കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച തിരുവാതിര ചതുശ്ശതവും വ്യാഴാഴ്ച പുണർതം ചതുശ്ശതവും നടന്നു. നാല് ചതുശ്ശതങ്ങളാണ് ഭഗവാന് നിവേദിക്കുന്നത്. ശനിയാഴ്ച ആയില്യം ചതുശ്ശതവും 12-ന് അത്തം ചതുശ്ശതവും നടക്കും. ദേവന്റെ പിറന്നാളാഘോഷമായിട്ടാണ് തിരുവാതിര ചതുശ്ശതം കണക്കാക്കപ്പെടുന്നത്. മണിത്തറയിലും കോവിലകം കയ്യാലയിലും പായസനിവേദ്യം വിതരണം ചെയ്യും. ഞായറാഴ്ചയാണ് മകം കലംവരവ്. അന്ന് ഉച്ചശീവേലിവരെയാണ് അക്കരെ സന്നിധാനത്ത് സ്ത്രീകൾക്ക് പ്രവേശനമുള്ളത്.

ഉത്സവത്തിന്റെ ഭാഗമായി ശ്രീകോവിലിനുള്ളിൽവെച്ച് കോട്ടയം കിഴക്കേ കോവിലകത്തെ അമ്മ രാജയ്ക്ക് പന്തീരടി കാമ്പ്രം സ്ഥാനികൻ തൃക്കൂറായി അരി അളന്ന് നൽകി. ബുധനാഴ്ചയാണ് അരിയളവ് നടന്നത്.

വൃക്ഷത്തൈകൾ നട്ടു

കൊട്ടിയൂർ ക്ഷേത്രത്തിലും പരിസ്ഥിതി ദിനാചരണം നടത്തി. കയ്യാലകൾക്ക് സമീപം തൈകൾ നട്ടാണ് ദിനാചരണം നടത്തിയത്. നിയുക്ത കോഴിക്കോട് എം.പി. എം.കെ.രാഘവൻ, ജില്ലാ സെഷൻസ് ജഡ്ജി ടി.ഇന്ദിര, തലശ്ശേരി പ്രിൻസിപ്പൽ ജഡ്ജി കെ.പി.അനിൽകുമാർ തുടങ്ങിയവർ വൃക്ഷതൈകൾ നട്ടു. കൊട്ടിയൂർ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ മഞ്ജിത്ത് കൃഷ്ണൻ നേതൃത്വം നൽകി. ഉത്സവത്തിനുശേഷം അക്കരെ കൊട്ടിയൂരിലും നടുക്കുനിയിലുമായി 1000-ലധികം വൃക്ഷത്തൈകൾ നടും.

Content Highlights: Kottiyoor Vaishakham, Kottiyoor temple 2019