കൊട്ടിയൂര്‍: വൈശാഖമഹോത്സവത്തോടനുബന്ധിച്ചുള്ള ആദ്യത്തെ ആരാധനയായ തിരുവോണം ആരാധന കണ്ട് ആയിരങ്ങള്‍ തൊഴുത് മടങ്ങി. ഉച്ചയ്ക്ക് ഭഗവാന്റെ സ്വര്‍ണം-വെള്ളിക്കുടങ്ങളും തിരുവാഭരണങ്ങളും എഴുന്നള്ളിച്ച് മനുഷ്യങ്ങള്‍ പന്തീരടിപൂജക്ക് തിരുവഞ്ചിറയില്‍ ആറുതവണ വലംവെച്ചു.
 
തുടര്‍ന്ന് ആരാധനസദ്യ നടന്നു. കോട്ടയം കോവിലകത്തുനിന്നെത്തിച്ച അഭിഷേകസാധനങ്ങളും കരോത്ത് നായര്‍ തറവാട്ടില്‍നിന്ന് എഴുന്നള്ളിച്ച് കൊണ്ടുവന്ന പഞ്ചഗവ്യവും വാവലി പുഴക്കരയില്‍ തേടന്‍ വാര്യര്‍ കുത്തുവിളക്കോടെ സ്വീകരിച്ച് ഭഗവാന്റെ സന്നിധിയില്‍ എത്തിച്ചു. പഞ്ചഗവ്യവും കോവിലകത്തുനിന്ന് കൊണ്ടുവന്ന വസ്തുക്കളും ഉപയോഗിച്ച് കളഭം തയ്യാറാക്കി അഭിഷേകം ചെയ്തു. ഇതോടെ മത്തവിലാസം കൂത്ത് ആരംഭിച്ചു. വിശേഷവാദ്യങ്ങള്‍ക്കും തുടക്കമായി. വെള്ളിയാഴ്ചയാണ് ഇളനീര്‍വെപ്പ്.

ഇളനീര്‍വെപ്പ് വെള്ളിയാഴ്ച
കൊട്ടിയൂര്‍: കൊട്ടിയൂരില്‍ ഇളനീര്‍മഠങ്ങള്‍ സജീവമായി. വെള്ളിയാഴ്ചയാണ് ഇളനീര്‍വെപ്പ്. ഏറ്റവും അധികം ഭക്തരെത്തുന്ന ചടങ്ങാണിത്. വടക്കേ മലബാറിലെ നാല് തണ്ടയാന്മാരുടെ നേതൃത്വത്തില്‍ 187 മഠങ്ങളില്‍നിന്നായി ഏഴായിരത്തോളം നേര്‍ച്ചക്കാര്‍ ആറുവീതം ഇളനീര്‍ അടങ്ങിയ ഇളനീര്‍കാവുകളാണ് കൊട്ടിയൂരിലെത്തിക്കുക.ഇത്തരത്തിലുള്ള നിരവധി ഇളനീര്‍ കാവുകള്‍ കൊട്ടിയൂരിലെത്തിക്കഴിഞ്ഞു.
 
കൊട്ടിയൂരിലെയും പരിസര പ്രദേശങ്ങളിലെയും വീടുകള്‍ ജാതിമതഭേദെമെന്യേ ഇളനീര്‍ക്കാരാല്‍ നിറഞ്ഞുകഴിഞ്ഞു. ഇളനീര്‍ക്കാര്‍ക്കായി ക്ഷേത്രം കിഴക്കേ നട മൈതാനം ശുചീകരിച്ച് കലശംതളിച്ച് ശുദ്ധീകരിച്ച് കയര്‍ കെട്ടി. ഇളനീര്‍ക്കാരുടെ ആരാധനാമൂര്‍ത്തിയായ കിരാതമൂര്‍ത്തി വാദ്യഘോഷസമേതം വ്യാഴാഴ്ച വൈകീട്ട് മണത്തണയിലെത്തി ഗോപുരത്തില്‍ വിശ്രമിക്കും. വെള്ളിയാഴ്ച മുഴുവന്‍ ഇളനീര്‍ ഭക്തരെയും കിരാതമൂര്‍ത്തി അനുഗ്രഹിക്കും.