പേരാവൂര്‍: കൊട്ടിയൂര്‍ പെരുമാളിന് ആടാനുള്ള നെയ്യുമായി മുടങ്ങാതെ എഴുപതാംവര്‍ഷവും ബാലക്കുറുപ്പും ഗോപാലക്കുറുപ്പുമെത്തി. പെരുമാള്‍ കടാക്ഷത്താല്‍ വിഘ്‌നങ്ങളേതുമില്ലാതെ തുടര്‍ച്ചയായി എഴുപത് വര്‍ഷം പൂര്‍ത്തിയാക്കിയ ഇരുവരും പാനൂര്‍ നിടുമ്പ്രത്തെ സമീപപ്രദേശവാസികളാണ്. കൊട്ടിയൂര്‍ വൈശാഖോത്സവത്തിന്റെ പ്രാരംഭ ചടങ്ങുകളിലൊന്നായ നെയ്യാട്ടത്തില്‍ ആടാനുള്ള ആദ്യ നെയ്യ് കൊണ്ടുവരുന്നത് ജന്മസ്ഥാനീകരായ വില്ലിപ്പാലന്‍ കുറുപ്പാണ്. പാനൂരിനടുത്ത നിടുമ്പ്രംമഠത്തില്‍നിന്നാണ് കലശപാത്രത്തില്‍ വില്ലിപ്പാലന്‍ സ്ഥാനികര്‍ നാലുകുറ്റി നെയ്യ് കൊണ്ടുവരുന്നത്. നെയ്യാട്ടത്തിന്റെ തലേന്നാള്‍ മണത്തണയിലെത്തി നെയ്ക്കലശം ചപ്പാരംക്ഷേത്രത്തിന്റെ ഇടനാഴിയില്‍ സൂക്ഷിക്കുകയാണ് പതിവ്.

നിലവിലെ ജന്മസ്ഥാനികനായ കണിയേരി വില്ലിപ്പാലന്‍ ബാലക്കുറുപ്പ് 16-ാമത്തെ വയസ്സില്‍ 1946-ലാണ് ആദ്യമായി കൊട്ടിയൂരിലേക്ക് നെയ്ക്കലശവുമായി വന്ന സംഘത്തോടൊപ്പം വ്രതമനുഷ്ഠിച്ചെത്തിയത്. ആദ്യസംഘത്തില്‍ 250-ലധികം വ്രതക്കാര്‍ ഉണ്ടായിരുന്നതായി ബാലക്കുറുപ്പ് ഓര്‍മിക്കുന്നു. അക്കാലത്ത് 16-ാം വയസ്സില്‍ തന്നെ കുടുംബത്തിലെ ആണ്‍കുട്ടികള്‍ വ്രതമനുഷ്ഠിച്ച് നെയ്ക്കലശവുമായി കൊട്ടിയൂരിലേക്ക് വരുമായിരുന്നത്രെ. കണിയേരി വില്ലിപ്പാലന്‍ കുഞ്ഞപ്പക്കുറുപ്പായിരുന്നു അന്ന് കാരണവര്‍. പിന്നീട് കാരണവര്‍ സ്ഥാനികരായി വന്ന വില്ലിപ്പാലന്‍ കൃഷ്ണക്കുറുപ്പ്, വാണിയക്കണ്ടി കൃഷ്ണക്കുറുപ്പ്, മാരാംവീട്ടില്‍ ഗോപാലക്കുറുപ്പ്, നള്ളക്കണ്ടി മീത്തല്‍ കുഞ്ഞിക്കൃഷ്ണക്കുറുപ്പ് എന്നിവര്‍ക്കൊപ്പവും ബാലക്കുറുപ്പ് നെയ്ക്കലശവുമായി പെരുമാള്‍ സന്നിധിയിലെത്തി.

പത്തുവര്‍ഷമായി ബാലക്കുറുപ്പാണ് സ്ഥാനികനായി നെയ്യാട്ടത്തിനുള്ള ആദ്യ നെയ്ക്കലശം എത്തിക്കുന്നത്. നിടുമ്പ്രത്തുനിന്ന് കാല്‍നടയായി എണ്‍പത്തിയേഴാം വയസ്സില്‍ കിലോമീറ്ററുകള്‍ താണ്ടി നെയ്യുമായി കൊട്ടിയൂരിലെത്താന്‍ കഴിയുന്നത് കൊട്ടിയൂരപ്പന്റെ അനുഗ്രഹംമൂലമാണെന്ന് വില്ലിപ്പാലന്‍ ബാലക്കുറുപ്പ് പറഞ്ഞു. ഇത്തവണ 135 അംഗ നെയ്യമൃത് വ്രതക്കാരോടൊപ്പമാണ് ബാലക്കുറുപ്പ് നെയ്യാട്ടത്തിനെത്തിയത്. മഠത്തില്‍നിന്ന് രാവിലെ പുറപ്പെട്ട് പാനൂര്‍, കൈവേലിക്കല്‍, ചെറുവാഞ്ചേരി, കണ്ണവംകാട് വഴി എടയാറിലെത്തുന്ന ബാലക്കുറുപ്പും സംഘവും ആദ്യകാലത്ത് അന്നേദിവസം വൈകീട്ടുതന്നെ മണത്തണയിലെത്താറുണ്ട്. അക്കാലത്ത് നിലനിന്നിരുന്ന 'അന്നേക്കന്ന്' സമ്പ്രദായത്തിന്റെ ഭാഗമായാണ് ഒറ്റദിവസം കൊണ്ടുതന്നെ മണത്തണയിലെത്തിയിരുന്നത്.

ഇപ്പോള്‍ നെയ്യാട്ടത്തിന്റെ രണ്ടുനാള്‍ മുന്‍പ് പുറപ്പെട്ട് എടയാര്‍ ഇല്ലത്ത് ഒരുദിവസം താമസിച്ചാണ് നെയ്ക്കലശവുമായി മണത്തണയിലെത്തുന്നത്. 1947 മുതലാണ് കണ്ടിമീത്തല്‍ ഗോപാലക്കുറുപ്പും നെയ്ക്കലശക്കരോടൊപ്പം കൊട്ടിയൂരിലെത്തുന്നത്. ഇദ്ദേഹവും എഴുപത് വര്‍ഷമായി മുടങ്ങാതെ പെരുമാളിനാടാനുള്ള നെയ്യുമായി എത്തുന്നുണ്ട്. പ്രക്കൂഴം നാളില്‍ വ്രതമാരംഭിച്ച് നെയ്യാട്ടത്തിന്റെ തലേന്നാള്‍ മണത്തണയിലെത്തുന്ന ഗോപാലക്കുറുപ്പ് ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലും പെരുമാള്‍ദര്‍ശനത്തിനെത്താറുണ്ട്.