കോവിഡ് മഹാമാരിക്കിടെ കരുതലോടെ ദീപാവലി ആഘോഷിക്കുകയാണ് രാജ്യം. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വീടുകൾക്കുള്ളിൽ തന്നെ ആഘോഷങ്ങൾ ചുരുക്കുകയാണ് ഇക്കുറി. രാജ്യം മുഴുവൻ ലളിതമായി ദീപാവലി ആഘോഷിക്കുന്നതിനിടയിൽ ശ്രദ്ധേയമാവുകയാണ് ക്രിക്കറ്റ്താരം വിരാട് കോലി പങ്കുവച്ച വീഡിയോ. ദീപാവലി ആശംസയ്ക്കൊപ്പം മഹത്തായ ഒരു സന്ദേശവും പകർന്നുകൊണ്ടാണ് വിരാട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

പ്രകൃതിയെ ഹനിക്കാതെ ദീപാവലി ആഘോഷിക്കാമെന്ന ആശയമാണ് വിരാട് പങ്കുവെക്കുന്നത്. അതിനായി പടക്കം പൊട്ടിക്കാതിരിക്കാം എന്നു പറയുകയാണ് അദ്ദേഹം. വീടുകൾക്കുള്ളിൽ ചെറിയ വിളക്കുകളും മധുരങ്ങളുമായി ഇത്തവണത്തെ ദീപാവലി ആഘോഷമാക്കാം എന്നാണ് കോലി പറയുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Virat Kohli (@virat.kohli)

നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ദീപാവലി ആശംസകൾ. ഈ ദീപാവലിയിൽ സമാധാനവും സന്തോഷവും സമൃദ്ധിയും പകർന്ന് ദൈവം നിങ്ങളെ അനു​ഗ്രഹിക്കട്ടെ. ഒരു കാര്യം മാത്രം മറക്കരുത്, അന്തരീക്ഷത്തെ സംരക്ഷിക്കാൻ പടക്കം പൊട്ടിക്കാതിരിക്കാം. നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കൊപ്പം ചെറിയ വിളക്കുകളും മധുരപലഹാരവുമായി വീടുകൾക്കുള്ളിൽ തന്നെ ദീപാവലി ആഘോഷിക്കാം- കോലി പറയുന്നു. 

കോലിയെക്കൂടാതെ വീരേന്ദർ സേവാ​ഗ്, വിവിഎസ് ലക്ഷ്മൺ, ​ഗൗതം ​ഗംഭീർ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും തങ്ങളുടെ ആരാധകർക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ മാത്രമല്ല ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും ദീപാവലി ആശംസ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലുള്ള എല്ലാ സുഹൃത്തുക്കൾക്കും ദീപാവലി ആശംസകൾ എന്നാണ് വാർണർ കുറിച്ചത്. 

Content Highlights: Virat Kohli Diwali Wishes Video Diwali 2020