പാവ്ബാജി, ഭേല്‍പൂരി, പേഡകള്‍, രസഗുള തുടങ്ങിയ ഭക്ഷണങ്ങള്‍ നമ്മുടെ തീന്മേശയിലിടം നേടിയിട്ട് അധിക കാലമായില്ല. ഉത്തരേന്ത്യന്‍ രീതിയിലുള്ള ഈ ഭക്ഷണങ്ങള്‍ നമ്മുടെ ഇഷ്ടവിഭവങ്ങളുടെ കൂട്ടത്തില്‍ ഇടം നേടിയത് ഭായിമാര്‍ സജീവമായതോടെയാണ്. അതുപോലെ ഇവര്‍ക്കാവശ്യമുള്ള സാധനങ്ങളും വിപണികളിലിടം പിടിച്ചു.

സോയാബീന്‍, മുള്ളങ്കി, പനീര്‍ തുടങ്ങിയ ഭക്ഷ്യസാധനങ്ങള്‍ക്കൊപ്പം മുറുക്കാന്‍, മൊബൈല്‍ ഫോണ്‍, ഇയര്‍ ഫോണുകള്‍ എന്നിവ വില്ക്കുന്ന കടകളിലും ഇവരുടെ തിരക്ക് വര്‍ധിച്ചു. ഹിന്ദിക്കാര്‍, ബംഗാളികള്‍ എന്നൊക്കെ വിളിച്ചിരുന്നവര്‍ പതിയെ പതിയെ ഇതര സംസ്ഥാന തൊഴിലാളികള്‍, അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നൊക്കെയായി.

അന്യരായി നാം അകറ്റി നിര്‍ത്തിയിരുന്ന ഇവരെ 'അതിഥികളാക്കി' ചേര്‍ത്തുനിര്‍ത്തിയതോടെ അവര്‍ ഈ നാടിനെ സ്വന്തം നാടുപോലെ സ്‌നേഹിക്കാന്‍ തുടങ്ങി. ജോലിക്കെത്തി മാസങ്ങള്‍ കഴിയുമ്പോള്‍ തിരിച്ച് നാട്ടിലേക്കു പോവുന്ന ഇവര്‍ വീട് വാടകയ്‌ക്കെടുത്തും സ്വന്തമായി ഭൂമി വാങ്ങി വീടുവെച്ചും കുടുംബസമേതം ഇവിടെ താമസിക്കാന്‍ തുടങ്ങി. വര്‍ഷങ്ങളുടെ പരിചയം ഇവരെ മലയാളവും പഠിപ്പിച്ചു.

ജീവിക്കാനെത്തി ജീവിതശൈലി മാറ്റിയവര്‍

കാസര്‍കോട്: മനുഷ്യരാശിയുടെ ചരിത്രത്തിന്റെ ഭാഗമാണ് കുടിയേറ്റവും പ്രവാസവും. ജീവിതം കരുപ്പിടിപ്പിക്കാനും അതിജീവനത്തിനുമായി നടത്തിയ വിവിധ പലായനങ്ങളിലൂടെയാണ് ലോകം ഇന്നുകാണുന്ന നിലയിലെത്തിയത്.

സ്വപ്നങ്ങളും കൈയില്‍പ്പിടിച്ചു നടത്തിയ ഇത്തരം യാത്രകളാണ് സംസ്‌കാരങ്ങള്‍ക്ക് ജന്മം നല്കിയതും വളര്‍ത്തിയതും. സ്വന്തം നാടുവിട്ട് ജീവിക്കാനെത്തി നമ്മുടെ ജീവിതശൈലി തന്നെ മാറ്റിയവരാണ് 'ഭായിമാര്‍' എന്ന് സ്‌നേഹത്തോടെ നാം വിളിക്കുന്ന അതിഥിത്തൊഴിലാളികള്‍. ഇവര്‍ മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണിന്ന്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ഈ കുടിയേറ്റം ശക്തമായിട്ട് അധികകാലമായിട്ടില്ല.

മുന്‌പൊക്കെ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു അധികം. റോഡരികില്‍ പൈപ്പിനു കുഴിയെടുക്കുന്ന, ടാറിന്റെ പണി ചെയ്യുന്നവരായിരുന്നു ഇവരില്‍ കൂടുതലാളുകളും. തവണ വ്യവസ്ഥയില്‍ വീട്ടുപകരണങ്ങളും വസ്ത്രവും വില്‍ക്കുന്നവരുമുണ്ട്. കാവല്‍പ്പണി നോക്കിയിരുന്ന ഗൂര്‍ഖകള്‍, പണം കടം കൊടുക്കുന്ന മാര്‍വാടികള്‍, കൊങ്കണികള്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. എന്നാലിന്ന് സംസ്ഥാന സര്‍ക്കാരിന്റെ ആവാസ് കാര്‍ഡ് സ്വന്തമാക്കിയ ലക്ഷക്കണക്കിന് അതിഥിത്തൊഴിലാളികളുണ്ട്. കൃഷി, നിര്‍മാണ മേഖല, ഹോട്ടലുകള്‍ തുടങ്ങി ബ്യുട്ടി പാര്‍ലറുകളില്‍ വരെ ഇവരെ കാണാം.

അപ്നാഘറും ശ്രമിക് ബന്ധുവും

എണ്ണത്തിലുള്ള വര്‍ധനയോടെ ഇവര്‍ ഈ നാട്ടില്‍ മാറ്റി നിര്‍ത്താന്‍ പറ്റാത്ത ഒരു സമൂഹമായി മാറി. ഇവര്‍ക്കായി ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കിത്തുടങ്ങി. ഇതില്‍ പ്രധാനപ്പെട്ടതാണ് 'അപ്നാഘര്‍' എന്ന പാര്‍പ്പിട പദ്ധതി. ആദ്യമായി സംസ്ഥാനത്തെത്തുന്ന അതിഥിത്തൊഴിലാളികള്‍ക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹായ കേന്ദ്രങ്ങളും (ശ്രമിക് ബന്ധു) തുടങ്ങി. അപകടങ്ങളില്‍ പരിക്കുപറ്റുന്നവര്‍ക്കും മരിക്കുന്നവരുടെ ആശ്രിതര്‍ക്കുമായി ആവാസ് ഇന്‍ഷുറന്‍സ് പദ്ധതിയും നിലവിലുണ്ട്.

സ്വന്തം നാടുവിട്ട് ജീവിക്കാനെത്തി നമ്മുടെ ജീവിതശൈലി തന്നെ മാറ്റിയവരാണ് 'ഭായിമാര്‍' എന്ന് സ്‌നേഹത്തോടെ നാം വിളിക്കുന്ന അതിഥിത്തൊഴിലാളികള്‍. ഇവര്‍ മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണിന്ന്.

Content Highlights:  Migrant labourers in Kerala Diwali 2020