ചിങ്ങത്തില്‍ തൃക്കാക്കര ക്ഷേത്രത്തില്‍ തുടങ്ങുന്ന ഉത്സവപരമ്പര എല്ലാ അമ്പലങ്ങളിലും വ്യാപിച്ച് വേനലിനെ ചെണ്ട കൊട്ടിച്ച് ഇടവത്തിലെ മഴയ്്ക്ക് തൊട്ടുമുമ്പ് കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവത്തോടെ പര്യവസാനിച്ചിരുന്നു എന്നൊരു പരാമര്‍ശം കാണുന്നുണ്ടെങ്കിലും അക്കരെകൊട്ടിയൂര്‍ വൈശാഖോത്സവം ആരംഭിക്കുന്നതുതന്നെ ഇടവത്തിലെ ചോതി മുതലാണ്. വിഷുവിനുശേഷം മാത്രം ആരംഭിക്കുന്ന പുറംചടങ്ങുകളോടുകൂടി തുടക്കം കുറിക്കുന്ന ഉത്സവം ആരംഭിക്കുന്നത് ചോതിവിളക്ക് തെളിയുന്നതോടെയാണ്.

27 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവച്ചടങ്ങുകള്‍ മിഥുന ചോതിനാളില്‍ നടക്കുന്ന 'വറ്റടി'യോടുകൂടി അവസാനിക്കുന്നു. ഈ 27 ദിവസം മാത്രം പുറത്തുള്ളവര്‍ക്ക് പ്രവേശനമുള്ള അക്കരെകൊട്ടിയൂരില്‍ ആ 27 ദിവസവും ഉത്സവംതന്നെയാണ്. എന്നാല്‍ അങ്കുരാദി, ധ്വജാദി, പടഹാദി എന്നീ ഉത്സവതരംതിരിവുകളിലൊന്നും ഇവിടത്തെ ഉത്സവത്തെ പൂര്‍ണമായി പെടുത്താനാവില്ല.

kottiyoorനാട്ടുവഴക്കത്തിന്റെ സ്വത്വഭൂമി: പ്രാട്ടര/കോട്ടയം സ്വരൂപത്തിലെ സമസ്ത ജനവിഭാഗങ്ങളും ഉത്സവകാലത്ത് എല്ലാ പ്രവൃത്തികളും മാറ്റിവെച്ച് കൊട്ടിയൂര്‍ ഉത്സവനടത്തിപ്പിന് തങ്ങളില്‍ ഓരോരുത്തരിലും അര്‍പ്പിതമായ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതില്‍ ബദ്ധശ്രദ്ധരാണ്.
''അപ്പിരാട്ടരകാര്‍ക്ക
രുദ്രചിന്തയില്ലാതെ
അല്‍പ്പവും വ്യാപാരങ്ങള്‍
മറ്റില്ലെന്നറിഞ്ഞാലും
സപ്താംഗ ദിനങ്ങളിലപ്പിരാട്ടര ഭൂമി
കൊത്തിക്കിളക്കുന്നാര്‍ക്കുമൊട്ടുമേ ചെയ്തുകൂടാ
കാട്ടില്‍ കരിച്ചുകൂടാ നാട്ടില്‍ വിതച്ചുകൂടാ
കാട്ടിക്കൂടാ കരി കൈക്കോട്ടാദി നിലത്തെണ്ടും
ഇപ്പിരാട്ടിര ഭൂമൌ നിക്ഷേപമുണ്ടെന്നാലും
സപ്താംഗദിനങ്ങളില്‍
കൊത്തുന്ന കാര്യം വര്‍ജ്ജ്യം''
(ദക്ഷിണകാശി മാഹാത്മ്യം, മാനന്തേരി മഠത്തില്‍ ചന്തുനമ്പ്യാര്‍)
ഇങ്ങനെ പ്രാട്ടര മുഴുവന്‍ കൊട്ടിയൂര്‍ പെരുമാളിന്റെ മഹോത്സവത്തിന് ഒരുങ്ങിനില്‍ക്കുകയാണ്. കാലോചിതമായ മാറ്റങ്ങള്‍ സംഭവിച്ചപ്പോഴും ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളിലും കര്‍മങ്ങളിലും യാതൊരു മാറ്റവും ഒരു സ്ഥാനികനും ആഗ്രഹിക്കുന്നില്ല. തങ്ങളുടെ അസ്തിത്വം കൊട്ടിയൂര്‍ പെരുമാളിന്റെ അടിയന്തരം അതേ തനിമയിലും അനുഷ്ഠാനപരതയിലും നിര്‍വഹിക്കുന്നതിലാണ് അടങ്ങിയിരിക്കുന്നത് എന്ന് ബ്രാഹ്മണര്‍മുതല്‍ കുറിച്യര്‍വരെയുള്ള കൊട്ടിയൂര്‍ കൂട്ടായ്മ തിരിച്ചറിയുന്നു.

അവര്‍ണര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സത്യാഗ്രഹവും ജാഥയും സമരങ്ങളും നടന്ന ഇതേ കേരളത്തില്‍തന്നെയാണ് ആദിവാസി വിഭാഗമായ കുറിച്യസ്ഥാനികനോട് സമ്മതം വാങ്ങി അദ്ദേഹം കാണിച്ച വഴികളിലൂടെ അദ്ദേഹത്തിന്റെ പിന്നാലെ ചെന്ന് ഭഗവത്‌സന്നിധിയില്‍ നമ്പൂതിരി പ്രവേശിക്കുന്ന കൊട്ടിയൂരും.. ക്ഷേത്രപ്രവേശന വിളംബരത്തെ തുടര്‍ന്ന് എല്ലാ ജാതിക്കാരും ഇന്ന് ഭഗവത് പ്രാര്‍ഥനയ്ക്കായി അമ്പലങ്ങളില്‍ പ്രവേശിക്കുന്നുണ്ടെങ്കിലും കൊട്ടിയൂരിന്റെ ഉത്പത്തികാലം മുതലേ ഇവരെല്ലാം അടിയന്തരക്കാരാണ്. ഉത്സവച്ചിട്ടകള്‍ രൂപംകൊണ്ട കാലനിര്‍ണയം അസാധ്യമാണെങ്കിലും അന്നിവിടെ നിലവിലുണ്ടായിരുന്ന എല്ലാ സമുദായങ്ങള്‍ക്കും സവര്‍ണാവര്‍ണ മതവ്യത്യാസമില്ലാതെ കടമകള്‍ ഏല്‍പ്പിച്ചരീതി സാംസ്‌കാരിക ജനാധിപത്യത്തിന്റെ ഉജ്ജ്വല മാതൃകയാണ്.

ഉത്സവച്ചടങ്ങുകളുടെ കേന്ദ്രബിന്ദുവായ മണിത്തറയിലെ ഉഗ്രവേദിയില്‍ ആഢ്യബ്രാഹ്മണര്‍ ഇരുന്ന് ദൈനംദിനപൂജാദികര്‍മങ്ങള്‍ നടത്തുന്ന സമയത്തുപോലും അതേ വേദിയില്‍ വെച്ചുതന്നെ സമസ്ത ഭക്തരും പനയൂര്‍ നമ്പൂതിരിയില്‍നിന്നും തീര്‍ഥവും പ്രസാദവും സ്വീകരിക്കുകയും കാണിക്കയര്‍പ്പിക്കുകയും ചെയ്യുന്നു. വൈദികബ്രാഹ്മണരും കഴകക്കാരും പന്തക്കിടാങ്ങളും തിരുവന്‍ചിറയില്‍ ശയനപ്രദക്ഷിണം ചെയ്യുന്നവരും മുങ്ങിനിവരുന്നത് 'കടാരക്കുണ്ട്' എന്നറിയുന്ന ഒരു തീര്‍ഥക്കുണ്ടില്‍നിന്നാണ്. മുന്‍തീര്‍പ്പനുസരിച്ച് വ്രതനിഷ്ഠയോടെ പെരുമാളിന്റെ അടിയന്തിര നടത്തിപ്പിനായി പല സമുദായക്കാര്‍ എഴുന്നള്ളിച്ചെത്തിക്കുന്ന പദാര്‍ഥങ്ങളെല്ലാം പുണ്യാഹം തളിച്ച് ശുദ്ധമാക്കി നമ്പൂതിരി സ്വീകരിക്കുന്ന പതിവ് ഇവിടെയില്ല.

പാലമൃത്കാരായ നായന്മാരെ ആനയിച്ചു കൊണ്ടുപോയി വിഭവസമൃദ്ധമായ സദ്യവിളമ്പി കുടിനീര് വീഴ്ത്തിക്കൊടുക്കുന്നത് നമ്പൂതിരിയാണ്. 'വറ്റടി' ദിവസം അക്കരെസന്നിധാനം ഒറ്റപ്പിലാനെ ഏല്പിക്കുന്നതിന്റെ പ്രതീകമായി അന്നത്തെ ഒറ്റച്ചെമ്പ് നിവേദ്യം നീക്കിവെച്ച് തിരിഞ്ഞുനോക്കാതെ പടിഞ്ഞിറ്റ നമ്പൂതിരി അക്കരെയില്‍നിന്ന് മടങ്ങുന്നു. അടുത്ത വൈശാഖോത്സവംവരെ ഈ സങ്കേതം ഒറ്റപ്പിലാന്റെ കൈകളില്‍ പൂര്‍ണസുരക്ഷിതമാണെന്ന ഉറച്ചവിശ്വാസത്തിലും ഉറപ്പിലുമാണ് അദ്ദേഹത്തിന്റെ മടക്കയാത്ര. ഇത്തരത്തില്‍ ഉത്സവകാലത്ത് നടക്കുന്ന ചടങ്ങുകളെല്ലാം തെളിയുന്നത് ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ജാതിചിന്തകള്‍ക്കും തൊട്ടുകൂടായ്മയ്ക്കും കണ്ടുകൂടായ്മക്കും പെരുമാളിന്റെ സങ്കേതത്തില്‍ സ്ഥാനമില്ല എന്നാണ്.

വാമൊഴി വഴക്കങ്ങള്‍

വേദാധികാരികളായ ആഢ്യബ്രാഹ്മണനോ വനവാസികളായ കാടന്‍ കുറിച്യനോ ഇടനിലക്കാരായ നായര്‍പ്രമാണിയോ ആരായാലും കൊട്ടിയൂരില്‍ ഇവര്‍ക്കുള്ള സ്ഥാനപ്പേരുകള്‍ സംസ്‌കൃത ശൈലി തൊട്ടുതീണ്ടാത്ത പച്ച മലയാളമാണ്. പൂവാ..... എന്ന് വിളിക്കുമ്പോഴേക്കും വാഴയിലകൊണ്ട് വായ മൂടിക്കെട്ടി നമ്പീശന്‍ ഓലക്കുടയില്‍ പൂജപൂക്കളുമായി എത്തുന്നതും 'വറ്റാ' എന്ന് വിളിക്കുമ്പോള്‍ മുഖമണ്ഡപം വറ്റ് പെറുക്കിവൃത്തിയാക്കാന്‍ വറ്റന്‍ നമ്പൂതിരിയെത്തുന്നതും അവിടത്തെ ഒരു വിളക്കിലെയും ഒറ്റത്തിരിപോലും കെട്ടുപോകാതെ 'വിളക്കന്‍' സൂക്ഷിക്കുന്നതും പെരുമാളിന്റെ കലവറ സൂക്ഷിപ്പുകാരനായ ആഢ്യന്‍ നമ്പൂതിരി മച്ചന്‍ എന്ന സ്ഥാനികപ്പേര് ജന്മസൗഭാഗ്യമായി കരുതുന്നതും അടിയന്തരയോഗത്തിന് ആളെ തേടിപ്പിടിച്ച് കൊണ്ടുവരുന്ന തേടന്‍ വാര്യരും, കോരിച്ചൊരിയുന്ന ഇടവപ്പാതിയിലും പെരുമാളിന്റെ ശീവേലിക്ക് പന്തം കെടാതെ സൂക്ഷിക്കുന്ന പന്തക്കിടാങ്ങളും, അടിയന്തരയോഗത്തിനുപോലും പിഴപ്പിക്കാനധികാരമില്ലാത്ത പടിഞ്ഞിറ്റയും ഇവിടുത്തെ മാത്രം സ്ഥാനീകരാണ്.

ഓച്ചറും ഉറക്കനും തൃക്കടാരിയും വിളിപ്പനും തളിപ്പനും, എല്ലാം കൂടിയൂരിലെ മാത്രം അവകാശികള്‍. പെരുമാളുടെ തട്ടിന്‍പുറത്തുനിന്ന് അടിയന്തരയോഗം കല്‍പ്പിച്ചുനല്‍കുന്ന ലാളിത്യവും ഗ്രാമ്യതയും മലയാളിത്തവും നിറഞ്ഞുതുളുമ്പുന്ന ഈ സ്ഥാനപ്പേരുകള്‍ ഓരോ സ്ഥാനികനും ജന്മാന്തരപുണ്യമായി കരുതുന്നു. നെയ്യമൃതോ ഇളനീരോ കളഭമോ പഞ്ചഗവ്യമോ എന്തായാലും തമ്പാച്ചിക്ക് അഭിഷേകത്തിനേക്കാള്‍ ഇഷ്ടം ആട്ടമാണ്. ഇവിടുത്തെ മണിത്തറയും തിടപ്പള്ളിയും പുണ്യാഹശുദ്ധമാക്കലല്ല, 'വടിച്ചുവെടിപ്പാക്കലേ'യുള്ളൂ.

നെയ്യാട്ടവും ഇളനീരാട്ടവും

kottiyoorകൊട്ടിയൂരിലെ പ്രധാനപ്പെട്ട രണ്ടഭിഷേകങ്ങളാണ് നെയ്യാട്ടവും ഇളനീരാട്ടവും. നെയ്യും, ഇളനീരും ഇവിടെ എത്തിക്കുന്നതിന് ചമയങ്ങളും അണിയലുകളും ആകുന്നത് പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന കവൂള്‍, ചകിരി, കൈത എന്നിവയുടെ നാരുകളും, കവുങ്ങിന്‍ പൂക്കുല, കവുങ്ങിന്‍ പാള, പനംതണ്ട് തുടങ്ങിയവയും ആണ്. മൂന്നാരാധനയ്ക്കും ആവശ്യമായ 'പഞ്ചഗവ്യതോപ്പുകള്‍'- പാലമൃത്- ഇവിടെ എത്തിക്കുന്നത് മുളംതണ്ടുകളിലും വാഴയിലപ്പൊതികളിലുമാണ്.

കൊട്ടിയൂരിലെ അടിയന്തരക്കാര്‍ക്ക് പട്ടുകുടകളും അലങ്കാരകുടകളും നിഷിദ്ധമാണ്. മറിച്ച് പനയോലകൊണ്ടുണ്ടാക്കുന്ന കാക്കുടയൊ, തലക്കുടയൊ, പാളത്തൊപ്പിയൊ, ഇലക്കുമ്പിളൊ മാത്രമേ പാടുള്ളൂ. ജന്മസമുദായം മുതലുള്ള സകല അടിയന്തരക്കാരുടെയും സ്ഥാനചിഹ്നം കാട്ടിലെ ചൂരല്‍വടിയൊ ചൂരല്‍വളയങ്ങളൊ ആണ്. ഭക്ഷണവിഭവങ്ങളും ഭക്ഷണം കഴിക്കുന്ന രീതിയും പരമ്പരാഗത ചിട്ടയില്‍തന്നെയാണ്. കേരളീയ ഗ്രാമസംസ്‌കൃതിയുടെ ചക്കമുറിയായി കൊട്ടിയൂര്‍ വ്രതക്കാരുടെ 'കഞ്ഞികുടി' നമ്മുടെ മുന്നിലുണ്ട്, രുചിയായും ഭക്തിയായും.

ഓടക്കാട്ടച്ഛന്റെ ശ്രീകോവിലാകട്ടെ ഓടയും ഞെട്ടിപ്പനയോലയും കൊണ്ട് താത്കാലികമായി കെട്ടിയുണ്ടാക്കിയതാണ്. അമ്മാറക്കലാവട്ടെ അതുമില്ല. ശ്രീകോവിലിനു പകരം വലിയ ഒരു ഓലക്കുട മാത്രം. വൈശാഖോത്സവത്തിലെ അവസാന ചടങ്ങ് ചന്ദ്രശേഖരന്‍ മാവിന്റെ ചുവട്ടില്‍നിന്ന് കിളച്ചെടുക്കുന്ന മണ്ണ് നാളത്തില്‍ നിറച്ച് സ്വയംഭൂ അനാവരണം ചെയ്യലാണ്. അടുത്തവര്‍ഷം ചോതിവിളക്ക് തെളിയുന്നതുവരെ പെരുമാള്‍ ഈ മണ്‍പുറ്റിനുള്ളില്‍ സമാധിസ്ഥനാണ്. വൈശാഖോത്സവത്തിന് ചോതിവിളക്ക് തെളിയിക്കുന്നത് മണ്‍താലങ്ങളിലാണ്. തൃക്കലശാട്ടിനാവട്ടെ തേങ്ങമുറികളാണ് വിളക്കാവുന്നത്. മേലാള കീഴാള ഭേദമില്ലാതെ പെരുമാളിന്റെ അടിയന്തരക്കാര്‍ താമസിക്കുന്നത് കാട്ടില്‍ സുലഭമായി ലഭിക്കുന്ന ഓടയും മരങ്ങളും ഓലയും കാട്ടുവള്ളികളും ഉപയോഗിച്ച് മൂന്നുദിവസംകൊണ്ട് കെട്ടിയുണ്ടാക്കുന്ന കയ്യാലകളിലാണ്.

കൊട്ടിയൂര്‍ ദര്‍ശനത്തിന്റെ പ്രത്യക്ഷ ലക്ഷണം ഓടക്കാട്ടച്ഛന്റെ ഓടപ്പൂവാണ്. വിഷുകഴിഞ്ഞാല്‍ പ്രാട്ടരദേശത്ത് വിരുന്നെത്തുന്ന ദേശാടനക്കിളിപോലും പാടുന്നത് ''ഇപ്പം പുറപ്പെട്ടോ, കൊട്ടിയൂരൂട്ടുണ്ട്/ഒക്കെ പുറെപ്പട്ടോ കൊട്ടിയൂരൂട്ടുണ്ട്'' എന്നാണ്. കാടനോ നാടനോ കീഴാളനോ ആഢ്യനോ അവര്‍ ആരുമാകട്ടെ, കൊട്ടിയൂര്‍ തമ്പാച്ചി/തമ്പായിയുടെ കാര്യംവരുമ്പോള്‍ മുന്‍കൂട്ടിയുള്ള അറിയിപ്പിനോ ക്ഷണത്തിനോ കാത്തുനില്‍ക്കാതെ അറിഞ്ഞെത്തി, പൂര്‍വകാലത്തെന്നോ ഉണ്ടായ തീര്‍പ്പനുസരിച്ച് തങ്ങളുടെ സമുദായത്തിലൊ, തറവാട്ടിലൊ നിക്ഷിപ്തമായ കൃത്യനിര്‍വഹണത്തിന് ഒരുമിച്ച് ഒരു മനസ്സായി ഓരോരുത്തരെയും സന്നദ്ധമാക്കുന്ന മനോവികാരമാണ് കൊട്ടിയൂര്‍ കൂട്ടായ്മയിലൂടെ പ്രകടമാകുന്നത്.