മട്ടാഞ്ചേരി: 'എല്ലാവരും ഒത്തുചേരുമ്പോഴുള്ള ആഹ്ലാദം. അതാണ് ദീപാവലിയുടെ സൗന്ദര്യം. ഇത്തവണ പക്ഷേ, തമ്മില്‍ കാണാന്‍ പോലും ആര്‍ക്കും കഴിയില്ല. എന്നാലും ദീപാവലി ആഘോഷിക്കും. വീട്ടിനുള്ളിലായിരിക്കും ആഘോഷം' ഡോ. പ്രതിമ ആഷര്‍ ചിരിക്കുന്നു.
ഗുജറാത്ത് വംശജയായ പ്രതിമ മുംബൈയിലാണ് ജനിച്ചത്. ജീവിതം കൊച്ചിയിലും. കോളേജ് വിദ്യാഭ്യാസത്തിനായി കുറച്ചുകാലം മുംബൈയില്‍ കഴിഞ്ഞു. പിന്നീട് കൊച്ചിയില്‍ അധ്യാപികയായി. എഴുത്തുകാരിയായി. കൊച്ചിയെക്കുറിച്ച് ചില പുസ്തകങ്ങള്‍ അവര്‍ എഴുതി. കുറച്ചുകാലം പത്രപ്രവര്‍ത്തകയുമായിരുന്നു. 'കൊച്ചിയിലാണ് ഏറ്റവും വലിയ ദീപാവലിയാഘോഷം. കുട്ടിക്കാലത്ത് വലിയ ആഘോഷമായിരുന്നു. മുംബൈയില്‍ പഠിക്കുന്ന സമയത്തും ദീപാവലിയായാല്‍ ഞാന്‍ കൊച്ചിയിലേക്ക് വരും. കൊച്ചിയിലെ ആഘോഷം കളയാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു' പ്രതിമ പറയുന്നു.
ഗുജറാത്തികളെല്ലാം ദീപാവലി ആഘോഷ ദിവസങ്ങളില്‍ കൊച്ചിയിലെ പാലസ് റോഡിലുണ്ടാകുന്നത് വലിയ ആഘോഷ കാഴ്ചയാണെന്ന് പ്രതിമ പറയുന്നു. 'ഈ റോഡിന്റെ ചുറ്റുപാടും ഏഴോളം ക്ഷേത്രങ്ങളുണ്ട്. നവനീത ക്ഷേത്രമാണ് പ്രധാനം. സ്ത്രീകളെല്ലാം അവിടെയുണ്ടാകും. പകലും രാത്രിയുമൊക്കെ ക്ഷേത്രങ്ങളില്‍ തന്നെ. സന്ധ്യയായാല്‍ എണ്ണയൊഴിച്ച് വിളക്കുകള്‍ തെളിക്കും. ബന്ധുക്കളും അയല്‍ക്കാരും സുഹൃത്തുക്കളുമൊക്കെ ചേരുന്ന ആഘോഷ രാവാണത്. ജാതിയും മതവുമൊന്നും നോക്കാതെ നിരവധി സുഹൃത്തുക്കള്‍ ഈ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ എത്താറുണ്ട്. അവര്‍ക്കൊക്കെ ഞങ്ങള്‍ മധുരം വിളമ്പും' പ്രതിമ പറഞ്ഞു.
ഒരാഴ്ച മുമ്പുതന്നെ മധുര വിഭവങ്ങള്‍ ഒരുക്കുന്ന ദീപാവലിക്കാലവും പ്രതിമയുടെ മനസ്സില്‍ മായാതെയുണ്ട്. 'ഗുഗ്രയാണ് പ്രധാന വിഭവം. പിന്നെ ലഡു. ജിലേബി, ഹല്‍വ, ഗാട്ടിക, കച്ചോലി തുടങ്ങിയ പരമ്പരാഗത വിഭവങ്ങളും വീട്ടില്‍ തന്നെയുണ്ടാക്കും. മധുരം നിറച്ച പായ്ക്കറ്റുകള്‍ സുഹൃത്തുക്കള്‍ക്ക് നല്‍കും. പുതിയ വസ്ത്രവും ആഭരണങ്ങളും അണിഞ്ഞാണ് പെണ്‍കുട്ടികള്‍ ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കുന്നത്. പണ്ടൊക്കെ ആഭരണങ്ങള്‍ വാങ്ങുന്നതും ദീപാവലിക്കു മാത്രമായിരുന്നു. പടക്കം എല്ലാ വീടുകളിലുമുണ്ടാകും. വളരെ നേരത്തെ തന്നെ പടക്കങ്ങള്‍ കൊണ്ടുവരും. വീട്ടില്‍ എല്ലാവരും ചേര്‍ന്നാണ് പടക്കം പൊട്ടിക്കല്‍. ഇപ്പോള്‍ അതൊക്കെ കുറഞ്ഞു' പ്രതിമ പറഞ്ഞു.
ദീപാവലിയുടെ ശോഭ കെടുത്തുന്ന കോവിഡ് കാലത്തെക്കുറിച്ചുള്ള ആശങ്കയും പ്രതിമ പങ്കുവെച്ചു. 'കോവിഡ് കാലത്തെ പ്രശ്‌നങ്ങളുണ്ടെങ്കിലും ഇക്കുറിയും വീട്ടില്‍ പൂജകളുണ്ടാകും. അത്യാവശ്യം കുറച്ചുപേര്‍ മാത്രം പൂജയില്‍ പങ്കെടുക്കും. ക്ഷേത്രത്തില്‍ അധികം പേരെ പ്രവേശിപ്പിക്കില്ലെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ക്ഷേത്ര ദര്‍ശനം മുടങ്ങും. എങ്കിലും ഞങ്ങള്‍ ദീപാവലി ആഘോഷം മുടക്കില്ല'പ്രതിമ ഉറപ്പിക്കുന്നു.
Content Highlights: dr prathima sharing Diwali memories