിക്കാന്‍ പറ്റൂലല്ലോ എന്തായാലും ഒരു പൂക്കളം ഒരുക്കാന്‍ തന്നെ തീരുമാനിച്ചു.  ഗൂഗിള്‍ മാമന്റെ സഹായത്തോടെ ഡിസൈന്‍ ഒക്കെ നമ്മള്‍ കണ്ടു പിടിച്ചു. തെങ്ങും തോണിയും ഒക്കെ ഉള്ള ഒരു ഒന്നൊന്നര ഡിസൈന്‍.  പക്ഷെ പ്രശ്നം അതൊന്നുമല്ല, പൂക്കളത്തിനുള്ള പൂവ്. പേരിനു പോലും ഒരു ഇല പോലും ഇല്ലാത്ത സ്ഥലം.

onam

 

നാലാം നിലയില്‍ നിന്ന് വെറുതെ താഴോട്ട് നോക്കി ചുറ്റും സൈക്കിള്‍ റിക്ഷകളും മറ്റ് വാഹനങ്ങളും മാത്രം. ഡല്‍ഹിയില്‍ തെരുവോരങ്ങളില്‍ ഇടക്ക് കാണാറുള്ള പൂക്കച്ചവടക്കാരനെ ലക്ഷ്യമാക്കി നടന്നു. എവിടെ ! അയാളുടെ പൊടി പോലും ഇല്ല. പൂക്കളം വൈകിയാല്‍ സദ്യയും വൈകുമെന്ന തിരിച്ചറിവ് ഞങ്ങളെ മാറി ചിന്തിപ്പിച്ചു. പൂവിനു പകരം വേറെ ഒരു  ബദല്‍  മാര്‍ഗം  കണ്ടെത്തി . ! കളര്‍ മുക്കിയ നല്ല പച്ചരി ! 2, 3 കിലോ പച്ചരിയില്‍ ഹോളിക്ക് മുഖത്തു പൂശുന്ന കളര്‍ പാക്കറ്റുകള്‍ മിക്‌സ് ചെയ്തു ഒരു വിധം എല്ലാ നിറങ്ങളും ഉണ്ടാക്കി. ! നേരത്തെ വരച്ചു വച്ച ഡിസൈനില്‍ ഓരോ കളര്‍ അരിയും വച്ച് പിടിപ്പിച്ചു. ! അര മണിക്കൂറിനുള്ളില്‍ പൂക്കളം റെഡി.
  
onamഇനിയുള്ള കലാപരിപാടി ഭക്ഷണം മാത്രമാണ്. ഉള്ളത് പറഞ്ഞാല്‍ അത് മാത്രമായിരുന്നു  ഞങ്ങള്‍ മൂവരുടെയും ലക്ഷ്യം.  ദിവസവും കഴിക്കുന്ന മെസ്സ് ഫുഡില്‍ നിന്നു നല്ല ഒന്നാന്തരം തൃശൂര്‍ സദ്യ കഴിക്കാനുള്ള അപൂര്‍വ അവസരം അത്ര തന്നെ.  അക്ഷമരായി നമ്മള്‍ അതിനു കാത്തിരിക്കാന്‍ തുടങ്ങി. വെറുതെ കത്തിയടിച്ചും കോമഡി പറഞ്ഞും സമയം കളഞ്ഞു. സമയം ഏകദേശം 2 മണി ആയി. സദ്യ വട്ടങ്ങളൊക്കെ ഒരു വിധം തയ്യാറായിരുന്നു.

അങ്ങനെ അധികം വൈകാതെ തന്നെ നിവര്‍ത്തി വച്ച ഓരോ പേപ്പര്‍ ഇലകളിലേക്കും വിഭവങ്ങള്‍ എത്തിച്ചേർന്നു. പിന്നെ അവിടെ ഒരു യുദ്ധം ആയിരുന്നു. ആരും അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നില്ല എല്ലാരും തീറ്റയോട് തീറ്റ.. ! ഒരു മാതിരി പട്ടിണിക്കിട്ട പട്ടിക്ക് മുന്നില്‍ ചിക്കന്‍ ബിരിയാണി വെച്ച ഫീലിംഗ്. അവസാനം ഓരോ ഗ്ലാസ് പായസം കൂടി ആയപ്പോള്‍ അനങ്ങാന്‍ വയ്യാത്ത അവസ്ഥ. ! അവസാനം ഒരു വിധത്തില്‍ എഴുന്നേറ്റ് എല്ലാവര്‍ക്കും സലാം പറഞ്ഞു റൂമില്‍ എത്തുമ്പോഴേക്കും നാല് മണി ആയിരുന്നു. സദ്യയുടെ ക്ഷീണത്തില്‍ എത്തിയ ഉടനെ  ഒരു ഉറക്കം കൂടി പാസ് ആക്കുമ്പോഴേക്കും ഇക്കൊല്ലത്തെ ഓണാഘോഷത്തിന് തിരശ്ശീല വീണിരുന്നു. 

ഓണക്കോടിയോ പൂക്കള മത്സരമോ, നാട്ടിലെ പോലെ ഓണപ്പരിപാടികളോ ഒന്നും ഇല്ലെങ്കിലും  കാളനും ഓലനും തിയ്യലും ഒക്കെ ഉണ്ടാക്കി വിജി ചേച്ചിയും സുജിത് സാറും ഞങ്ങളുടെ ആദ്യത്തെ 'ഡല്‍ഹി ഓണം' കെങ്കേമമാക്കിത്തന്നു.. സംഭവബഹുലം ഒന്നും അല്ലെങ്കിലും ലീവ് കിട്ടാതെ ഓണം മിസ് ആയ സങ്കടത്തില്‍ ഇരുന്ന നമുക്ക് ഒരു തട്ടിക്കൂട്ട് ഓണം ഒരുക്കി തന്ന ആ കുടുംബത്തിന് പെരുത്തു നന്ദി.