കൊട്ടിയൂർ: ദേവന്റെ തിടമ്പേറ്റി ദേവസ്ഥാനത്തെ വലംവെച്ചിരുന്ന ആനകളും ശീവേലിക്ക് മാറ്റുകൂട്ടിയിരുന്ന വാദ്യഘോഷങ്ങളും അക്കരെ ദേവസ്ഥാനത്തുനിന്ന് വിടവാങ്ങി. മകം നാളിലെ ഉച്ചശീവേലി പൂർത്തിയാകുന്നതിനുമുമ്പേ സ്ത്രീകളും അക്കരെ സന്നിധാനത്തുനിന്ന്‌ പിൻവാങ്ങി. ഇതോടെ ഈ വർഷം അക്കരെ കൊട്ടിയൂരിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം അവസാനിച്ചു.

ഉച്ചശീവേലിക്കുശേഷം തിരുവഞ്ചിറയിൽ മൂന്നുവട്ടം വലംവച്ച ആനകൾ ദേവനെ തൊഴുതു. ക്ഷേത്രം ഭാരവാഹികളും ചുമതലക്കാരും ആനകൾക്ക് മധുരവും പഴങ്ങളും നൽകി. തുടർന്ന് ക്ഷേത്രക്കാര്യക്കാരും ഭക്തരും ഉരുളകളാക്കിയ നേദ്യച്ചോറ്‌ ആനകൾക്ക് നൽകി. പടിഞ്ഞാറേ നടയിൽ നമസ്കരിച്ചശേഷം ആനകൾ പിറകോട്ട് നടന്ന് ഇടബാവലിയിലിറങ്ങി അക്കരെ ക്ഷേത്രസന്നിധിയിൽനിന്ന്‌ വിടവാങ്ങി.

അക്കരെ കൊട്ടിയൂരിൽ ഇനി ഗൂഢപൂജകളുടെ നാളുകളാണ്. കലം പൂജകൾക്കാവശ്യമായ മൺകലങ്ങൾ നല്ലൂരാൻ സ്ഥാനികന്റെ നേതൃത്വത്തിൽ മുഴക്കുന്നിൽനിന്ന്‌ വൈകുന്നേരത്തോടെ കൊട്ടിയൂരിലെത്തിച്ചു. രാത്രി ഇരുട്ടിൽ മുങ്ങിയ ക്ഷേത്രസങ്കേതത്തിലേക്ക് പടിഞ്ഞാറേ നടയിലൂടെ നല്ലൂരാനും സംഘവും കലങ്ങളുമായി എത്തി.

തിരുവഞ്ചിറയിൽ മൂന്നുതവണ വലംവെച്ച് കരിമ്പനയ്ക്കൽ ചാത്തോത്ത് കയ്യാലയിലെ പ്രത്യേക അറയിൽ കലങ്ങൾ സമർപ്പിച്ചു. തുടർന്ന് നാഴികകൾക്കു ശേഷം അക്കരെ ക്ഷേത്രത്തിലെ ദീപങ്ങളണച്ച് അന്ധകാരത്തിൽ കലംപൂജകൾ തുടങ്ങി. പൂജ തിങ്കളാഴ്ച പുലർച്ചെവരെ നീണ്ടു. തിങ്കളാഴ്ച രാവിലെ 36 കുടം അഭിഷേകത്തോടെ പൂരം നാളിലെ നിത്യപൂജകൾക്ക് തുടക്കമാകും.

Content Highlights: Kottiyoor Temple 2019 Vaishakha Fest