മട്ടന്നൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ഇളനീര്‍ക്കാവുകളെത്തിക്കുന്ന വ്രതക്കാര്‍ ബുധനാഴ്ച കൊട്ടിയൂരിലേക്ക് യാത്ര തുടങ്ങി.

പെരിയച്ചൂര്‍ ചാലാടന്‍കണ്ടി മുത്തപ്പന്‍ മടപ്പുര പടിയില്‍ കാരണവര്‍ കായക്കല്‍ നാരായണന്‍ മടയന്റെ നേതൃത്വത്തിലാണ് 12 പേര്‍ ചൊവ്വാഴ്ച കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്.

ഏഴുദിവസത്തെ മടപ്പുരയിലെ വ്രതാനുഷ്ഠാനത്തിനുശേഷമാണ് ഇവര്‍ കൊട്ടിയൂരിലേക്ക് ഇളനീര്‍ക്കാവുകളുമായി യാത്രതിരിച്ചത്.

രണ്ടുദിവസത്തെ കാല്‍നടയാത്രയ്ക്കുശേഷം ഇളനീര്‍വെപ്പിന് ഇവര്‍ കൊട്ടിയൂരിലെത്തും. 16-നാണ് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ഇളനീര്‍വെപ്പ്. 17-ന് ഇളനീരാട്ടം.

കീഴല്ലൂര്‍ പാലയോട് ചാന്ദ്രോത്ത്പ്പടിയില്‍നിന്ന് വത്സലന്‍ കാരണവരുടെ നേതൃത്വത്തിലുള്ള 12 പേര്‍ വ്യാഴാഴ്ച രാവിലെ പുറപ്പെടും. കാവുകളൊരുക്കുന്നതിനായുള്ള ഇളനീര്‍ക്കാവുകള്‍ കെട്ടല്‍ ചൊവ്വാഴ്ച രാവിലെ നടന്നു. ശനിയാഴ്ച പടിയില്‍ മുത്തപ്പന്‍ വെള്ളാട്ടവും പ്രസാദസദ്യയും ഉണ്ടാവും.
 
കീഴല്ലൂര്‍, വെള്ളിയാംപറമ്പ്, കൊടോളിപ്രം, എടയൂര്‍ എന്നിവടങ്ങളില്‍നിന്ന് കൊട്ടിയൂരിലേക്ക് ഇളനീരുമായി വ്രതക്കാര്‍ ഇക്കുറി യാത്രപുറപ്പെടുന്നുണ്ട്.