മാന്യ ഉപഭോക്താവേ,

ദീപാവലി അടുത്തുവരികയാണല്ലോ. താങ്കള്‍ കടയില്‍ നിന്നും വാങ്ങിയ വസ്ത്രയിനത്തില്‍ തിരികെയടക്കാനുള്ള ഇരുനൂറ്ററുപത് ക(260/) ഈ വരുന്ന ദീപാവലിക്കു മുമ്പായി അടച്ചുതീര്‍ക്കുമല്ലോ. 

ദീപാവലി ആശംസകളോടെ
......ടെക്സ്റ്റയില്‍സ്

ടെക്സ്റ്റയില്‍സ് ഇന്നും പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്നതിനാല്‍ പേരുപറയണ്ട. ഇന്‍ലന്റ് കിട്ടിയോ എന്ന് അയല്‍വക്കത്തെ ചേച്ചിമാര്‍ കാണുന്നിടത്തു നിന്നൊക്കെ പരസ്പരം ചോദിച്ചുകൊണ്ടേയിരിക്കുക ഈയവസരത്തില്‍ പതിവാണ്. കൊല്ലത്തില്‍ അവരെത്തേടി വരുന്ന ഓരേയൊരു ഇന്‍ലന്റ് അതുമാത്രമായിരുന്നു. ചെറുവത്തെ കുളക്കടവില്‍ ആളൊഴിയാന്‍ കാത്തുനില്‍ക്കുമ്പോളും അലക്കിവെച്ചത് എടുത്തുമാറ്റി കല്ലൊഴിവാക്കി കൊടുക്കുമ്പോളും ചേച്ചിമാര്‍ പരസ്പരം ചോദിക്കും എത്രേന്റെതാ വന്നത്? അഞ്ഞൂറില്‍ കൂടാറില്ല ആര്‍ക്കും. അഞ്ഞൂറൊക്കെ കൊടുക്കാനുണ്ടാവുക ടീച്ചര്‍മാരൊക്കെയായിരിക്കും. മുന്നൂറിന് പുറത്തുപോയാല്‍ എല്ലാവരുടെയും ഉള്ളില്‍ ആധികയറിയിട്ടുണ്ടെന്ന് മുഖം കണ്ടാലറിയാം. 

കയ്യില്‍ പൈസയുണ്ടെങ്കിലും കടംവാങ്ങിയതാണെങ്കിലും ദീപാവലിയുടെ തലേദിവസം വരെ ഇന്‍ലന്റ് ആരും തൊടില്ല. കലണ്ടര്‍ നോക്കി വട്ടമിട്ടും കുറുങ്ങനെ വരച്ചും ആ 'ഹിന്ദിക്കാരിദിവസം' ഞങ്ങളുടെ നാട്ടിലെ കുട്ടികളുടെ മനസ്സമാധാനം കെടുത്തിയത് ചില്ലറയൊന്നുമല്ല. തലേദിവസമായാല്‍ അമ്മയുടെ പുറപ്പാട് നോക്കിയാണ് പിന്നെ കാത്തിരിപ്പ്. അന്നു ഞങ്ങള്‍ ഉത്സാഹിച്ച് വെള്ളം കിണറ്റില്‍ നിന്നും കോരി കൊണ്ടുകൊടുക്കും. മുറ്റമടിച്ചുവാരി വൃത്തിയാക്കും. തൊടിയില്‍ മഞ്ഞത്ത് തീയിട്ട് കശുമാവിനെ പുകകൊണ്ട് പുതയ്ക്കും. ഉയര്‍ന്നുപൊങ്ങാനായുന്ന പുകയ്ക്കുമീതേ ചാടി വീരേതിഹാസം ചമയാന്‍ ചുറ്റുവട്ടത്തെ കുട്ടികളെല്ലാമെത്തും. തീയില്ലാതെ പുകയുണ്ടാക്കാന്‍ അറിയാമോ എന്ന് ചോദിച്ച് ശ്വാസം ഉള്ളിലേക്കെടുത്ത് പുറത്തേക്ക് ഊതും. പരിചയസമ്പന്നരായ പുകവലിക്കാരെപ്പോലെ. അകത്തേക്കുകയറിപ്പോയ മഞ്ഞ് ഉള്ളിലെ ചൂടിനെയും കട്ടെടുത്ത് പുറത്തേക്കോടുമ്പോള്‍ അതിനെ ഉണ്ടകളാക്കി വിടാനും നീട്ടിവിടാനും എല്ലാം ഞങ്ങള്‍ക്കറിയാം. 

അമ്മ ഒറ്റയ്ക്ക് ടെക്സ്റ്റൈല്‍സിലെ പറ്റ് തീര്‍ക്കാന്‍ പോവില്ല. അതുകൊണ്ട് സ്വന്തം വീട്ടിലെ പണിയൊതുങ്ങിക്കഴിഞ്ഞാലും അയല്‍പക്കത്തെ ചേച്ചിമാരെയും കൂടി ഒരുക്കേണ്ടത് ഞങ്ങളുടെ മാത്രം ആവശ്യമാണ്. എങ്ങാനും ഒന്നു സഹായിക്കാന്‍ പോയാല്‍ തീര്‍ന്നു! നടുവൊടിച്ചേ വിടൂ. വെള്ളം കോരണം, ചോറിന് കത്തിക്കണം, കറിക്കരിഞ്ഞുകൊടുക്കണം. അലക്കിയിട്ടത് വിരിച്ചിടണം, ഒക്കെപ്പോരാഞ്ഞ് ചെരിപ്പ് തിരഞ്ഞുപിടിച്ച് കൊടുക്കണം, വള്ളി കയറിയില്ലേല്‍ അത് കുത്തിയിരുന്നു മുന്നോട്ടുതള്ളി നേരെയാക്കിക്കൊടുക്കണം. അപ്പോളായിരിക്കും സാരിയുടെ ഞൊറി സമാസമമാക്കി വലിച്ചുവടിയാക്കിക്കൊടുക്കേണ്ടത്. ഞങ്ങള്‍ പിള്ളാരുടെ അന്നത്തെ ധൃതികണ്ടാല്‍ കടം വന്ന് മുടിഞ്ഞ് നോട്ടീസ് വന്നത് ഞങ്ങള്‍ക്കാണെന്നാണ് അമ്മമാരുടെ ഭാവം. സഞ്ചയികയിലെ പത്തും ഇരുപതും ഉറുപ്പിക വരെ എടുത്തുകൊടുത്തിട്ടാണ് കടം വീട്ടാന്‍ പറഞ്ഞയക്കുക. ബാക്കിയൊക്കെ അവരായിട്ട് തട്ടിക്കൂട്ടിയുണ്ടാക്കിയതാണ്.

പതിനൊന്നേ മുക്കാലിന്റെ മിഹ്റാജ് ബസ്സില്‍ തള്ളപ്പട കയറിയിപ്പോകും. പിന്നെ പന്ത്രണ്ടേ കാലിനുള്ള കന്നൂര്‍ ബസ് മുതല്‍ ഞങ്ങള്‍ റോഡിലേക്ക് നോക്കിയിരിപ്പാണ്. പന്ത്രണ്ടര കഴിഞ്ഞ്, ഒരുമണികഴിഞ്ഞ്, ഒന്നര കഴിഞ്ഞ്. രണ്ടായി, രണ്ടരയും കഴിഞ്ഞ് വയറ് കൂമ്പി പിത്തവെള്ളം വായിലേക്ക് വരാന്‍ തുടങ്ങുന്നതുവരെ ബസ്സിന്റെ ശബ്ദം കേള്‍ക്കാവുന്ന തരത്തില്‍ മുറ്റത്തും തൊടിയിലുമായി തപ്പിത്തടഞ്ഞ് നിക്കും. തത്തമ്മപ്പൂവിന്റെ തേനോ, മഞ്ഞപ്പാര്‍വതി നൂലില്‍ കോര്‍ത്തോ സമയത്തെ ഒരു വിധം പാട്ടിലാക്കും. അപ്പോഴുണ്ടാവും മക്കളോ കഞ്ഞിവെള്ളമെടുത്തോ എന്നും പറഞ്ഞ് അഞ്ചാറ് തള്ളമാര്‍ നട്ടാക്കുന്തിരി വെയിലും കൊണ്ട്, സാരി തലവട്ടം ചുറ്റി, നാക്ക് പുറത്തേക്ക് നീണ്ട് നടന്നങ്ങനെ വരുന്നു. കഞ്ഞിക്കലത്തിലേക്ക് ഒരു പിടി ഉപ്പ് വാരിയിടും. രണ്ട് കയ്യില്‍ വറ്റും കോരിയിടും(അതില്‍ കൂടുതല്‍ വീണുപോകരുത്, അമ്മയുടെ കണ്ണ് നോക്കിപ്പേടിപ്പിക്കും).

കോലായിലിരിക്കും മുമ്പേ ചുറ്റിയ സാരി അമ്മമാരെല്ലാം അഴിച്ച് മുണ്ടാക്കി ഉടുത്തുകഴിഞ്ഞിട്ടുണ്ടാവും. അമ്മ വെറും പാവാടയിലും ബ്ലൗസിലും അങ്ങനെ ഇരിക്കും; അവനവന്റെ പൊരേലെ സ്വാതന്ത്ര്യം. കഞ്ഞിവെള്ളം കുടിക്കിടെ ടെക്സ്റ്റയിലുകാരന്റെ തട്ടിപ്പ്, കണക്ക് കൂട്ടിയിട്ടത്, വാങ്ങിയ തുണി അപ്പാടെ ചായമിളകിപ്പോയത് അങ്ങനെയുള്ള കുറ്റങ്ങളെല്ലാം വരിവരിയായി നിരന്നുനില്‍ക്കും. ആ ഇന്‍ലന്റ് മാത്രം വരുന്നത് അവര്‍ക്ക് ഇഷ്ടമില്ല. ഒടുക്കം 'ഓനെ കുയിച്ചിട്ടുപോട്ടെ!' എന്നും പറഞ്ഞ് ആരെങ്കിലുമൊരാള്‍ എണീക്കും. പിറകേ ബാക്കിയുള്ളോരും. 

എല്ലാരും പോയിക്കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ തനിനിറം കാണാം. പറ്റ് തീര്‍ത്ത സന്തോഷത്തില്‍ കടക്കാരന്‍ കൊടുക്കുന്ന ദീപാവലിപ്പലഹാരം. ചുവപ്പും പച്ചയും മഞ്ഞയും കറുപ്പും വെളുപ്പും...മധുരക്കട്ടകള്‍, ലഡ്ഡുമണികള്‍, നെയ് വട, ജിലേബിക്കഷ്ണം. മുഴുവന്‍ ലഡു...ഒന്ന് തീരുന്നതിനുമുന്നേ അടുത്തതിന്റെ രുചിയറിയാനുള്ള ധൃതി. നക്കിവെച്ച് ബുക്ക് ചെയ്യല്‍, കൂടുതലായി, കുറഞ്ഞുപോയി, പച്ചക്കട്ട കിട്ടീല...അടിപിടി പരാതികള്‍, പിടിച്ചുപറി. നിലത്തുവീഴല്‍, ചവുട്ടിക്കൂട്ടല്‍... ഒടുക്കം അമ്മ പാഞ്ഞു വന്ന് 'കുരുപ്പുകളേ നായക്കുമില്ല നരിക്കുമില്ലാണ്ടാക്കല്ലേ' എന്ന് ഒച്ചയിടും വരെ പിടിവലി തുടരും. ഈയൊരു മധുരം നുണയാനാണല്ലോ അമ്മയെക്കൊണ്ട് പറ്റ് തീര്‍പ്പിച്ചതും വെള്ളം കോരിക്കൊടുത്തതും, വിറക് കൊണ്ടിക്കൊടുത്തതും.

മൊബൈല്‍ ബോക്സിലും അല്പം കൂടി വലിപ്പമുള്ള പെട്ടിയില്‍ മെലിഞ്ഞുനീളംകുറഞ്ഞ് ഗ്രഹണിപിടിച്ച മധുരക്കുഞ്ഞുങ്ങള്‍ ശ്വാസം മുട്ടിക്കൊണ്ട് വിറങ്ങലിച്ചു കിടക്കുന്നതാണ് ഞങ്ങളുടെ ദീപാവലിമിഠായി. പെന്‍സിലുപോലെയുള്ള മൈസൂര്‍ പാക്കുകള്‍. ഗോട്ടിവലിപ്പമുള്ള ലഡ്ഡു. നിറം മാറിയതൊഴിച്ചാല്‍ ഏതാണ്ട് എല്ലാറ്റിനും ഒരേ രുചി. ഏതോ ഒന്നില്‍ നിന്ന് ഇഞ്ചികടിക്കും. എല്ലാം കൂടി വായിലിടുന്നതിനാല്‍ ഇന്ന ഇനം എന്ന് പ്രത്യേകമോര്‍മ്മയില്ല. എങ്കിലും അമ്മ അടക്കം പറയുമായിരുന്നു അങ്ങ് തിന്നോ ആരെയും കാണിക്കണ്ട. വൈകുന്നേരങ്ങളില്‍ അടുക്കളച്ചായ്പ്പിന്റെയടുത്താണ് ഞങ്ങളുടെ കളികള്‍. അയലത്തെ കുട്ടികളൊക്കെയുണ്ടാവും. അവര്‍ക്കൊക്കെ ഇപ്പറഞ്ഞത് പറ്റ് തീര്‍ത്ത വകയില്‍ കിട്ടിയിട്ടുണ്ടാകുമെങ്കിലും തങ്ങളുടെ ഒരു പങ്ക് ഇവിടെയും ഉണ്ടാകുമെന്ന വിശ്വാസം തകര്‍ക്കാന്‍ കഴിയില്ലല്ലോ. നുക്കും നുറുങ്ങും പൊടികള്‍ ബാക്കിയുണ്ടെങ്കിലും അമ്മ കൂട്ടുകാര്‍ വന്നാല്‍ ഉറക്കെ പറയും 'എന്നാലും ന്റെ മക്കളേ ഒറ്റയിരിപ്പിന് അത് മുഴുവന്‍ അകത്താക്കിയല്ലോ. എരിവോ പുളിയോന്ന് ബാക്കിയുള്ളോരാരും നോക്കിയിട്ടില്ല.' കൂട്ടുകാരെ നോക്കാന്‍ കഴിയാത്ത പാപഭാരത്താല്‍ ഞങ്ങള്‍ അമ്മയെത്തന്നെ നോക്കും. 

ദീപാവലി മിഠായി ഒരനുഭവം തന്നെയായത് ടെക്സ്റ്റയിലുകാരന്‍ കടം കൊടുക്കുന്നത് നിര്‍ത്തലാക്കിയതോടെയാണ്. കലണ്ടറിലെ ചുവന്ന ദീപാവലി പലപ്പോഴും വല്യച്ഛന്റെ വീട്ടിലെ കാടിവെള്ളത്തിനുമുകളില്‍ പൂപ്പല്‍ പിടിച്ച് കുതിര്‍ന്ന് തടിച്ചുവീങ്ങി നിറമൊലിപ്പിച്ച് കിടക്കുമ്പോള്‍ രണ്ട് ദിവസം കഴിഞ്ഞിട്ടെങ്കിലും വല്യമ്മയ്ക്ക് തന്നൂടായിരുന്നോ എന്നു മനസ്സുവിങ്ങിപ്പോയിട്ടുണ്ട്. വര്‍ണാഭമായ കടലാസുകളില്‍ 'തനിനിറം' ഒളിപ്പിച്ചുവച്ചുകൊണ്ട് ഹിന്ദിപാട്ടുകള്‍ക്കും ലൈറ്റുമാലകള്‍ക്കുമിടയില്‍ റാണിയെപ്പോലെ ഇരിക്കുന്നവരെ കാണുമ്പോള്‍ അച്ഛനെ അതിയായി ആഗ്രഹിച്ചുപോയിട്ടുണ്ട്. ഒരു സര്‍പ്രൈസായി പലഹാരപ്പെട്ടിയും തൂക്കി വരുന്ന അച്ഛനെ സ്വപ്നത്തിലും ഭാവനയിലും കണ്ട് കണ്ട് അമ്മയെന്ന യാഥാര്‍ഥ്യത്തോട് മുഖം തിരിച്ചിട്ടുണ്ട്. ഒരു എ ടി എം കാര്‍ഡിന്റെ വലിപ്പമേ ഇന്നതിനുള്ളൂ എന്നോര്‍ക്കുമ്പോള്‍ നഷ്ടമാകുന്നത് ആ കാത്തിരിപ്പിന്റെ മധുരമാണ്. ഇടയ്ക്ക് നാക്കുടക്കിയ ഇഞ്ചിയെരിവിനെയാണ്. ഉടുത്ത സാരിയഴിച്ച് തോളിലിട്ട് പടിയിറങ്ങിപ്പോയ ഒരുപാടൊരുപാട് അമ്മമാരെയാണ്.

Content Highlights: Diwali Memories Diwali 2020 Diwali Experience