ദീപം തെളിക്കാതെയും പടക്കം പൊട്ടിക്കാതെയുമായിരുന്നു എക്കാലത്തും ഞങ്ങളുടെ ദീപാവലിയാഘോഷം. ആഘോഷങ്ങള്‍ പോലും ആരെയും ഉപദ്രവിക്കുന്ന രീതിയില്‍ പാടില്ലെന്നാണ് ജൈനമതം അനുശാസിക്കുന്നത്. കുട്ടിക്കാലം മുതല്‍ ഞങ്ങളൊക്കെ അത് ശീലമാക്കി. സാധാരണഗതിയില്‍ ദീപാവലി വരുമ്പോള്‍ എല്ലായിടത്തും പടക്കം പൊട്ടും. മിക്ക വീടുകളിലും നിറയെ ദീപങ്ങളുണ്ടാകും. അതില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ ആഘോഷമെന്ന് അന്നേ ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു.
ദീപാവലി ഗുജറാത്തികള്‍ക്ക് ദേശീയ ഉത്സവമാണ്. ദീപാവലി പിറ്റേന്നാണ് പുതുവര്‍ഷപ്പിറവി. മനസ്സിന് ആഹ്ലാദം നല്‍കുന്ന സന്ദര്‍ഭമാണത്. പുതിയ വസ്ത്രം ഉടുക്കല്‍ എല്ലാ ഗുജറാത്തികള്‍ക്കും നിര്‍ബന്ധമാണ്. കുട്ടിക്കാലത്ത് പുതിയ വസ്ത്രം ലഭിച്ചിരുന്നതും ദീപാവലിക്കാലത്താണ്. ഇന്നും ഈ രീതിക്ക് മാറ്റമില്ല. മധുരം നിറഞ്ഞ 'ഗുഗ്‌റ' എന്ന വിഭവമാണ് ഗുജറാത്തികള്‍ ദീപാവലി നാളില്‍ വീട്ടില്‍ ഉണ്ടാക്കുന്നത്. ഗാട്ടിക, പേട, ഹല്‍വ എന്നിവയുമുണ്ടാക്കും. പണ്ടൊക്കെ ഒരാഴ്ച മുമ്പ് തന്നെ ഇതൊക്കെ വീട്ടില്‍ തയ്യാറാക്കും. ജിലേബി ചൂടോടെ കഴിക്കണം. അതുകൊണ്ട് അത് പുറത്തുനിന്ന് വാങ്ങും. ദീപാവലി നാളില്‍ രാവിലെ ഗാട്ടികയും ജിലേബിയും ചേര്‍ത്താണ് കഴിക്കുക.
പടക്കം പൊട്ടുമ്പോള്‍ അന്തരീക്ഷത്തിലെ സൂക്ഷ്മാണുക്കള്‍ക്ക് വലിയ രീതിയില്‍ നാശമുണ്ടാകും. വലിയ ശബ്ദം പോലും സൂക്ഷ്മാണുക്കളുടെ നാശത്തിന് കാരണമാകും. അതുകൊണ്ടാണ് പടക്കം പൊട്ടിക്കുന്ന ആഘോഷം ജൈനസമൂഹം വിലക്കുന്നത്. വിളക്കുകളുടെ കാര്യത്തിലും ഇതുതന്നെയാണ് സങ്കല്‍പ്പം. ഒരു വിളക്ക് തെളിക്കുമ്പോള്‍ ആ നാളത്തിലേക്കു വീണ് സൂക്ഷ്മജീവികള്‍ നശിക്കും. അതുകൊണ്ട് ദീപം തെളിക്കുന്നത് ജൈന മതവിശ്വാസം അനുവദിക്കുന്നില്ല. ഇനി ദീപം തെളിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ വിളക്കിന് ചില്ലുകൊണ്ടുള്ള മറ വേണം. പഴയകാലത്തെ ചിമ്മിനി വിളക്കിനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ വിളക്കുകള്‍ തയ്യാറാക്കി ചിലരെങ്കിലും കത്തിക്കുന്നുണ്ട്. ദീപാവലി നാളില്‍ ഞങ്ങളും ഇത്തരത്തിലൊരു ദീപം തെളിക്കും. ഒരു ജീവിക്കും ജീവന്‍ നഷ്ടപ്പെടാതെയുള്ള ദീപം തെളിക്കലാണത്.
ഭഗവാന്‍ വര്‍ധമാന മഹാവീര്‍ നിര്‍വാണം പ്രാപിച്ച ദിവസമാണ് ദീപാവലി. അതുകൊണ്ട് ജൈന സമൂഹത്തിന് അത് പ്രാര്‍ഥനകളുടെ ദിവസം കൂടിയാണ്. ദീപാവലി നാളില്‍ രാത്രി ജൈന സമൂഹം ക്ഷേത്രത്തില്‍ ഒത്തുചേരും. അവിടെ ഞങ്ങളുടെ സമൂഹ പ്രാര്‍ഥനകളുണ്ടാകും.
ഗുജറാത്തി വംശജനാണെങ്കിലും ഞാന്‍ ജനിച്ചത് കൊച്ചിയിലാണ്. 59 വര്‍ഷമായി കൊച്ചിയില്‍ ജീവിക്കുന്നു. എല്ലാ കാലത്തും ദീപാവലിയാഘോഷവും കൊച്ചിയിലായിരുന്നു. ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് മറ്റുള്ളവരോട് പറയും.
കഴിയാവുന്നത്ര ആളുകളോട് പടക്കം പൊട്ടിക്കരുതെന്ന് പറയാനാണ് കുട്ടിക്കാലം മുതല്‍ ശീലിച്ചത്. എന്റെ കുട്ടികളെയും അത് പഠിപ്പിച്ചു. പില്‍ക്കാലത്ത് പടക്കം പൊട്ടിക്കാത്ത കുട്ടികള്‍ക്ക് സമ്മാനം കൊടുത്തു തുടങ്ങി. ഇപ്പോഴും അതൊക്കെ തുടരുന്നു.
നമ്മുടെ ജീവിതം ഒരു പ്രാണിക്കു പോലും വേദനയുണ്ടാക്കരുതെന്നാണ് ജൈന മത സിദ്ധാന്തം. പറയാനെളുപ്പമാണെങ്കിലും അതു പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാണ്. രാവിലെ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ഒരു പക്ഷിക്കെങ്കിലും ആഹാരം കൊടുക്കണം. ആഹാരത്തിന്റെ ഒരു തരി പോലും പാഴാക്കരുത്. കഴിക്കാന്‍ കഴിയുന്നതു മാത്രം പാത്രത്തില്‍ സ്വീകരിക്കുക. കൂടുതലായി ഭക്ഷണം വാങ്ങിച്ച് അത് പാഴാക്കി കളയാതിരിക്കുക. ഇതൊക്കെ ജൈന മതസ്ഥര്‍ കുട്ടിക്കാലത്ത് ശീലിക്കുന്നതാണ്. ഏത് ആഘോഷമാണെങ്കിലും ഭക്ഷണത്തിന്റെ ഒരു തരി വെറുതെ കളയേണ്ടി വന്നാല്‍ ആഘോഷത്തിന്റെ മാധുര്യം നഷ്ടമാകും. അതുകൊണ്ട് കഴിക്കാന്‍ ഒരു ലഡു എടുക്കുമ്പോള്‍ പോലും ഒരു നിമിഷം ആലോചിക്കും.
മുഴുവന്‍ കഴിക്കാന്‍ കഴിയുമെങ്കില്‍ മാത്രം അതെടുക്കും. ഇഷ്ടമുള്ളതൊക്കെ ത്യജിക്കലും ആഘോഷത്തിന്റെ ഭാഗമാണ്. എല്ലായിടത്തും വിളക്കുകള്‍ തെളിയുമ്പോള്‍, കാത് തുളയ്ക്കുന്ന ശബ്ദത്തോടെ പടക്കം പൊട്ടുമ്പോള്‍, വിളക്ക് തെളിക്കാതെ, പടക്കം പൊട്ടിക്കാതെയുള്ള ആഘോഷം. അതിന്റെ ആഹ്ലാദം ഒരിക്കലും പറഞ്ഞറിയിക്കാനാവില്ല.
Content Highlights: Mukesh Jain about Diwali Celebration Diwali 2020