ദ്രാവിഡ ദേവ സങ്കല്‍പ്പത്തില്‍ ദൈവത്തെ ഈശ്വരന്‍ എന്നാണ് വിളിക്കുക. തമിഴില്‍ ഈശ്വരനെന്ന് വിളിക്കുന്നത് സാക്ഷാല്‍ ശ്രീ പരമേശ്വരനെയാണ്. ശിവന്‍, നീലകണ്ഠന്‍, ശ്രീ പരമേശ്വരന്‍, മഹാദേവന്‍, പെരുമാള്‍, ഗംഗാധരന്‍... ഈശ്വരന്റെ പര്യായങ്ങള്‍ നീളുന്നു. എല്ലാ ജനതകളും വണങ്ങുന്ന ആ ഈശ്വരന്‍ സ്വയംഭൂവായി വസിക്കുന്ന പരമപുണ്യസ്ഥാനമാണ് ശ്രീ കൊട്ടിയൂര്‍.

സൃഷ്ടിയുടെയും സ്ഥിതിയുടെയും സംഹാരത്തിന്റെയും എല്ലാ സൗകുമാര്യങ്ങളും രൗദ്രതയും ഒത്തുചേരുന്ന ദേവന്റെ സ്വന്തം ആവാസസ്ഥാനം. ഭഗവാന്റെ ഈ സ്വയംഭൂ അവതാരത്തിന് പല മാനങ്ങളുണ്ട്. നിസ്സംഗത, ശാന്തി, ലാളിത്യം, സ്‌നേഹം, വരദാനങ്ങള്‍, കല എന്നിവയുടെയെല്ലാം തീക്ഷ്ണ ഭാവമാണ് ശ്രീ പരമേശ്വരന്‍. സര്‍വം തികഞ്ഞ ഈശ്വര സങ്കല്‍പ്പത്തിന്റെ ഉത്തമഭാവം. വിശ്വസിക്കുന്ന ദേവന്‍, വിശ്വസിക്കാവുന്ന ദേവന്‍, വിശ്വസിക്കപ്പെടേണ്ട ദേവന്‍.

വ്യക്തി, കുടുംബം, സമൂഹം, ദേശം, കാലം എന്നിവയെല്ലാം ഈ ഭഗവല്‍ ഭാവത്തിനും സ്വയംഭൂവാസത്തിനും  വിഷയമമായിട്ടുണ്ട്. സ്വപത്‌നിയോടുള്ള അഗാധമായ സ്‌നേഹമാണ് ഭഗവാനെ ഈ സ്വയംഭൂ സ്ഥാനത്ത് ആവാസമുറപ്പിക്കാന്‍ പ്രേരിപ്പിച്ചത്. സതീദേവിയുടെ ആത്മത്യാഗത്തിന്റെ ഫലം. ആര്‍ദ്രമായ സ്‌നേഹത്തിന്റെ ഭാവം. രൗദ്രത മറന്ന് സര്‍വം മറന്ന് പത്‌നീ സമീപനായിരിക്കുന്ന ഉത്തമദേവന്റെതാണ് ശ്രീ കൊട്ടിയൂര്‍.

സപ്തവിംശതി മഹോത്സവത്തിന്റെ ദിനങ്ങള്‍ ഇത്തരം നിസ്സാരമെന്ന് തോന്നുന്ന വസ്തുതകളെ വിശദമായി ശ്രവിക്കാനും ചിന്തിക്കാനും പ്രാധാന്യത്തോടെ പ്രവര്‍ത്തന മേഖലകളില്‍ പ്രയോഗിക്കാനും ഉള്ള അവസരമായി മാറണമെന്ന് ഞാനാഗ്രഹിക്കുന്നു. പൂജകളും പ്രാര്‍ഥനകളും വേറെ ചടങ്ങുകള്‍ വ്യാഖാനിക്കുന്നതിനപ്പുറം വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും പുണ്യമായി മാറുന്നതിന് ശരിയായ ഒരു വിചിന്തനം ആവശ്യമാണ്. ഈ അവസരം തരുന്ന ശ്രീ പരമേശ്വര മഹാദേവന് പ്രണാമം.

എല്ലാ ദിവസവും കൊട്ടിയൂരില്‍ ഉത്സവമാണ്. എന്നാല്‍ ഒരു വര്‍ഷത്തില്‍ 27 ദിവസം ഇവിടെ മനുഷ്യര്‍ക്ക് ഉത്സവം നടത്താനുള്ള അവസരമായി കണക്കാക്കാം. ബാക്കി കാലമെല്ലാം ദേവഗണങ്ങളാണ് ഉത്സവം നടത്തുക. അതിനാല്‍, തുടക്കവും ഒടുക്കവുമില്ലാതെ നീളുന്ന മഹോത്സവം ആണ് ഈ സ്വയംഭൂവിലേതെന്ന് വ്യക്തമാകുന്നു. ദൈവിക - മാനുഷിക യാഗങ്ങളാണ് ഇവിടെ നടക്കുന്നത്. ഇവിടെ ഈ അവസരത്തില്‍ ഐതിഹ്യത്തിന് പുറത്തുള്ളതും ദേവ സ്ഥാനത്തിന് ചേര്‍ന്നതുമായ കാര്യങ്ങള്‍ പരാമര്‍ശിക്കാതെ പോകുന്നത് ഉചിതമല്ല. മഹോത്സവത്തിന് പുറംനാടിന്റേയും അതിന്റെ ധന്യതയുടേയും ചരിത്ര പശ്ചാത്തലം ചൂണ്ടിക്കാട്ടുകയെന്നത് ഉചിതമായി തോന്നുന്നു.

kottiyoorലോകത്തിലൊരു ക്ഷേത്രത്തിനും അവകാശപ്പെടാന്‍ കഴിയാത്തത്ര ദേവ ചൈതന്യവും വൈവിധ്യവും നിറഞ്ഞ സ്ഥലമാണ് ശ്രീ കൊട്ടിയൂര്‍.ദൈവത്തിന്റെ സ്വന്തം നാട് ശ്രീ കൊട്ടിയൂരാണ്. സാക്ഷാല്‍ ശ്രീ പരമേശ്വരന്‍ സ്വയംഭൂവായി കുടികൊള്ളുന്ന സ്ഥാനമാണല്ലോ ദൈവത്തിന്റെ സ്വന്തംനാടെന്ന വിളിക്കര്‍ഹമായ ദേശം. എന്നല്‍ ഇത് ദൈവത്തിന്റെ സ്വന്തം കുടുംബവും സ്വന്തം ഗ്രാമവുമായി കണക്കാക്കപ്പെടേണ്ടതുണ്ട്.

ഐതിഹ്യത്തിനപ്പുറം ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കാം. പഠനങ്ങളിലെ അപാകങ്ങളെ മാറ്റിവെക്കാം. ശരിയായ പഠനത്തിന്റെ അഭാവത്തെ വിസ്മരിക്കാം. ശ്രീ പരശുരാമന്‍ വീണ്ടെടുത്ത ഈ പുണ്യഭൂമിയെക്കുറിച്ച് ലഘുവായി ഒന്ന് പരിശോധിക്കാം. 64 പ്രാട്ടര ദേശങ്ങളിലായി തിരിച്ച് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്ത കേരളത്തിന്റെ വടക്കേയരികിലാണ്. ശ്രീ ശങ്കരാചാര്യര്‍ ആണ്, ശ്രീ ശങ്കരന്റെ ഈ പുണ്യഭൂമിയിലെ ചിട്ടവട്ടങ്ങള്‍ എന്തായിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചതെന്നത് അദ്ഭുതകരമായ വസ്തുതയാണ്.

ക്ഷേത്ര ഭരണം മാറിമാറി വന്നെങ്കിലും അടിസ്ഥാനപരമായ ഭാവങ്ങള്‍ക്ക് യാതൊരു മാറ്റവും വന്നിട്ടില്ല എന്നതാണ് വസ്തുത. ആധുനിക ചരിത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ക്ഷേത്രഭരണം കോട്ടയം രാജവംശത്തിന്റേതായിരുന്നു. സവര്‍ണരും അവര്‍ണരും ജന്മിയും കുടിയാനുമൊക്കെ ഒന്നായി ചേര്‍ന്ന് ഭരിക്കുന്ന ഒരു സോഷ്യലിസ്റ്റ് ഭരണസമ്പ്രദായം ഏതോ കാലഘട്ടത്തില്‍തന്നെ കൊട്ടിയൂരിലുണ്ടായിരുന്നു. കോട്ടയം രാജവംശത്തിന് കീഴില്‍ അടിയന്തിര യോഗം എന്നറിയപ്പെടുന്ന ഒരു സംഘമാണ് ക്ഷേത്രഭരണം നിശ്ചയിച്ചിരുന്നത്.

മേലന്വേഷണം മാത്രം കോട്ടയത്തെ കിഴക്കും പടിഞ്ഞാറും കോവിലകങ്ങള്‍ക്ക് നല്‍കിയിരുന്നു. ഉള്ളാട്ടു മാമല എന്നറിയപ്പെടുന്ന രണ്ട് ബ്രാഹ്മണ സ്ഥാനികരെ ക്ഷേത്രാചാരങ്ങളുടെയും നടത്തിപ്പിന്റെയും ഉത്തരവാദിത്വം ഏല്‍പ്പിച്ചിരുന്നു. ഇത് പ്രത്യേകമായി നല്‍കപ്പെട്ട ഒരു ചുമതലയായി കണക്കാക്കപ്പെടുന്നൂ. ഇവര്‍ ദേശത്തിന്റെ സംരക്ഷണത്തിനും നടത്തിപ്പിനുമായി മണത്തണയിലെ നാല് നായര്‍ തറവാടുകളെ അധികാരികളായി നിശ്ചയിച്ചേല്‍പ്പിച്ചു. തിട്ടയില്‍, കുളങ്ങരേത്ത്, കരിമ്പനയ്ക്കല്‍ ചാത്തോത്ത്, ആക്കല്‍ എന്നീ തറവാടുകള്‍ക്കായി ചുമതല.

ഈ ഊരായ്മ ഇന്നും തുടര്‍ന്നുവരികയാണ്. 1886 വരെ നടപടി ക്രമങ്ങള്‍ കൃത്യമായി നടന്നുവെങ്കിലും ഒരു ഉടമ്പടിയിലൂടെ ശ്രീ കൊട്ടിയൂര്‍ ദേവസ്വം കോട്ടയം രാജാവ് ചിറയ്ക്കല്‍ രാജവംശത്തിന് കൈമാറി. എന്നാല്‍ തുടര്‍ന്ന് പല വ്യവഹാരങ്ങളുടെയും ഫലമായി ക്ഷേത്രവും സ്വത്തുക്കളും വീണ്ടും കോട്ടയം രാജാവിന്റെ കൈവശത്തിലേക്ക് തിരിച്ചുവന്നു. മഹാ അടിയന്തിര യോഗമാകട്ടെ സകല വ്യവഹാരങ്ങള്‍ക്കിടയിലും മുറതെറ്റാതെ നടന്നുപോന്നിരുന്നു. ഈ യോഗം ഉത്സവകാലത്ത് കൊട്ടിയൂരില്‍ വെച്ചും ബാക്കികാലത്ത് മണത്തണ നഗരേശ്വരം ക്ഷേത്രത്തില്‍ വെച്ചുമാണ് ചേര്‍ന്നിരുന്നത്
1922-ല്‍ ഒരു ഉരുള്‍പ്പൊട്ടലില്‍ ക്ഷേത്ര സന്നിധാനം പൂര്‍ണമായും മറഞ്ഞ് പോയി.

ഈ സംഭവത്തിന് ശേഷം പല ചടങ്ങുകളും മുടങ്ങുകയൊ, ഇല്ലാതാകുകയൊ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ന് പ്രശ്‌നവിധി പ്രകാരം പുനരാരംഭിക്കാന്‍ പറ്റുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം നടത്തിവരുന്നുണ്ട്. 1937-ല്‍ മദ്രാസ് ദേവസ്വം ബോര്‍ഡ് നിലവില്‍ വന്നപ്പോള്‍ ബ്രിട്ടീഷ് മലബാറില്‍ പെട്ട ഈ മഹാക്ഷേത്രവും ദേവസ്വവും ആ ബോര്‍ഡിന് കീഴിലായി. കേരള സംസ്ഥാനം രൂപപ്പെട്ടു കഴിഞ്ഞപ്പോള്‍ കോഴിക്കോട് ആസ്ഥാനമായി ഹിന്ദുമത ധര്‍മ്മ സ്ഥാപന വകുപ്പ് രൂപവത്കൃതമായി. ദേവസ്വം ആ വകുപ്പിന് കീഴിലുമായി. തൃച്ചെറുമന്ന എന്ന കൊട്ടിയൂര്‍ ദേവസ്വം എന്നാണ് വകുപ്പിന് കീഴിലെ ഈ ദേവസ്വത്തിന് നല്‍കിയ നാമം. ക്ഷേത്രം പരിപാലനത്തിനായി പ്രത്യേക സ്‌കീം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ആ സ്‌കീം പ്രകാരം നടത്തിവരുന്ന ദേവസ്വം പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ തുടര്‍ന്നുവരികയാണ്.

1940-കളില്‍ തെക്കന്‍ തിരുവിതാംകൂറില്‍നിന്ന് അധ്വാനശീലരായ കര്‍ഷകര്‍ ഈ പുണ്യഭൂമിയിലേക്ക്കുടിയേറ്റം നടത്തി. ദേവസ്വത്തിന്റെ ഊരായ്മ ഉള്ള തറവാട്ടുകാരില്‍നിന്ന് വിലകൊടുത്ത് ഭൂമി വാങ്ങിയും വാക്കാല്‍ ചാര്‍ത്തിയും കുടിയാന്മാരുമായി. കുടിയേറിയവര്‍ കൊടുംകാടായിരുന്ന പ്രദേശത്തെ നാടാക്കി മാറ്റി. ഇനി ചരിത്രത്തെ നോക്കിക്കൊണ്ടു തന്നെ കൊട്ടിയൂരിന്റെ പുരോഗതി വിലയിരുത്താം. വനഭൂമി മറഞ്ഞ് കൃഷിഭൂമിയായെങ്കിലും പച്ചവരിച്ച നാടാണ് കൊട്ടിയൂര്‍. ഒരിക്കലും വറ്റാത്ത നീരുറവകളില്‍ നിന്നും ഏറ്റവും ശുദ്ധമയ വെള്ളം. സമ്പന്നമായ കാര്‍ഷിക വ്യാപാര മേഖല, നിറയെ വാഹനസൗകര്യം, ഐക്യവും സാഹോദര്യവും ശാന്തിയും സമാധാനവും നിലനില്ക്കുന്നഗ്രാമം. ബുദ്ധിമാന്മാരായി വളര്‍ന്നുവരുന്ന പുതിയ തലമുറ. ജാതി, മതം, വര്‍ഗം, ഗോത്രം, വര്‍ണം, രാഷ്ട്രീയം എന്നിവയ്ക്കതീതമായി ചിന്തിക്കാനുതകുന്ന ഭിന്നതകളില്ലാത്ത നാട്. ഈ നാട് മഹേശ്വര സാന്നിധ്യത്തിന്റെ കേന്ദ്രമാണെന്ന് അവകാശപ്പെടാന്‍ ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്?

തിങ്ങി നിറയുന്ന ഈ ജനസമൂഹത്തില്‍ ഭിന്നതകള്‍ ഉണ്ടാകാമെങ്കിലും അവയെല്ലാം വിട്ടുവീഴ്ചകള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് മറന്നുകളയുകയും സാഹോദര്യം, സഹകരണം, സഹവര്‍ത്തിത്വം എന്നിവയിലൂടെ മുന്നേറുകയുമാണ് ഈ നാട്. ഈ നാടല്ലേ യഥാര്‍ഥത്തില്‍ 'ദൈവത്തിന്റെ സ്വന്തം നാട.്' ത്രിമൂര്‍ത്തികളും മുപ്പത്തിമുക്കോടി ദൈവങ്ങളും കുടികൊള്ളുന്ന ഈ പുണ്യഭൂമിയില്‍ ദേവചൈതന്യവും സാന്നിധ്യവും കാലാകാലങ്ങളായി പ്രവഹിക്കുകയാണ്.

Content Highlights: Kottiyoor temple Vaishakha worship 2019