കൊട്ടിയൂർ: വൈശാഖോത്സവത്തിലെ ഇളനീരഭിഷേകത്തിനുശേഷമുള്ള പ്രധാന ചടങ്ങായ രേവതി ആരാധന വ്യാഴാഴ്ച നടന്നു. മഹോത്സവത്തിലെ നാല് ആരാധനകളിൽ മൂന്നാമത്തേതാണിത്. ഉച്ചയ്ക്ക് പൊന്നിൻശീവേലിയും പിന്നീട് ആരാധനാസദ്യ, പാലമൃത് അഭിഷേകം എന്നിവയും ഉണ്ടായി. പാലമൃത് അഭിഷേകത്തിനായി കോട്ടയം കോവിലകത്തുനിന്നെത്തിക്കുന്ന അഭിഷേകസാധനങ്ങളും കരോത്ത് നായർ തറവാട്ടിൽനിന്ന് എഴുന്നള്ളിച്ച പഞ്ചഗവ്യവും ബാവലിപ്പുഴക്കരയിൽ തേടൻ വാര്യർ സ്വീകരിച്ച് ഭഗവാന്റെ സന്നിധിയിൽ എത്തിച്ചു. പഞ്ചഗവ്യവും കോവിലകത്തുനിന്ന് കൊണ്ടുവന്ന വസ്തുക്കളും ഉപയോഗിച്ച് കളഭം തയ്യാറാക്കി അഭിഷേകം ചെയ്തു.

ജൂൺ മൂന്നിന് നടക്കുന്ന രോഹിണി ആരാധനയോടെ വൈശാഖോത്സവനാളുകളിലെ നാല്‌ ആരാധനകൾ പൂർത്തിയാകും. ജൂൺ ഒൻപതിനാണ്‌ മകം കലംവരവ്‌. അന്നേദിവസം ഉച്ചയോടെ സ്ത്രീകൾക്കുള്ള പ്രവേശനം അവസാനിക്കും. 13-ന്‌ ഉത്സവത്തിന്‌ സമാപനം കുറിച്ച്‌ തൃക്കലശാട്ട്‌ നടക്കും.

Content Highlights: Kottiyoor Temple 2019