കോഴിക്കോട്: 81ന്റെ ചെറുപ്പമാണ് വിജയ്‌സിങ് പദംസി നെ ഗാന്ധിക്ക്. കോഴിക്കോട്ടെ ഗുജറാത്തി സമൂഹത്തിലെ ഏറ്റവും മുതിര്‍ന്ന പൗരന്മാരിലൊരാള്‍.

ഒന്‍പതാം വയസ്സില്‍ അച്ഛന്‍ പുരുഷോത്തംദാസ് പദംസിയ്‌ക്കൊപ്പം കോഴിക്കോടെത്തി. പിന്നെ ഇന്നാട്ടുകാരനായി. മലയാളം വായ്‌മൊഴിയായി. നാടറിയുന്ന മലബാര്‍ പ്രൊഡ്യൂസ് മര്‍ച്ചന്റായി. സ്വന്തം സ്ഥാപനമായി. ഓടുമുതല്‍ മലഞ്ചരക്കുവരെ കടല്‍കടന്നു. രണ്ടുമക്കളും ഉത്തരേന്ത്യയിലേക്കുപോയിട്ടും ഭാര്യയുമൊത്ത് കോഴിക്കോട്ടുതന്നെ കഴിയുകയാണ് വിജയ്‌സിങ്. വയോജനങ്ങളെ ഇത്ര സ്‌നേഹിക്കുന്ന നഗരം ലോകത്തൊരിടത്തുമില്ലെന്ന് സാക്ഷ്യമൊഴി. ഇവിടം വിടാന്‍ മനസ്സനുവദിക്കുന്നില്ല.

ഗുജറാത്തി വര്‍ഷത്തിന്റെ അവസാനനാളായ ദീപാവലിയില്‍ 500 കൊട്ട മിഠായിവരെ മുമ്പ് വിതരണം ചെയ്തിട്ടുണ്ട് ഈ വലിയമനുഷ്യന്‍. ഒരു കൊട്ടയില്‍ അരക്കിലോ മധുരം. അക്കാലത്തെ വില ഒരു കൊട്ടയ്ക്ക് എട്ടണ. സമൃദ്ധിയുടെ അക്കാലം പിന്നെ ചുരുങ്ങിവന്നു. 1957ല്‍ തുടങ്ങിയ വാണിജ്യവിജയം ഇപ്പോള്‍ പേരിനുമാത്രമായി.

ആര്‍ച്ചുകളും അലങ്കാരങ്ങളും കൊണ്ട് ജഗപൊകയായിരുന്നു അന്ന് ദീവാളി. ഗുജറാത്തി തെരുവിനു മാത്രമായിരുന്നില്ല ഉത്സവച്ഛായ. പടക്കങ്ങള്‍ മുഖരിതമാക്കുന്ന അന്തരീക്ഷം. ഇന്ന് ഉത്സവമില്ല. 'മനസ്സുകളില്‍ ആഹ്ലാദമുള്ളപ്പോഴും കൈയില്‍ പണമുള്ളപ്പോഴും ആളുകള്‍ക്ക് സമയമുള്ളപ്പോഴും മാത്രമേ സമൂഹത്തില്‍ ഉത്സവാഘോഷമുണ്ടാവൂ'വിജയ്‌സിങ് പറഞ്ഞു. നൊമ്പരം നിഴലിക്കുന്ന മുഖത്തോടെ.

മുമ്പ് മലബാര്‍ ചേംബറിന്റെ സെക്രട്ടറിയായിട്ടുണ്ട് ഇദ്ദേഹം. അക്കാലത്തൊക്കെ ഉല്പന്നം, പണം, ലാഭം, സന്തോഷം എന്നിവ ചേര്‍ന്നതായിരുന്നു കച്ചവടം. ഇന്ന് സമവാക്യം മാറി. കടം, ബാങ്ക് ബാദ്ധ്യത, തലവേദന, ഭാഗ്യപരീക്ഷണം എന്നിവ ചേര്‍ന്നതാണ് ബിസിനസ്. പതിറ്റാണ്ടുകളുടെ പരിചയം സമ്മാനിച്ചതാണ് ഈ കാഴ്ചപ്പാട്. അനുഭവം ഉള്‍ച്ചേര്‍ന്ന അറിവ്.

ദീപാവലി ഉത്സവത്തിന് സ്ഥാപനങ്ങളിലേക്ക് ഗുജറാത്തില്‍നിന്ന് പൂജാരിമാരെ ക്ഷണിച്ചുവരുത്തിയ കാലം പോലുമുണ്ടായി. ഇന്നിപ്പോള്‍ പെന്‍ഡ്രൈവില്‍നിന്നോ മൊബൈലില്‍നിന്നോ കേള്‍ക്കുന്ന മന്ത്രധ്വനിക്കൊത്തായി പൂജ. ദീപാവലിക്ക് ഒരുമാസം മുമ്പേ മുതല്‍ തെരുവ് വൃത്തിയാക്കും. വീട് പെയിന്റ് ചെയ്യും. പ്രിയപ്പെട്ടവരെയെല്ലാം ക്ഷണിക്കും.

ഗുജറാത്തിലെ രാംനഗറാണ് പദംസിയുടെ ജന്മനാട്. പോര്‍ബന്തറില്‍ നിന്ന് 70 കിലോ മീറ്റര്‍. ഇന്നിപ്പോള്‍ വീട്ടില്‍ ഗുജറാത്തി സംസാരിക്കുന്നുവെന്നതൊഴികെ അടിമുടി മലയാളി. മലയാളി ഭക്ഷണം ഇഷ്ടമായി.

മുമ്പൊക്കെ ഗുജറാത്തി ഭക്ഷ്യവിഭവങ്ങളായ മേഷൂഖ്, ഛോട്ടിയ, ഉല്ദ്യാ, ബൂന്തി, മോത്തി ചൂര്‍ ലഡു ഒക്കെ ദീപാവലിക്ക് വീട്ടിലുണ്ടാക്കുമായിരുന്നു. കോഴിക്കോടിന്റെ ഹല്‍വയും കേസരിയും വേണ്ടത്ര ഒപ്പുമണ്ടാവും. അന്ന് രണ്ട് സംസ്‌ക്കാരങ്ങള്‍ എന്റെ നാവിലും വീട്ടിലും കൂടിച്ചേര്‍ന്നു നിറദീപം പോലെ ചിരിച്ചാണ് വിജയ്‌സിങ് പറയുന്നത്.

Content Highlights: vijay singh from gujarathi street calicut sharing memories