കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖോത്സവം വ്യാഴാഴ്ച നടക്കുന്ന തൃക്കലശ്ശാട്ടോടെ സമാപിക്കും.

അത്തം നാളായ ബുധനാഴ്ച രാവിലെ പതിവ് പൂജകൾക്കുശേഷം ചതുശ്ശതം നിവേദിച്ചു. തുടർന്ന് ഉച്ചശീവേലിക്കു ശേഷം വാളാട്ടം നടന്നു. വാളാട്ടത്തിനുശേഷം കുടിപതികൾ തിരുവഞ്ചിറയിലെ കല്ലിൽ തേങ്ങയേറ് നടത്തി. നിത്യപൂജകൾക്കുശേഷം രാത്രിയോടെ കലശപൂജകൾ തുടങ്ങി. പുലർച്ചെ വരെ പൂജകൾ തുടരും.

തൃക്കലശാട്ട് വ്യാഴാഴ്ച രാവിലെ നടക്കും. മണിത്തറയിൽ ബ്രാഹ്മണർ നടത്തുന്ന ജപത്തിനൊടുവിലാണ് കലശാഭിഷേകം. രണ്ട് കലശങ്ങളും ആടിക്കഴിഞ്ഞാൽ അത് ഭക്തർക്ക് വിതരണം ചെയ്യും. കലശാഭിഷേകത്തിന് മുൻപേ മുളന്തണ്ടുകളും ഞെട്ടിപ്പനയോല കൊണ്ടും നിർമിച്ച ശ്രീകോവിൽ പിഴുതെടുത്ത് തിരുവഞ്ചിറയിൽ ഉപേക്ഷിക്കും. തൃക്കലശ്ശാട്ട് പൂർത്തിയാകുന്നതോടെ ഈ വർഷത്തെ വൈശാഖോത്സവത്തിന് സമാപനമാകും.

Content Highlights: Kottiyoor Temple 2019