കോഴിക്കോട്: വാസ്‌കോ ഡി ഗാമ കോഴിക്കോടെത്തുംമുമ്പ് ഗുജറാത്തില്‍നിന്ന് ഇവര്‍ കോഴിക്കോടെത്തി. അവരില്‍ ചിലര്‍ ഈ നാട്ടില്‍ സ്ഥിരതാമസമാക്കി. 350ഓളം വര്‍ഷംമുമ്പ് ഇവര്‍ക്കുവേണ്ടി ഇവിടെ തെരുവുണ്ടായി. ശ്രീകൃഷ്ണസ്വാമി ക്ഷേത്രമുണ്ടായി. അവര്‍ ദീപാവലിയും നവരാത്രിയും ജന്മാഷ്ടമിയും ഓണവുമൊക്കെ ആഘോഷിച്ചു. നന്മയുടെ മധുരം വേണ്ടത്ര വിതറി. കച്ചവടത്തിനെത്തിയവരെങ്കിലും സേട്ടുമാര്‍ക്ക് കോഴിക്കോടന്‍ ജീവിതം ദീപാവലി മിഠായി പോലെ ഇഷ്ടായി.

വീടുകളില്‍ രംഗോലി തീര്‍ത്തും മണ്‍ചെരാതുകള്‍ തെളിച്ചും കടകളിലും സ്ഥാപനങ്ങളിലും ലക്ഷ്മീപൂജ നടത്തിയും അവര്‍ ആഘോഷിച്ചു, ആരാധിച്ചു. ദീപാവലിക്ക് കൊട്ടകളില്‍ നിറച്ച മധുരപലഹാരങ്ങള്‍ അയല്‍ക്കാര്‍ക്കും അടുപ്പക്കാര്‍ക്കും ബന്ധുക്കള്‍ക്കും കൂലിക്കാര്‍ക്കുമൊക്കെ സമ്മാനിച്ചു. വേണ്ടത്ര.

പലഹാരത്തിന്റെ ദുനിയാവായ കോഴിക്കോട് തനത് ഗുജറാത്തി പലഹാരങ്ങളും വെയ്ക്കാനും വിളമ്പാനും വില്ക്കാനും പഠിച്ചു . രസനയുടെ വാസനയ്‌ക്കൊത്ത ഉത്തരേന്ത്യന്‍ രുചികള്‍ ഇവിടെ സാധാരണമായി. ഗുജറാത്തി പലഹാരം തയ്യാറാക്കുന്ന മലയാളികളുമുണ്ടായി. ധാന്യങ്ങളും മലഞ്ചരക്കുകളും കച്ചവടം ചെയ്യാനാണ് ഗുജറാത്തികള്‍ ആദ്യം ഉത്തരകേരളത്തിലെത്തിയത്. സാഗരങ്ങള്‍ക്കുമപ്പുറത്തു നിന്നെത്തിയ സംസ്‌ക്കാരങ്ങളുടെ നന്മകള്‍പോലും സ്വാംശീകരിച്ച മലബാര്‍ ഇവരുടെ വ്യാപാരമികവ് ഉള്‍ക്കൊണ്ടു. ആദ്യമൊക്കെ സാധനങ്ങള്‍ക്ക് പകരം സാധനങ്ങള്‍ വിപണനം ചെയ്യുന്ന ബാര്‍ട്ടര്‍ രീതിയായിരുന്നു. പിന്നെ പണം ഉപയോഗിച്ചു. അരിയും നാളികേരവും ചുക്കും കുരുമുളകും കപ്പയുമൊക്കെ പത്തേമാരികളിലും പായ്ക്കപ്പലുമകളിലുമൊക്കെ മറുനാടുകളിലേക്ക് നീങ്ങി. ചെറുപയറും കടലയും പരിപ്പും ഉള്ളിയും ഗോതമ്പുമൊക്കെ കടല്‍മാര്‍ഗ്ഗം ഇവിടെയെത്തി. ഈ വാണിജ്യസമൂഹത്തിന്റെ വര്‍ഷാന്ത്യ ഉത്സവമായിരുന്നു ദീപാവലി. ഇരുട്ടിനെ അകറ്റുന്ന ദീപങ്ങളുടെ ഉത്സവം. കുടിശികയെല്ലാം തീര്‍ത്ത് കടങ്ങളില്ലാത്ത പുതുവത്സരത്തുടക്കത്തിന്റെ ദിനം. അതിനായി അലങ്കാരങ്ങളൊരുങ്ങി.

കോഴിക്കോട് കടപ്പുറത്ത് ദണ്ഡിമാര്‍ച്ച് നടത്തിയിട്ടുണ്ട് ഗുജറാത്തി സമൂഹം. ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനിച്ച മഹാത്മാവിന്റെ ആഹ്വാനത്തിന്റെ അറബിക്കടല്‍ തീരത്തെ അലയൊലി. 1960ല്‍ ഇവിടെ 2500ലേറെ ഗുജറാത്തി കുടുംബങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ 420 കുടുംബങ്ങള്‍. 1800 പേര്‍. ഒന്നിലേറെ കുടുംബങ്ങള്‍ ഒരു കെട്ടിടത്തില്‍ ഒരുമയോടെ താമസിക്കുന്ന രീതിയുമുണ്ട്. വര്‍ഷം തോറും നവരാത്രി ഘോഷയാത്രയും ഗോവര്‍ദ്ധന പൂജയും അങ്കൂട്ട് എന്ന കൃഷ്ണാരാധനയുമൊക്കെ നടത്തുന്നു.

കടലോരത്തെ ഗുജറാത്തിത്തെരുവ്

നന്മകളുടെ നഗരമായ കോഴിക്കോടിന്റെ പൗരാണികതയുടെ അവശേഷിക്കുന്ന അടയാളങ്ങളിലൊന്നാണ് ഇന്ന് കടലോരത്തെ ഗുജറാത്തി സ്ട്രീറ്റ്. മുമ്പ് ഓരോ ദീപാവലിക്കും ഇവിടെ അസംഖ്യം വൈദ്യുതി ദീപങ്ങള്‍ തെളിയുമായിരുന്നു. സമുദായഭേദമെന്യേ കോഴിക്കോട്ടുകാര്‍ ആ ദീപപ്രഭ ആസ്വദിച്ചു. അധിക ലോഡ് മൂലം വൈദ്യുതിലൈന്‍ പവര്‍ ഓഫായ വര്‍ഷങ്ങള്‍ പോലുമുണ്ടായി.

ഇന്നിപ്പോള്‍ ഗ്രാമങ്ങളില്‍പോലും ഗുജറാത്തില്‍ നിന്നെത്തുന്ന ലോറികള്‍ ലോഡിറക്കാന്‍ തുടങ്ങിയതോടെ ഗുജറാത്തി വ്യാപാരികള്‍ക്കും ഇവര്‍ ഇടനിലക്കാരായ വ്യാപാരത്തിനും പ്രാധാന്യം കുറഞ്ഞു. വ്യാപാരികളുടെതന്നെ രണ്ടും മൂന്നും തലമുറ ഇതര തൊഴിലുകളിലേക്ക് തിരിഞ്ഞു. ചിലര്‍ എന്നന്നേയ്ക്കുമായി ഈ നഗരം വിട്ടു.

ഇക്കൊല്ലം ദീപാവലിക്ക് പൊതു ആഘോഷങ്ങളില്ല. മഹാമാരി മൂലം. എങ്കിലും വീടുകളില്‍ മധുരപലഹാരങ്ങളൊരുങ്ങും. പങ്കുവയ്ക്കലിന്റെ സ്‌നേഹം എല്ലാവരിലേക്കും പകരും. ഈ നാളുകളില്‍ കോഴിക്കോട്ടെ ബേക്കറികളില്‍ ഗുജറാത്തി ദീപാവലി സ്വീറ്റ്‌സ് ബോക്‌സുകളില്‍ നിറയും.

മുമ്പ് ആറു ദിവസമായിരുന്നു ആഘോഷം. അതെ, ഗാന്ധിനാട്ടില്‍ നിന്നെത്തി വ്യാപാരഗന്ധത്തിനപ്പുറം മനുഷ്യബന്ധങ്ങളുറപ്പിച്ച ആഘോഷം കോഴിക്കോടിനും പ്രിയമാണ്. മധുരനഗരത്തിന് വിരുന്നെത്തിയവര്‍ കൈമാറിയ അതിമധുരം. ദീപപ്രഭയുടെ പൊന്‍തിളക്കം.

Content Highlights: gujarathi street calicut Diwali 2020