ഇടവമാസത്തിലെ ചോതിനാളില്‍ നെയ്യാട്ടത്തോടെ തുടങ്ങി മിഥുനത്തിലെ ചിത്രനാളില്‍ തൃക്കലശാട്ടോടെ അവസാനിക്കുന്നതാണ് കൊട്ടിയൂര്‍ ഉത്സവച്ചടങ്ങുകള്‍. മകംനാളില്‍ അര്‍ധരാത്രിയോടെയെത്തുന്ന കലംവരവിന് മുന്നോടിയായി അന്നുച്ചയോടെ അക്കരെ ദേവസ്ഥാനത്തുനിന്ന് സ്ത്രീകളും വിശേഷവാദ്യക്കാരും ആനകളും പിന്‍വാങ്ങും. തുടര്‍ന്നുള്ള നാളുകളില്‍ അതിനു മുന്‍പ് നടന്നിരുന്ന പൂജകളില്‍നിന്ന് വ്യത്യസ്തമായ ഗൂഢപൂജകളാണ് നടക്കുക. നാനാദിക്കുകളില്‍നിന്ന് എഴുന്നള്ളിയെത്തിയ ദേവതകളും മകംനാളില്‍ തിരിച്ചെഴുന്നള്ളും. തുടക്കത്തില്‍ ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ ദേവസ്ഥാനത്ത് എത്തിയതിനുശേഷം മാത്രമേ അക്കരെ സന്നിധിയിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കൂ. മകംനാളില്‍ ഉച്ചകഴിഞ്ഞാല്‍ പിന്നെ സ്ത്രീകള്‍ക്ക് പ്രവേശനമില്ല.

ഒരു മഹായാഗം നടത്തുമ്പോള്‍ എന്തെല്ലാം ഒരുക്കങ്ങളാണോ നടത്തുക അതൊക്കെയാണ് ഇപ്പോള്‍ ഉത്സവകാലത്തും അവിടെ അനുവര്‍ത്തിക്കുന്നത്. നാനാജാതിക്കാരുടെ പങ്കാളിത്തം, അവര്‍ക്കെല്ലാം ഓരോ ചുമതലകള്‍, വ്യത്യസ്ത സ്ഥാനപ്പേരുകള്‍, പ്രത്യേകം കൈയ്യാലകള്‍ എന്നിവ കൊട്ടിയൂരിന്റെ മാത്രം പ്രത്യേകതയാണ്. ഉത്സവകാലത്ത് മാത്രമേ അക്കരെ ദേവസ്ഥാനത്തേക്ക് ആളുകള്‍ക്ക് പ്രവേശനമുള്ളു. തൊട്ടുകൂടായ്മയോ തീണ്ടിക്കൂടായ്മയോ ഇല്ലാതെ ഹിന്ദുവിഭാഗത്തിലെ എല്ലാവിഭാഗം ആളുകളും ചേര്‍ന്ന് നൂറ്റാണ്ടുകളായി നടത്തിവരുന്ന ഇതുപോലൊരു ഉത്സവം മറ്റെവിടെയുമില്ല.

ഉത്സവച്ചടങ്ങുകള്‍


kottiyoorമണത്തണ പൊടിക്കളത്തില്‍ നടക്കുന്ന ദൈവത്തെ കാണല്‍ ചടങ്ങാണ് ഉത്സവമുന്നോടിയായുള്ള ആദ്യ ചടങ്ങുകളിലൊന്ന്. തുടര്‍ന്ന് ഉത്സവത്തിന് നാള്‍കുറിക്കുന്ന പ്രക്കൂഴം ചടങ്ങ് നടക്കും. അരിയളവും അവിലളവും വിശേഷാല്‍ചടങ്ങുകളും അന്ന് ഇക്കരെ ക്ഷേത്രത്തില്‍ നടക്കും. പിന്നീട് നടക്കുന്ന നീരെഴുന്നള്ളത്ത് ചടങ്ങോടെയാണ് അക്കരെ ദേവസ്ഥാനത്ത്  ഉത്സവാവശ്യത്തിന് താത്കാലികമായ നിര്‍മാണപ്രവൃത്തികള്‍ തുടങ്ങുക. ബാവലി (വാവലി) തീര്‍ഥംകൊണ്ട് അക്കരെ ദേവസ്ഥാനം ശുദ്ധീകരിക്കുന്ന ചടങ്ങാണ് നീരെഴുന്നള്ളത്ത്. തുടര്‍ന്ന് ചോതിനാളില്‍ നടക്കുന്ന നെയ്യഭിഷേകത്തോടെ (നെയ്യാട്ടം) ഉത്സവത്തിന് തുടക്കമാകും. ദക്ഷന്റെ തലയറുത്തതെന്ന് കരുതുന്ന വാള്‍ വീരഭദ്രപെരുമാള്‍ വലിച്ചെറിഞ്ഞത് ചെന്നുവീണത് വയനാട് ജില്ലയിലെ മുതിരേരിക്കടുത്തുള്ള വാള്‍കണ്ടത്തിലാണ്. അവിടെയുള്ളവര്‍ അതെടുത്ത് മുതിരേരി ക്ഷേത്രത്തില്‍ പൂജിച്ചുവെന്നാണ് വിശ്വാസം. ആ വാള്‍ മുതിരേരിയില്‍നിന്ന് കൊട്ടിയൂരില്‍ എഴുന്നള്ളിച്ചെത്തിക്കുന്നതോടെ ഉത്സവം തുടങ്ങുന്നു. തൃക്കലശാട്ട് ദിവസം ആ വാള്‍ തിരിച്ച് എഴുന്നള്ളിക്കുന്നതോടെ ഉത്സവം സമാപിക്കുകയും ചെയ്യും.

ദക്ഷന്റെ യാഗം മുടക്കി, പത്‌നിയുടെ വിയോഗവാര്‍ത്തയുമറിഞ്ഞ് രൗദ്രരൂപിയായ ശിവനാണ് കൊട്ടിയൂരില്‍ കുടികൊള്ളുന്നത്. ആ ശിവനെ ശാന്തനാക്കാന്‍ (തണുപ്പിക്കാന്‍) നടത്തുന്ന അഭിഷേകങ്ങളാണ് കൊട്ടിയൂരിലെ പ്രധാന ചടങ്ങുകള്‍. ആദ്യം ബാവലി തീര്‍ഥം തളിച്ച് ശുദ്ധിയാക്കല്‍, തുടര്‍ന്ന് കോപം തണുപ്പിക്കാന്‍ നെയ്യഭിഷേകം, ഇളന്നീരഭിഷേകം, പഞ്ചഗവ്യാഭിഷേകം, പാലഭിഷേകം, കളഭാഭിഷേകം എന്നിങ്ങനെയുള്ള അഭിഷേകങ്ങളും തൃപ്തിപ്പെടുത്താന്‍ വിശേഷാല്‍ നേദ്യങ്ങളും നല്‍കും. എന്നിട്ടും പൂര്‍ണശാന്തനാകാത്ത ശിവനെ ആശ്വസിപ്പിക്കാനാണ് ആലിംഗനപുഷ്പാഞ്ജലി നടത്തുന്നത്. കുറുമാത്തൂര്‍ ഇല്ലത്തെ സ്ഥാനികനാണ് ഇത് ചെയ്യുക. സ്വയംഭൂ വിഗ്രഹത്തെ കെട്ടിപ്പിടിച്ച് നടത്തുന്നതാണ് ഈ പുഷ്പാഞ്ജലി. മഹാവിഷ്ണു ശിവനെ ആശ്വസിപ്പിക്കുന്നതെന്ന സങ്കല്പത്തിലാണീ ചടങ്ങ് നടത്തുന്നത്. ഭഗവാന് വിശേഷാല്‍ അഭിഷേകവും സ്വര്‍ണ, വെള്ളി കുംഭങ്ങളുമേന്തി നടത്തുന്ന എഴുന്നള്ളത്തും നടക്കുന്ന നാല് ആരാധനാദിവസങ്ങളുമുണ്ട്. തിരുവോണം ആരാധന, അഷ്ടമി ആരാധന, രേവതി ആരാധന, രോഹിണി ആരാധന എന്നിവയാണവ. ഈ ആരാധനാദിവസങ്ങളില്‍ നടക്കുന്ന ശീവേലി എഴുന്നള്ളത്തിന് പൊന്നിന്‍ ശീവേലി എന്നാണ് പറയുക. അന്ന് ആരാധനാസദ്യയും ഉണ്ടാകും. ഇതുകൂടാതെ ചതുശ്ശതം (വലിയവട്ടളം പായസം) നേദിക്കുന്ന നാലു ദിവസവും ഏറെ പ്രധാനപ്പെട്ടതാണ്.


kottiyoorദക്ഷന്റെ യാഗം മുടക്കി, പത്‌നിയുടെ വിയോഗവാര്‍ത്തയുമറിഞ്ഞ് രൗദ്രരൂപിയായ ശിവനാണ് കൊട്ടിയൂരില്‍ കുടികൊള്ളുന്നത്. ആ ശിവനെ ശാന്തനാക്കാന്‍ (തണുപ്പിക്കാന്‍) നടത്തുന്ന അഭിഷേകങ്ങളാണ് കൊട്ടിയൂരിലെ പ്രധാന ചടങ്ങുകള്‍. ആദ്യം ബാവലി തീര്‍ഥം തളിച്ച് ശുദ്ധിയാക്കല്‍, തുടര്‍ന്ന് കോപം തണുപ്പിക്കാന്‍ നെയ്യഭിഷേകം, ഇളന്നീരഭിഷേകം, പഞ്ചഗവ്യാഭിഷേകം, പാലഭിഷേകം, കളഭാഭിഷേകം എന്നിങ്ങനെയുള്ള അഭിഷേകങ്ങളും തൃപ്തിപ്പെടുത്താന്‍ വിശേഷാല്‍ നേദ്യങ്ങളും നല്‍കും. എന്നിട്ടും പൂര്‍ണശാന്തനാകാത്ത ശിവനെ ആശ്വസിപ്പിക്കാനാണ് ആലിംഗനപുഷ്പാഞ്ജലി നടത്തുന്നത്. കുറുമാത്തൂര്‍ ഇല്ലത്തെ സ്ഥാനികനാണ് ഇത് ചെയ്യുക. സ്വയംഭൂ വിഗ്രഹത്തെ കെട്ടിപ്പിടിച്ച് നടത്തുന്നതാണ് ഈ പുഷ്പാഞ്ജലി. മഹാവിഷ്ണു ശിവനെ ആശ്വസിപ്പിക്കുന്നതെന്ന സങ്കല്പത്തിലാണീ ചടങ്ങ് നടത്തുന്നത്.

ഭഗവാന് വിശേഷാല്‍ അഭിഷേകവും സ്വര്‍ണ, വെള്ളി കുംഭങ്ങളുമേന്തി നടത്തുന്ന എഴുന്നള്ളത്തും നടക്കുന്ന നാല് ആരാധനാദിവസങ്ങളുമുണ്ട്. തിരുവോണം ആരാധന, അഷ്ടമി ആരാധന, രേവതി ആരാധന, രോഹിണി ആരാധന എന്നിവയാണവ. ഈ ആരാധനാദിവസങ്ങളില്‍ നടക്കുന്ന ശീവേലി എഴുന്നള്ളത്തിന് പൊന്നിന്‍ ശീവേലി എന്നാണ് പറയുക. അന്ന് ആരാധനാസദ്യയും ഉണ്ടാകും. ഇതുകൂടാതെ ചതുശ്ശതം (വലിയവട്ടളം പായസം) നേദിക്കുന്ന നാലു ദിവസവും ഏറെ പ്രധാനപ്പെട്ടതാണ്. തിരുവാതിര ചതുശ്ശതം, പുണര്‍തം ചതുശ്ശതം, ആയില്യം ചതുശ്ശതം, അത്തം ചതുശ്ശതം എന്നാണ് അവ അറിയപ്പെടുക. പ്രത്യേക കൂട്ടുചേര്‍ത്ത്  വലിയവട്ടളത്തില്‍ തയ്യാറാക്കുന്ന പായസം ദേവന് നേദിച്ചശേഷം ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. ദേവനെ ശാന്തനാക്കാനുള്ള അഭിഷേകങ്ങള്‍ നടത്തിയശേഷമാണ് തൃപ്തിപ്പെടുത്താനും ദേവന്റെ പ്രൗഢി ബോധ്യപ്പെടുത്താനുമായി നാലുതവണ വലിയവട്ടളം പായസം നേദിക്കുന്നത്. മഹാക്ഷേത്രങ്ങളില്‍ മാത്രമേ ഇത്തരം നേദ്യം പതിവുള്ളു.


kottiyoorനെയ്യാട്ടം, ഇളന്നീര്‍വെപ്പ്, ഇളന്നീരാട്ടം, നാല് ആരാധനാദിവസങ്ങള്‍ തുടങ്ങിയ ദിവസങ്ങളില്‍ കൊട്ടിയൂരിലേക്ക് ഭക്തജനപ്രവാഹമായിരിക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോടിന്റെ അതിര്‍ത്തിഭാഗം എന്നിവിടങ്ങളില്‍നിന്നുള്ള ഇളന്നീര്‍ഭക്തരാണ് വ്രതംനോറ്റ് ഭഗവാന് അഭിഷേകം നടത്താനുള്ള ഇളന്നീരുകള്‍ കാല്‍നടയായി എത്തിക്കുന്നത്. തീയ്യവിഭാഗത്തിനാണ് ഇതിനുള്ള അവകാശം. തീയ്യപ്രമാണിമാരായ തണ്ടയാന്‍മാരുടെ നേതൃത്വത്തിലാണ് ഇളന്നീര്‍കാവുകളെത്തിക്കുക. തിരുവഞ്ചിറയില്‍ സമര്‍പ്പിക്കുന്ന ഇളന്നീര്‍കാവുകള്‍ പിറ്റേദിവസം കൈക്കോളന്‍മാര്‍ വെട്ടിയൊരുക്കി രാത്രി ബ്രാഹ്മണശ്രേഷ്ഠര്‍ ഭഗവാന് അഭിഷേകം നടത്തും. അര്‍ധരാത്രിയോടെ തുടങ്ങുന്ന അഭിഷേകം പിറ്റേന്ന് രാവിലെവരെ നീണ്ടുനില്‍ക്കും. അതുപോലെ തലേന്ന് അര്‍ധരാത്രിയോടെ തുടങ്ങുന്ന ഇളന്നീര്‍വെപ്പും പിറ്റേന്ന് രാവിലെവരെ നീളും.

ഭഗവാന് മുന്നില്‍ ഇളന്നീരുകളുടെ ഒരു ചെറു കുന്നുതന്നെ രൂപപ്പെട്ടിട്ടുണ്ടാകും. നായര്‍-നമ്പ്യാര്‍-കുറുപ്പ് വിഭാഗത്തിലെ പ്രധാനികളാണ് നെയ്യഭിഷേകത്തിനുള്ള നെയ്യ് എത്തിക്കുക. നെയ്യ് വ്രതക്കാര്‍ക്കും ഇളന്നീര്‍വ്രതക്കാര്‍ക്കും നാനാഭാഗത്തായി പ്രത്യേകം പ്രത്യേകം മഠങ്ങളുണ്ട്. അവിടെ നിശ്ചിതകാലം വ്രതമെടുത്ത് കഴിഞ്ഞശേഷമാണ് കൊട്ടിയൂരിലേക്ക് എത്തുക. ഓംകാര ശബ്ദം മുഴക്കി കാല്‍നടയായാണ് ഇരുവിഭാഗവും അഭിഷേകത്തിനുള്ള നെയ്യും ഇളന്നീരുമെത്തിക്കുന്നത്. അങ്ങനെ  ഉത്സവാവശ്യത്തിനുള്ള ഓരോ സാധനങ്ങളെത്തിക്കാനും പ്രത്യേകം അവകാശികളുണ്ട്. വിളക്കുതിരി മണിയന്‍ ചെട്ടിയാന്റെ നേതൃത്വത്തിലാണ് എത്തിക്കുക. കലപൂജയ്ക്ക് കലങ്ങള്‍ നല്ലൂരാന്‍ എത്തിക്കും. നെയ്യ്, പഞ്ചഗവ്യം, മണിത്തറകെട്ടാനുള്ള അവകാശം, ഓലയെത്തിക്കാനുള്ള അവകാശം, ഓലക്കുടയെത്തിക്കാനുളള അവകാശികള്‍ എന്നിങ്ങനെ ഏതുകാര്യത്തിനും വെവ്വേറെ അവകാശികളുണ്ട്. പ്രത്യേകം സ്ഥാനപ്പേരുകളിലാണ് ഓരോ ചുമതലക്കാരും അറിയപ്പെടുന്നത്.

അവ ചുവടെ: ഒറ്റപ്പിലാന്‍-കുറിച്യ സ്ഥാനികന്‍, കാടന്‍-കുറിച്യ വിഭാഗത്തില്‍ പ്രത്യേക വ്രതമെടുത്ത താഴ്ന്നവിഭാഗം, പുറം കലയന്‍-തീയ്യപ്രമാണി, ജന്മാശാരി-ക്ഷേത്ര നിര്‍മാണകാര്യങ്ങളുടെ ചുമതലയുള്ള ആശാരി, ഓച്ചര്‍മാര്‍-വാദ്യക്കാര്‍ (മാരാര്‍-പൊതുവാള്‍ വിഭാഗക്കാര്‍), തേടന്‍ വാര്യര്‍-വാര്യര്‍ (സന്ദേശവാഹകര്‍), സമുദായി -ബ്രാഹ്മണശ്രേഷ്ഠന്‍ (അടിയന്തരയോഗത്തിന്റെ പ്രധാനി-സര്‍വകാര്യങ്ങളുടെയും മേല്‍നോട്ടക്കാരന്‍, ബ്രാഹ്മണര്‍ തെറ്റുചെയ്താല്‍ അത് പറയാന്‍ ഉരാളന്‍മാര്‍ക്ക് അവകാശമില്ല അത്തരം ഘട്ടങ്ങളില്‍ നടപടിയെടുക്കാനുള്ള മധ്യവര്‍ത്തികൂടിയാണ് സമുദായി), തൃക്കടാരി-ബ്രാഹ്മണ സ്ഥാനികന്‍, കണക്കപ്പിള്ള-കണക്കെഴുത്തും സൂക്ഷിപ്പും, മനുഷ്യങ്ങള്‍-നമ്പീശന്‍-വാര്യര്‍ വിഭാഗത്തില്‍ പെടുന്നവര്‍, തണ്ടയാന്‍മാര്‍-തീയ്യപ്രമാണിമാര്‍-(ഇളന്നീര്‍ എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ഒരു പ്രദേശത്തിന്റെ ചുമതലക്കാര്‍), വാളശ്ശന്‍മാര്‍-നായര്‍വിഭാഗം, ഏഴില്ലക്കാര്‍-ഉൗരാളന്‍മാര്‍, കടിപതികള്‍ എന്നിവരും നായര്‍വിഭാഗക്കാരാണ്. നല്ലൂരാന്‍-കലം കൊണ്ടുവരാന്‍ ചുമതലയുള്ളവര്‍-(കുലാല വിഭാഗക്കാര്‍), പെരുവണ്ണാന്‍-വണ്ണാന്‍ സമുദായത്തിലെ സ്ഥാനികന്‍, ബാക്ക-മലയവിഭാഗത്തിന്റെ സ്ഥാനികന്‍-അസുരവാദ്യം മുഴക്കുന്നത് ഇവരാണ്, ചെമ്പോട്ടിപ്പണിക്കര്‍-പണിക്കര്‍ വിഭാഗത്തിലെ സ്ഥാനികന്‍, പെരുങ്കൊല്ലന്‍-കൊല്ലന്‍ വിഭാഗത്തിന്റെ സ്ഥാനികന്‍, മണിയന്‍ ചെട്ടിയാര്‍-വിളക്കുതിരിയെത്തിക്കാന്‍ ചുമതലയുള്ള സ്ഥാനികന്‍, മണാളന്‍-താക്കോലുകള്‍ സൂക്ഷിപ്പുകാരന്‍, പെരുങ്കണിശ്ശന്‍-കണിശ വിഭാഗത്തിന്റെ സ്ഥാനികന്‍, കൈക്കോളന്‍മാര്‍-അഭിഷേകത്തിനുള്ള ഇളന്നീരുകള്‍ വെട്ടിയൊരുക്കാന്‍ ചുമതലപ്പെട്ടവര്‍ എന്നിങ്ങനെ വിവിധ ചുമതലകള്‍ വഹിക്കുന്ന സമുദായക്കാര്‍ ഏറെയുണ്ട്. ഇവയൊന്നും കൂടാതെ പഴശ്ശി കോവിലകം, കോട്ടയംരാജവംശം, കോഴിക്കോട് സാമൂതിരി തുടങ്ങിയവര്‍ക്കും ഉത്സവ നടത്തിപ്പില്‍ ചുമതലകളുണ്ട്.

പൂജാകാര്യങ്ങള്‍ക്ക് രണ്ടു തന്ത്രിമാരുടെയും ജന്മശാന്തിയുടെയും നേതൃത്വത്തിലുള്ള ബ്രാഹ്മണനിരതന്നെയുണ്ട്. പടിഞ്ഞീറ്റ നമ്പൂതിരിയാണ് ഇക്കരെ ക്ഷേത്രത്തിലെ ജന്മശാന്തി. നന്ത്യാര്‍ വള്ളി, കോഴിക്കോട്ടിരി എന്നിവരാണ് തന്ത്രിമാര്‍. അവകാശികള്‍ക്കെല്ലാം ഉത്സവസ്ഥലത്ത് തിരുവഞ്ചിറയ്ക്ക് ചുറ്റുമായി കൈയ്യാലകളുമുണ്ട്.


കയ്യാലകള്‍

32 കയ്യാലകളാണ് കൊട്ടിയൂരില്‍ അവകാശികള്‍ക്കും ഉത്സവനടത്തിപ്പ് കാര്യങ്ങള്‍ക്കുമായി ഒരുക്കുന്നത്. കരിമ്പനക്കല്‍ ചാത്തോത്ത് കയ്യാല, പേര്യ നായര്‍, വടക്കേടത്ത് നായര്‍, ഓച്ചര്‍, തന്ത്രി കോഴിക്കോട്ടിരി, പടിഞ്ഞീറ്റ, കോവിലകം, ആശാരി, പുറംകലയന്‍, പെരുവണ്ണാന്‍, ഒറ്റപ്പിലാന്‍, കലശമണ്ഡപം, പാലോന്നം, കൂത്തമ്പലം, കണക്കപ്പിള്ള, സമുദായി, തന്ത്രി നന്ത്യാര്‍വള്ളി, ദേവസ്വം ഓഫീസ്, തേടന്‍ വാര്യര്‍, നമ്പീശന്‍, പൂവന്‍ നമ്പീശന്‍, ആക്കല്‍, കുളങ്ങരേത്ത്, തിട്ടയില്‍, പനയൂര്‍, ഉഷകാമ്പ്രം, പന്തീരടികാമ്പ്രം, എക്‌സിക്യുട്ടീവ് ഓഫീസറുടെ കയ്യാല, പോലീസ്, എന്‍.എച്ച.് ട്രസ്റ്റീസ്, അന്നദാനം, പ്രാഥമികചികില്‍സാകേന്ദ്രം എന്നിങ്ങനെ കൈയ്യാലകള്‍ പ്രവര്‍ത്തിച്ചുവരുന്നു.

Content Highlights: Kottiyoor temple Vaishakha Maholsavam 2019