കോട്ടയം: ദിവസങ്ങള്‍ക്കുമുന്നെ ദീപാവലിയുടെ ആഘോഷവെളിച്ചം കോട്ടയത്തെ 'മറാഠി അടുക്കള'കളില്‍ തെളിഞ്ഞുതുടങ്ങി. നെയ്യില്‍ മൊരിയുന്ന മധുരപലഹാരങ്ങള്‍ തയ്യാറാക്കിയും പൂജയ്ക്കായുള്ള ഒരുക്കങ്ങളിലുമായി സ്ത്രീകള്‍ മുഴുകുമ്പോള്‍ വ്യാപാരത്തിന്റെ തിരക്കുകളിലാണ് പുരുഷന്മാര്‍. ഓരോ ദീപാവലി നാളും പ്രതീക്ഷയുടെ വ്യാപാരോന്നതിയുടെ മറ്റൊരു പടി കൂടി ചവിട്ടിക്കയറിയെന്ന് സ്വയം വിലയിരുത്തുന്ന ആഘോഷം കൂടിയാണ് അവര്‍ക്ക് ദീപാവലി.

സൗമ്യം ദീപ്തം

കോട്ടയം നഗരത്തില്‍ സൗമ്യവ്യാപാര സാന്നിധ്യമാണ് മറാഠി സമൂഹത്തിന്റേത്. മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില്‍നിന്ന് വ്യാപാരാവശ്യത്തിനായി എത്തിയെങ്കിലും പൊതു ഇടങ്ങളില്‍ അവരുടെ ആത്മാര്‍ത്മായ ഇടപെടലുകളുണ്ട്. വര്‍ഷങ്ങള്‍കൊണ്ട് സ്വന്തമായ വ്യാപാര സംവിധാനം കെട്ടിപ്പൊക്കി നാട്ടുകാര്‍ക്കു മുന്നില്‍ അവര്‍ ഉയര്‍ച്ചയുടെ പടവുകള്‍ അനായാസം കയറിപ്പോയി.

വ്യാപാരികളെ സംബന്ധിച്ച് 'ദീപാവലി' ധനത്തിന്റെ ഉത്സവമാണ്. അതുകൊണ്ട് വ്യാപാരം ചെയ്യുന്ന മറാഠി സമൂഹത്തിനും 'ദീപാവലി' ഹൃദയവും ജീവിതവും തൊടുന്ന ആഘോഷമാണ്; ദീപങ്ങള്‍ കൊണ്ടുള്ള ആഘോഷം മനസ്സിന്റെ നിറവിനും സന്ധ്യാസമയത്തെ ധനപൂജ ജീവിത വിജയത്തിനും. പൂജകള്‍ വിട്ടൊരു ആഘോഷമില്ല.

ദീപാവലി ദിവസം സന്ധ്യക്ക് വീട്ടിലും വ്യാപാര സ്ഥാപനത്തിലും ലക്ഷ്മീപൂജ മുടക്കില്ലെന്ന് നഗരത്തിലെ ഭാരത് ടൈംസ് ഉടമ ഭാരത് ഷിന്‍ഡെ പറയുന്നു. 50 വര്‍ഷം മുന്പ് സ്വര്‍ണ ശുദ്ധീകരണ ജോലിയുമായെത്തിയ അച്ഛന്‍ ശ്യാമറാവു ഷിന്‍ഡെയ്‌ക്കൊപ്പമാണ് പിന്നീട് കുടുംബം കോട്ടയത്തെത്തിയത്. അക്കാലത്തെത്തിയ മറ്റ് വ്യാപാരികളടക്കം 25 കുടുംബം നിലവില്‍ നഗരത്തിലുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മറാഠി വെല്‍ഫെയര്‍ അസോസിയേഷനും പ്രവര്‍ത്തിക്കുന്നു.

അസോസിയേഷനെ സംബന്ധിച്ച് ഏറ്റവും തിരക്കുള്ള സമയമാണ് ദീപാവലിക്കാലം. മറാഠി രീതിയില്‍ എല്ലാ പകിട്ടോടെയും ദീപാവലി ആഘോഷിക്കാന്‍ അവസരമുണ്ടാക്കണം. എല്ലാവര്‍ക്കും സ്വന്തമായി വീടുണ്ട്. വീടിന്റെ പ്രധാന വാതിലില്‍ മാവില തോരണം ചാര്‍ത്തുന്നത്, നാട്ടില്‍നിന്ന് കൊണ്ടുവരുന്ന പ്രത്യേക തരം കല്‍െപ്പാടികൊണ്ട് രംഗോലി തയ്യാറാക്കുന്നത് ഉള്‍പ്പെടെ എല്ലാവരും ഒത്തുചേര്‍ന്ന് സ്വന്തം വീടുകളില്‍ ആഘോഷത്തിന് പൊലിമ കൂട്ടിത്തുടങ്ങിക്കഴിഞ്ഞു.

അഞ്ചു ദിവസമായി നീളുന്ന ആഘോഷങ്ങള്‍ക്കാണ് ദീപാവലി ദിനം അവസാനം കുറിക്കുന്നത്. ആഘോഷങ്ങളുടെ ആദ്യ ദിനം ധന്‍ തേരസാണ്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നത് പുണ്യമെന്നു കരുതുന്ന ദിനമാണിത്. ദീപാവലി ദിവസം സന്ധ്യാപൂജകള്‍ക്കു ശേഷം രാത്രിയോടെ ആഘോഷങ്ങളുടെ ഭാഗമായി വീടുകള്‍ക്കു ചുറ്റും ദീപങ്ങള്‍ തെളിക്കും.

നരക ചതുര്‍ദശി ദിനമാണ് മറാഠി കുടുംബങ്ങള്‍ ദീപാവലി ആഘോഷിക്കുക. ദീപാവലി അടക്കം മുന്‍ ദിവസങ്ങളിലെ ആഘോഷമെല്ലാം കറുത്ത വാവിനാണ്. അന്ന് രാത്രിയോടെ അവസാനിക്കുന്ന കറുത്തവാവിന് ശേഷമാണ് 'ദീപാവലി പാടുവ' എന്ന പുതുവര്‍ഷം തുറക്കുന്നത്..

എല്ലാ വര്‍ഷവും ഗണേശോത്സവം ഉള്‍പ്പെടെയുള്ളവ സംഘടിപ്പിക്കാറുണ്ട്. ചടങ്ങില്‍ മലയാളി സുഹൃത്തുക്കളുടെ സാന്നിധ്യവും ഉറപ്പിക്കും. നഗരമധ്യത്തിലുള്ള തിരുനക്കര േക്ഷത്രം, ഹനുമാന്‍ േക്ഷത്രം, ആലപ്പുഴയിലെ ചക്കുളത്തുകാവ് ദേവീേക്ഷത്രം എന്നിവിടങ്ങളിലാണ് പതിവായി ദര്‍ശനം നടത്തുന്നത്.

മലയാള സിനിമയുടെ കടുത്ത ആരാധകരാണ് പലരും.''കോമഡിയാണ് കൂടുതല്‍ പ്രിയം''  ബാലാജി ഷിന്‍ഡെ പറയുന്നു.

'മഹാരാഷ്ട്രയില്‍ ഗ്രാമപ്രദേശത്തുകാരാണ് ഞങ്ങള്‍. ഇപ്പോള്‍ ഞങ്ങളുടെ നാടുകൂടിയാണ് കോട്ടയം. ഇവിടെ കൂടുതല്‍ നല്ല ജീവിത സാഹചര്യമുണ്ട്. ജീവിതച്ചെലവ് കൂടുതലാണെന്നു മാത്രം. കുട്ടികള്‍ക്ക് പഠിക്കാനുള്ള സാഹചര്യവും കൂടുതലാണ്'  എല്ലാവരും ഒരുപോലെ പറയുന്നു.

ദീപാവലി വേളയില്‍ സുഹൃത്തുക്കള്‍ക്ക് മധുരം പങ്കുവെച്ച് ആഘോഷത്തിളക്കം കൂട്ടുമ്പോള്‍ ഇക്കുറി കോവിഡ് സാഹചര്യങ്ങള്‍ അല്പം മങ്ങല്‍ വരുത്തിയിട്ടുണ്ട്. പക്ഷേ മനസ്സിലും വീട്ടിലും ദീപാവലിയുടെ ശോഭ കെടുത്തുന്നില്ല. പലഹാരങ്ങളുടെ മധുരവും. അത് വെറും ആഘോഷം മാത്രമല്ല; മനസ്സ് പകരുന്ന സ്‌നേഹദീപം കൂടിയാണ്.

Content Highlights: Diwali celebrations of a Marathi family living in Kottayam for 48 years