കോഴിക്കോട്: ശരിക്കും ക്ലിക്കായി. വെറുതെ ഒരു രസത്തിന് ഒരു പരീക്ഷണം നടത്തിയതാണ് സഹോദരന്മാരുടെ ഭാര്യമാരായ ഈ വീട്ടമ്മമാര്‍. കോഴിക്കോട് ചാലപ്പുറത്തെ കാസാ ബ്ലാങ്ക് അപ്പാര്‍ട്ട്‌മെന്റിലെ 402ാം നമ്പര്‍ ഫ്‌ലാറ്റിന്റെ ചെറിയ അടുക്കളയാണ് പരീക്ഷണ ശാല. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ദീപാവലി സ്വീറ്റ്‌സ് ബോക്‌സിനായി വിപണന സാധ്യതയൊരുക്കി. മഞ്ജു ഗോപീകൃഷ്ണനും ഗീത വിജയകൃഷ്ണനും പക്ഷേ, ഇത്രയും വിജയം പ്രതീക്ഷിച്ചില്ല.

ദീപാവലിക്ക് നാലുനാള്‍ മുമ്പുതന്നെ നൂറിലേറെ ബോക്‌സുകള്‍ കൂറിയറില്‍ അയച്ചു. ബെംഗളൂരുവില്‍നിന്നും കോയമ്പത്തൂരില്‍നിന്നും ചെന്നൈയില്‍നിന്നുമൊക്കെ ആവശ്യക്കാരുണ്ടായി. ശ്രദ്ധയോടെ തയ്യാറാക്കി, സ്വയം പായ്ക്കു ചെയ്ത് 'മസാല ഡബ്ബദി റിയല്‍ ഹോം മേക്കര്‍' എന്ന് ബ്രാന്‍ഡ് നെയിമൊക്കെയിട്ട് അയക്കുമ്പോള്‍ രണ്ടുപേര്‍ക്കും സംരംഭകരാവുന്നതിലെ ആത്മവിശ്വാസം.

ഉത്തരേന്ത്യന്‍ ദീപാവലി വിഭവങ്ങളായ കാജു കട്‌ലിയും മില്‍ക്ക് പേഡയും ബദാം പിസ്ത ബര്‍ഫിയും ചോക്‌ളേറ്റ് ബര്‍ഫിയും നെയ് വടയും മോത്തി ചൂര്‍ ലഡുവും നാന്‍ കട്ടായിയും കറാച്ചി ഹല്‍വയും നെയ് മൈസൂര്‍ പാവുമൊക്കെയടക്കം 12 ഐറ്റമാണ് ഓരോ ബോക്‌സിലും ഭംഗിയോടെ നിറയ്ക്കുന്നത്. കൂട്ടുകാര്‍ക്ക് സമ്മാനിക്കാനും സര്‍പ്രൈസുള്ള സന്തോഷമേകാനുമായാണ് പലരും ഓര്‍ഡര്‍ ചെയ്യുന്നത്. ഒരു കിലോ പായ്ക്കിന് 750 രൂപ.

കാറ്ററിങ് സ്ഥാപനം നടത്തുന്ന അച്ഛന്‍ ശശിയില്‍ നിന്നാണ് മഞ്ജു ഇതിന്റെയൊക്കെ ബാലപാഠം പഠിച്ചത്. കോഴിക്കോടന്‍ ജീവിതം പാചക കലയില്‍ മിടുമിടുക്കിയാക്കി. കറി പൗഡറുകളും മിക്‌സറും പക്കാവടയും കേക്കുമൊക്കെ മുമ്പ്്് തയ്യാറാക്കി വിതരണം ചെയ്തിട്ടുണ്ട്. റെസ്മലായി കൊണ്ട് കേക്കുണ്ടാക്കി ശ്രദ്ധേയയായി. കടകളിലോ ബേക്കറികളിലോ വിതരണം ചെയ്യാറില്ല. ദീപാവലി സ്വീറ്റ്‌സ് ഇതാദ്യം.

നല്ല ഭക്ഷണത്തിന് എന്നും കോഴിക്കോട്ട് വലിയ ഡിമാന്‍ഡാണെന്ന് മഞ്ജു പറഞ്ഞു. അസ്സല്‍ നെയ് ഉപയോഗിക്കുന്നതിനാലാണ് വില അല്പം കൂടുന്നത്. ഒരു കിലോ നെയ്യിന് 440 രൂപ വിലയാവും. കേടാവാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കാറില്ല. കഴിവതും ഫ്രഷായി നല്കും  ചേട്ടത്തിയമ്മയോടൊപ്പം വിജയരഹസ്യം വിളമ്പുകയാണ് ഗീത. കോവിഡ് കാലത്തിനുശേഷം തൊഴില്‍രഹിതരാവുന്ന സ്ത്രീകളെ ചേര്‍ത്ത് സംരംഭം വിപുലമാക്കാന്‍ ഇവര്‍ക്ക് ആഗ്രഹമുണ്ട്. എം.കോം ബിരുദധാരിയാണ് മഞ്ജു. ബി.എസ്‌സി. മാത്‌സ് കഴിഞ്ഞ ഗീത കേരള ബാങ്കില്‍ ഉദ്യോഗസ്ഥയാണ്. സാഹിത്യ വിമര്‍ശകനും മാതൃഭൂമി ചീഫ് പ്രൂഫ് റീഡറുമായിരുന്ന കുട്ടികൃഷ്ണമാരാരുടെ കൊച്ചുമകളാണ് ഗീത.

ചേവായൂര്‍ ഭവന്‍സ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മാധവ് ആണ് മഞ്ജുവിന്റെ മകന്‍. ഗീതയുടെ മക്കള്‍ അനികേതും അദ്വിക്കും ഗോവിന്ദപുരം സ്റ്റാര്‍ട്ട് റൈറ്റ് സ്‌കൂളില്‍ പഠിക്കുന്നു.

Content Highlights: Geetha and Manju preparing Diwali sweets Diwali 2020