കൊട്ടിയൂർ: ദർശനപുണ്യം തേടി ആയിരങ്ങളെത്തുന്ന വൈശാഖോത്സവത്തിന്റെ ഈ വർഷത്തെ അവസാന ആരാധനയായ രോഹിണി ആരാധന തിങ്കളാഴ്ച നടക്കും. മഹോത്സവത്തിലെ സവിശേഷ ചടങ്ങായ ആലിംഗന പുഷ്പാഞ്ജലി രോഹിണി ആരാധനാദിനത്തിലാണ് നടക്കുക. പെരുമാൾ വിഗ്രഹത്തെ ആലിംഗന പുഷ്പാഞ്ജലി നടത്തുന്ന ചടങ്ങാണിത്. മഹോത്സവ ചടങ്ങിന്റെ ഭാഗമായി അഞ്ചിന് തിരുവാതിര ചതുശ്ശതം, ആറിന് പുണർതം ചതുശ്ശതം, എട്ടിന് ആയില്യം ചതുശ്ശതം, ഒൻപതിന്‌ മകം കലംവരവ്, 12-ന്‌ കലശപൂജ, അത്തം ചതുശ്ശതം, വാളാട്ടം എന്നിവ നടക്കും. 13-ന് തൃക്കലശാട്ടോടെ ഉത്സവം സമാപിക്കും.

വൻ ഭക്തജനത്തിരക്ക്

മഹോത്സവത്തിൽ പങ്കെടുക്കാൻ ശനിയാഴ്ചയും ആയിരങ്ങൾ കൊട്ടിയൂരിലെത്തി. പുലർച്ചെ മുതൽ തിരക്ക് തുടങ്ങി. ഉച്ചയോടെ കൂടുതൽ ഭക്തരെത്തി. പ്രസാദം വാങ്ങാനുള്ള നിര കിഴക്കേനടയിൽ മന്ദംചേരിയിലെ ബാവലിപ്പുഴയ്ക്കരികെവരെ നീണ്ടു. കഴിഞ്ഞ ദിവസങ്ങളിലും രാവിലെ ഭക്തജനങ്ങളുടെ തിരക്കനുഭവപ്പെട്ടിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തർക്ക് കുടിവെള്ളം ഉൾപ്പെടെ സേവനങ്ങളെത്തിക്കുന്നതിനും കൊട്ടിയൂർ ദേവസ്വം പ്രത്യേക വൊളന്റിയർമാരെ നിയമിച്ചിട്ടുണ്ട്.

കൂടുതൽ ഭക്തജനങ്ങൾ എത്തിയതോടെ സ്വർണക്കുടം, വെള്ളിക്കുടം വഴിപാടുകളുടെ എണ്ണവും വർധിച്ചു. എൺപതിലേറെ സ്വർണക്കുടം, വെള്ളിക്കുടം സമർപ്പണം നടന്നു.

Content Highlights: Kottiyoor Temple 2019