കൊച്ചി: തക്കാ അംബട്ടും ശിംപിയാം ഖീരിയും ഗൊഡ്ഡാ ഫോവുമൊക്കെ ഇലയിലേക്കു വിളമ്പുമ്പോള്‍ ശ്രീലക്ഷ്മിയുടെ അരികില്‍ കൗതുകത്തോടെ കണ്ടുനില്‍ക്കുകയായിരുന്നു മൂന്നു വയസ്സുകാരന്‍ വൈഭവ്. ദീപാവലി വിരുന്നിന്റെ ട്രയലായി ശ്രീലക്ഷ്മി സദ്യ വിളമ്പുമ്പോള്‍ വൈഭവിനൊപ്പമുണ്ടായിരുന്ന മോഹിതും മാനവുമൊക്കെ വര്‍ണാഭമായ വസ്ത്രങ്ങളണിയുന്ന തിരക്കിലായിരുന്നു. ആഘോഷത്തിരക്കില്‍ ശ്രീലക്ഷ്മിയുടെ വല്യമ്മ വിമല ഭട്ട് പറഞ്ഞു, ''ഒവ്ന്തു ദീവാളി ഘര്‍ക്കഡേചി (ഈ വര്‍ഷം ദീപാവലി വീട്ടില്‍ തന്നെയാകട്ടെ)

ആശംസയും വീഡിയോ കോളില്‍

കോവിഡ് കാലത്ത് ദീപാവലി വരുമ്പോള്‍ വിമല ഭട്ട് പറഞ്ഞതു പോലെ വീട്ടില്‍ സുരക്ഷിതരായിരുന്ന് ആഘോഷിക്കാനാണ് എല്ലാവരും ഒരുങ്ങുന്നത്. മട്ടാഞ്ചേരിയിലെ കൊങ്കണി ഗൗഢ സാരസ്വത ബ്രാഹ്മണ സമുദായത്തിന്റെ ദീപാവലി ആഘോഷവും അങ്ങനെ തന്നെ. ചെറളായി അമ്പലത്തിനടുത്തുള്ള നിരഞ്ജന്‍ പ്രഭുവും ഭാര്യ ശ്രീലക്ഷ്മിയും മക്കളായ അമര്‍ സാഗറും ഗംഗയുമൊക്കെ വലിയ ആഘോഷത്തിന് സാധ്യതയില്ലാത്തതിന്റെ ചെറിയൊരു സങ്കടത്തിലാണ്. ''കോവിഡ് കാലത്ത് ദീപാവലി വരുമ്പോള്‍ പഴയതു പോലെ ഒത്തുചേരാന്‍ കഴിയാത്തതിന്റെ സങ്കടമുണ്ട്. അമ്പലത്തിലും ഇത്തവണ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കുറച്ചുപേര്‍ക്കു മാത്രമേ ദീപാവലി നാളിലെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയൂ. അമ്പലത്തില്‍ നിന്നു വന്ന ശേഷം മധുരവുമായി ബന്ധുക്കളെ കാണാന്‍ പോകുന്നതും ഇത്തവണ നടക്കില്ല. ഇത്തവണ വീഡിയോ കോളിലൂടെ എല്ലാവരേയും കണ്ട് ആശംസകള്‍ നേരാം...'' ശ്രീലക്ഷ്മി പറയുമ്പോള്‍ നിരഞ്ജന്‍ ചിരിയോടെ തലയാട്ടി.

ശ്രീകൃഷ്ണനും ഗൊഡ്ഡാഫോവും

ദീപാവലി നാളില്‍ കുട്ടികളെ ദീപം കാണിക്കുമ്പോള്‍ ശ്രീകൃഷ്ണനെയാണ് ഓര്‍ക്കുന്നതെന്നാണ് നിരഞ്ജന്‍ പറഞ്ഞത്. ''നരകാസുരനെ വധിച്ചു വന്ന കൃഷ്ണനെ ദീപം കാണിച്ച ഓര്‍മയിലാണ് ദീപാവലി നാളില്‍ ഞങ്ങള്‍ കുട്ടികളെ ദീപം കാണിക്കുന്നത്. ശരീരത്തിലെ മുഴുവന്‍ നെഗറ്റീവ് എനര്‍ജിയും പുറത്തേക്കു പോയി പോസിറ്റീവ് എനര്‍ജി നിറയാന്‍ ദീപക്കാഴ്ച സഹായിക്കും. ദീപം കാണിച്ച ശേഷം കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കും ഗൊഡ്ഡാഫോവ് നല്‍കും. അവിലും ശര്‍ക്കരയും എള്ളും ഏലക്കയും നെയ്യും ചേര്‍ത്തുണ്ടാക്കുന്ന വിഭവമാണ് ഗൊഡ്ഡാഫോവ്''  നിരഞ്ജന്‍ പറഞ്ഞു.

ഇഡ്ഡലിയും ജംബുളും

ദീപാവലി നാളില്‍ ഇഡ്ഡലിയാകും മിക്കവാറും പ്രഭാത ഭക്ഷണം. അതിനുശേഷം ബന്ധുക്കള്‍ക്ക് ജംബുള്‍ വിതരണം. ഞാവല്‍പ്പഴത്തിന്റെ രൂപത്തില്‍ റവയും നെയ്യും പഞ്ചസാരയും വെണ്ണയും ചേര്‍ത്തുണ്ടാക്കുന്ന വിഭവമാണ് ജംബുള്‍. ''പഴയകാലത്ത് ദീപാവലിയിലെ പ്രധാന ഇനം ജംബുളായിരുന്നു. ഇപ്പോള്‍ മറ്റു പലഹാരങ്ങളും പലരും വിതരണം ചെയ്യാറുണ്ട്. ദീപാവലി നാളില്‍ സന്ധ്യാനേരത്ത് മണ്‍ചെരാതില്‍ വിളക്ക് തെളിക്കുന്നതും വലിയ വിശ്വാസങ്ങളിലൊന്നാണ്. മണ്‍ചെരാതിലെ വിളക്കിന്റെ പ്രകാശം മരിച്ചുപോയ പിതൃക്കളിലേക്ക് എത്തുമെന്നാണ് വിശ്വാസം...'' ശ്രീലക്ഷ്മി പറഞ്ഞു.

തൈലാ അഭ്യംഗ സ്‌നാനം

തൈലാ അഭ്യംഗ സ്‌നാനം എന്നതിന്റെ അര്‍ത്ഥം അടിമുടി എണ്ണതേച്ച് കുളിക്കുക എന്നാണ്. ദീപാവലി നാളില്‍ ഞങ്ങളെല്ലാം പുലര്‍ച്ചെ എഴുന്നേല്‍ക്കും. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാവരും പുലര്‍ച്ചെ തന്നെ എണ്ണതേച്ച് കുളിക്കണമെന്നത് നിര്‍ബന്ധം. അതിനു ശേഷം ചെറിയ കുട്ടികളെ കത്തിച്ചു വെച്ച ദീപം കാണിക്കണം. അരിപ്പൊടി കുഴച്ച് മാവാക്കി അതില്‍ കുങ്കുമം ചേര്‍ത്താണ് വിളക്കില്‍ തിരി വെക്കുന്നത്. ഒരു വര്‍ഷത്തെ മുഴുവന്‍ ദൃഷ്ടിദോഷം മാറാന്‍ ഈ ദീപം കാണിക്കലിലൂടെ സാധിക്കുമെന്നാണ് വിശ്വാസം...''-  ശ്രീലക്ഷ്മി.

 

Content Highlights: konkani brahmin family from kochi about Diwali celebration Diwali 2020