കൊച്ചി: മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ കൊച്ചി കായലിന്റെ തീരത്തു നിൽക്കുമ്പോൾ കിഷോർ ശ്യാംജി തൽന ലഡു മുന്നിലേക്കു നീട്ടി. “ഇതൊന്നു കഴിച്ചു നോക്കൂ. ഗുജറാത്തികളുടെ ദീപാവലിയുടെ ഒരിക്കലും മായാത്ത മധുരമാണിത്.

ഇതിന്റെ രുചി നാവിൽ അലിയുമ്പോഴൊക്കെ എന്റെ മനസ് അറിയാതെ നാട്ടിലേക്കു സഞ്ചാരം തുടങ്ങും. കൊച്ചിക്കായലിന്റെ തീരത്തു നിൽക്കുമ്പോഴും മനസ് ഗുജറാത്തിലേക്ക് യാത്ര തുടങ്ങിക്കഴിഞ്ഞു”. കൊച്ചിയിലെ സുഗന്ധവ്യഞ്ജന വ്യാപാരിയാണ് കിഷോർ ശ്യാംജി. ഇന്ത്യൻ കുരുമുളക് കയറ്റുമതി രംഗത്തെ വൻകിട സ്ഥാപനമായ കിഷോർ സ്പൈസസ് കമ്പനിയുടമ.

കൊച്ചി ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഗുജറാത്തികളുടെ മധുരചിത്രം ഏറ്റവും മനോഹരമായി തെളിയുന്ന കാലമാണ് ദീപാവലി. “1946-ലാണ് അച്ഛൻ ശ്യാംജി നർജി ഇവിടെത്തുന്നത്. ഇവിടെ ജനിച്ചു വളർന്ന ഞാൻ ഗുജറാത്തിലേക്ക് അധികമൊന്നും പോയിട്ടില്ല. എന്നാൽ കുട്ടിക്കാലം മുതൽ ഗുജറാത്തിലെ ദീപാവലിക്കഥകൾ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്.

ലക്ഷ്മി ദേവിയുടെ അനുഗ്രഹം ആവോളം ലഭിക്കുന്ന കാലമാണ് ഓരോ ദീപാവലിയും. ദീപാവലിക്കാലത്ത് ഞങ്ങൾ ഒരുപാട് പൂജകൾ നടത്താറുണ്ട്. ഇവിടെ കൊച്ചിയിലും അതൊക്കെ ചെയ്യാറുണ്ട്”

ദീപാവലി മധുരം നിറഞ്ഞ്‌

ദീപാവലിമധുരങ്ങൾ ഒരുക്കുന്ന തിരക്കിലാണ് കിഷോറിന്റെ ഭാര്യ ഉഷ കിഷോറും മരുമക്കളായ വിനൽ ആനന്ദും രാഖി ഹേമനുമൊക്കെ. “ലഡുവും ജിലേബിയും ഖാട്ടിയയുമൊക്കെ ഉണ്ടാക്കാനായി വലിയ തിരക്കിലാണ് പെണ്ണുങ്ങളെല്ലാം.

എള്ളും ശർക്കരയും കടലമാവും ചേർത്തുണ്ടാക്കുന്ന തൽന ലഡുവും പശുവിൻപാൽ പ്രത്യേക അളവിൽ ചേർത്തുണ്ടാക്കുന്ന പീനിയ ലഡുവുമാണ് സ്‌പെഷ്യൽ ഐറ്റം. ഗോതമ്പുപൊടിയും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന സ്വീറ്റ് സാട്ടയും ഇത്തവണ കൂടുതലുണ്ടാക്കണം”- കിഷോർ പറയുന്നു.

കൊച്ചിയിലെ ഗുജറാത്ത്

കൊച്ചിയിൽ 2000-ത്തിലേറെ ഗുജറാത്തികളുണ്ടെന്ന് കിഷോർ പറയുന്നു. “മഹാജൻ, മാർവാടി, കച്ച്, വൈഷ്ണവാസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഒരുപാട് ഗുജറാത്തികൾ ഇവിടെയുണ്ട്.

ഞങ്ങൾ ഒത്തുചേർന്നാണ് ദീപാവലി ആഘോഷിക്കാറുള്ളത്. ഇത്തവണ കൂട്ടായ്മകളൊന്നും നടക്കില്ല. എങ്കിലും ആചാരങ്ങളും വിശ്വാസങ്ങളും തെറ്റിക്കാതെ കഴിയുന്നത്ര ഭംഗിയായി ദീപാവലി ആഘോഷിക്കും. നിലത്ത് പായ വിരിച്ച് അതിൽ ഖാദി വിരിച്ച് അതിൽ വലിയൊരു പെട്ടി വെക്കും.

അതിനു മുകളിലാണ് പുസ്തകങ്ങളും മറ്റും വെച്ചുപൂജിക്കുന്നത്. നവവർഷത്തിലേക്കുള്ള എല്ലാ ഐശ്വര്യങ്ങളും ദീപാവലിയിൽനിന്നാണ് ഞങ്ങൾക്കു ലഭിക്കുന്നത്”-കിഷോർ പറഞ്ഞു.

Content Highlights: diwali celebration of mattancherry jews street Diwali 2020