ട്ടാഞ്ചേരിയിലെ ദീപാവലിയാഘോഷത്തിന് മധുരം അല്‍പ്പം കൂടും. ഒരു പക്ഷേ, കേരളത്തിലൊരിടത്തും ഇതുപോലെ ആഘോഷമുണ്ടാവില്ല. ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള ഈ കൊച്ചുപ്രദേശത്ത് രാജ്യത്തെ ഏതാണ്ട് എല്ലാ ഭാഷാസമൂഹങ്ങളുടെയും  ആഘോഷക്കാഴ്ചകള്‍ കാണാം. കച്ചവടത്തിനായി കടല്‍ വഴിയെത്തിയവര്‍ കൊച്ചിക്ക് നല്‍കിയ സമ്മാനങ്ങളിലൊന്നാണീ ആഘോഷം.

ദീപാവലി മലയാളിക്ക് അത്ര വലിയ ആഘോഷമൊന്നുമല്ലെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ കൊച്ചിക്ക് അങ്ങനെയല്ല. അതിര്‍ത്തി കടന്നുവന്ന ഭാഷകളെ, വേഷങ്ങളെ, സംസ്‌കാരങ്ങളെ, ജീവിതരീതിയെ ഒക്കെ സ്വീകരിച്ചതുപോലെ, എല്ലാ ആഘോഷങ്ങളെയും കൊച്ചി നെഞ്ചോട് ചേര്‍ക്കുകയായിരുന്നു.

മട്ടാഞ്ചേരിയുടെ ഓരോ തെരുവിലും വൈവിധ്യങ്ങളായ ദീപാവലി ആഘോഷം നടക്കാറുണ്ട്. ഓരോ തെരുവും ഓരോ ഭാഷാസമൂഹങ്ങളുടെ മേഖലയാണ്.  തമിഴര്‍, തെലുങ്കര്‍, മറാഠികള്‍, ഗുജറാത്തികള്‍, ഹരിയാണക്കാര്‍, രാജസ്ഥാനികള്‍, കൊങ്കണികള്‍, ഉത്തരാഞ്ചലുകാര്‍, ഡല്‍ഹിക്കാര്‍, ബംഗാളികള്‍... അങ്ങനെ എല്ലാ ദേശക്കാരുമുണ്ടിവിടെ. കോവിഡ് കാലമായതിനാല്‍ സാമൂഹിക അകലം പാലിച്ചും സുരക്ഷാമുന്നൊരുക്കങ്ങള്‍ നടത്തിയും ഇത്തവണ ആഘോഷം നടത്താനാണ് ഇവിടുത്തുകാരുടെ തീരുമാനം. 

mattancheri 
  
ദീപം മാത്രമല്ല, മധുരവും കൂടി ചേരുന്ന ആഘോഷമാണിത്. കൊച്ചിയുടെ തെരുവുകളില്‍ വടക്കെ ഇന്ത്യന്‍ മധുരരുചികള്‍ നിറയുന്ന കാലം... ജിലേബി, ലഡു, ഹല്‍വ തുടങ്ങിയ പതിവ് രുചിക്കൂട്ടുകള്‍ക്ക് പുറമെ, ഓരോ ദീപാവലിക്കും പുതിയ മധുരങ്ങള്‍ വരും.  കൂട്ടുകളില്‍ വലിയ വ്യത്യാസമൊന്നുമില്ല. പക്ഷേ, രൂപത്തിലും നിറത്തിലും മാറ്റമുണ്ടാകും.  

ഗുജറാത്തിലും മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമൊക്കെ ഒരുങ്ങുന്ന പുതിയ മധുരരുചികള്‍ വേഗത്തില്‍ കൊച്ചിയിലേക്കെത്തും. വടക്കെ ഇന്ത്യന്‍  മധുരവിപണിയുടെ ഓരോ ചലനവും കൊച്ചിക്ക് അറിയാം. പാലും റവയും നെയ്യും ചേരുന്ന രുചിക്കൂട്ടുകള്‍ എത്രയെത്ര...  

മധുരവിഭവങ്ങളിലും  വൈവിധ്യം കാണാം. ഗുജറാത്തികള്‍ക്ക് ജിലേബിയും പേഡയുമൊക്കെ തന്നെ ഇഷ്ടവിഭവങ്ങള്‍. ദീപാവലി നാളില്‍ ഗുഗ്‌ര എന്ന പ്രത്യേക വിഭവം ഇവര്‍ വീടുകളില്‍ തയ്യാറാക്കും. കര്‍ണാടകക്കാര്‍ക്ക് മൈസൂര്‍ പാക്കിനോടാണ് കമ്പം.  രാജസ്ഥാനികള്‍ക്കും ഡല്‍ഹിക്കാര്‍ക്കും ഹരിയാനക്കാര്‍ക്കുമൊക്കെ ലഡു തന്നെ പ്രിയവിഭവം. മറാഠികള്‍ക്ക് ലഡുവിന് സമാനമായ ഗൂന്തിയോടാണ് കൂട്ട്. നെയ്യും റവയും ചേര്‍ത്ത് തയ്യാറാക്കുന്ന റവ ലഡുവും ഇവര്‍ക്ക് പ്രിയപ്പെട്ടതാണ്. ബംഗാളികള്‍ക്ക് രസഗുളയും ഗുലാബ് ജാമുമാണ് ഇഷ്ടം. 

കൊച്ചിയിലെ കൊങ്കണി സമൂഹം ദീപാവലി നാളില്‍ കാച്ചിലും കുമ്പളങ്ങയും മോരും ചേര്‍ത്ത് പ്രത്യേക വിഭവമുണ്ടാക്കും. തേങ്ങയും ശര്‍ക്കരയും ചേര്‍ത്ത് നനയ്ക്കുന്ന അവിലും ഇവര്‍ക്ക് ഏറെ പ്രിയമാണ്. സമ്മാനമായി മധുര പാക്കറ്റുകള്‍ വിതരണം ചെയ്യുന്ന രീതി വടക്കെ ഇന്ത്യന്‍ സമൂഹത്തിനിടയിലുണ്ട്. കൊച്ചിയില്‍ താമസമുറപ്പിച്ച വടക്കെ ഇന്ത്യന്‍ സമൂഹം പ്രധാനമായും ബിസിനസ് രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം ദീപാവലിക്ക് മധുരപാക്കറ്റുകള്‍ നല്‍കും. അരക്കിലോഗ്രാം മുതല്‍ മൂന്ന് കിലോഗ്രാം വരെ തൂക്കമുള്ള പാക്കറ്റാണ് വിതരണം ചെയ്യുക. 
 
ദീപാവലിക്ക് ദിവസങ്ങള്‍ക്കുമുമ്പേ വീട്ടുമുറ്റങ്ങളില്‍ കോലങ്ങളെഴുതും. തെക്കെ ഇന്ത്യന്‍  ഭാഷാസമൂഹങ്ങള്‍ക്ക് അരിപ്പൊടി കോലങ്ങളാണ് പഥ്യം. ഓരോ ഭാഷക്കാരുടെയും ഉത്സവസങ്കല്പങ്ങള്‍ വ്യത്യസ്തമാണ്. കോലം വരയിലുമുണ്ട് ഈ വൈവിധ്യം. വൈഷ്ണവസങ്കല്പത്തിലുള്ള ആഘോഷങ്ങളുടെ ഭാഗമാണ് അരിപ്പൊടി കോലങ്ങള്‍. അരിപ്പൊടികൊണ്ട് മുറ്റത്ത് പാദരൂപങ്ങള്‍ ഒരുക്കുന്നതും കാണാം. മഹാലക്ഷ്മി വീടുകളിലെത്തുന്നതായി സങ്കല്പിച്ചാണ് ചിലയിടങ്ങളില്‍ ആഘോഷം. അതിനാണ് വീടുകള്‍ അലങ്കരിക്കുന്നത്. വീട്ടുമുറ്റങ്ങളില്‍ വര്‍ണപ്പൊടികള്‍കൊണ്ട് രംഗോലി ഒരുക്കുന്നതും ലക്ഷ്മീദേവിയെ സ്വീകരിക്കുന്നതിന്റെ ഭാഗമാണെന്നാണ് സങ്കല്പം.  നിറക്കൂട്ടുകള്‍ ചേര്‍ത്തൊരുക്കുന്ന മനോഹരമായ കലാരൂപങ്ങളാണ് രംഗോലികള്‍.  
 
വീട്ടുമുറ്റങ്ങളിലും തെരുവുകളിലും ചെരാതുകളില്‍ തിരിതെളിച്ചുവയ്ക്കും. തെരുവുകളിലെല്ലാം വൈദ്യുതിവിളക്കുകള്‍ കൊണ്ടുള്ള അലങ്കാരവുമുണ്ടാകും. എല്ലാ സമൂഹങ്ങളുടെയും ക്ഷേത്രങ്ങളിലുമുണ്ട്  ആഘോഷം. അവിടെയും സന്ധ്യയ്ക്ക് വിളക്കുകള്‍ തെളിയും. വെളിച്ചമൊരുക്കുന്നതിനുള്ള മണ്‍ചെരാതുകള്‍ നേരത്തെ സംഘടിപ്പിക്കും. 
 
ഗുജറാത്തി സമൂഹത്തിന്റെ ദേശീയോത്സവം കൂടിയാണിത്. അവരുടെ പുതുവര്‍ഷാഘോഷമാണിത്. ദീപാവലിയുടെ പിറ്റേന്നാണ് പുതുവര്‍ഷപ്പിറവി. അഞ്ചുദിവസത്തെ ആഘോഷമാണവര്‍ക്ക്. ആദ്യ ദിവസം ധന്‍തേരസ്. അന്നാണ് വെള്ളികൊണ്ടുള്ള വസ്തുക്കള്‍ വാങ്ങുന്നത്. അതൊരു ആചാരമാണ്. പില്‍ക്കാലത്ത് സ്വര്‍ണം കൊണ്ടുള്ള സാധനങ്ങള്‍ വാങ്ങുന്ന ഏര്‍പ്പാടായി. 

രണ്ടാം ദിവസം കാളിച്ചൗദ്. വീടുകള്‍ വൃത്തിയാക്കുന്നതിനും അലങ്കരിക്കുന്നതിനുമുള്ള ദിവസം. മൂന്നാംനാളാണ് ദീപാവലി. നാലാംനാള്‍ പുതുവര്‍ഷപ്പിറവി. ഗുജറാത്തികള്‍ ഈ ആഘോഷത്തെ കച്ചവടവുമായും ബന്ധിപ്പിച്ചിട്ടുണ്ട്.  പുതുവര്‍ഷപ്പിറവി നാളിലാണ് കച്ചവട കണക്കുകള്‍ തുടങ്ങുന്നത്. പുതിയ കണക്ക് പുസ്തകം പൂജിച്ച് അന്ന് മുതല്‍ ഉപയോഗിച്ചുതുടങ്ങും. അടുത്തവര്‍ഷത്തെ കണക്കെഴുത്താണ്. ദീപാവലി മുഹൂര്‍ത്ത കച്ചവടം എന്ന ഏര്‍പ്പാടുമുണ്ട്. പുതിയ വര്‍ഷത്തെ കച്ചവടത്തിന്റെ ഐശ്വര്യപൂര്‍ണമായ തുടക്കമാണത്.
 
ജൈനസമൂഹത്തിന് ഭഗവാന്‍ വര്‍ധമാന മഹാവീരന്റെ നിര്‍വാണദിവസമാണിത്. അതുകൊണ്ട് ദീപാവലിക്ക് വലിയ ആഘോഷങ്ങളില്ല. അന്നേദിവസം രാത്രിയില്‍ ഇവര്‍ ക്ഷേത്രത്തില്‍ ഒത്തുചേരും. സമൂഹാരതി എന്ന ചടങ്ങാണ് മുഖ്യം. ആഘോഷമൊന്നുമില്ലെങ്കിലും മധുരം വിളമ്പും. പ്രാര്‍ഥനയും ഉപവാസവുമായി വീടുകളില്‍ തന്നെ കഴിയും.
  
മട്ടാഞ്ചേരിയിലെ വിളക്ക് കത്തിക്കാത്ത ക്ഷേത്രം പ്രസിദ്ധമാണ്. യാഥാസ്ഥിതിക ജൈനവിഭാഗത്തിന്റെ ക്ഷേത്രമാണിത്. വിളക്ക് തെളിച്ചാല്‍ ആ ദീപനാളത്തിലേക്ക് സൂക്ഷ്മജീവികളും പ്രാണികളുമൊക്കെ എത്തിയേക്കാം. അവ നശിക്കുകയും ചെയ്യും. സൂക്ഷ്മജീവികള്‍ക്ക് നാശമുണ്ടാകുന്നത് തടയാനാണ് വിളക്ക് തെളിക്കാത്തത്. ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. ആ അവകാശത്തെയാണ് തുറസ്സായ സ്ഥലത്ത് വിളക്ക് തെളിച്ച് വയ്ക്കുന്നതിലൂടെ ഇല്ലാതാക്കുന്നതെന്നാണ് ഇവരുടെ നിലപാട്. 

സംസാരിക്കുമ്പോള്‍ അന്തരീക്ഷത്തിലെ സൂക്ഷ്മജീവികള്‍ക്ക് നാശമുണ്ടാകുമെന്നതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഈ വിഭാഗത്തിലെ സന്യാസിമാര്‍ തുണികൊണ്ട് വായ് മൂടിക്കെട്ടുന്നു. പടക്കം പൊട്ടിക്കുമ്പോള്‍ അന്തരീക്ഷത്തിലെ ആയിരക്കണക്കിന് സൂക്ഷ്മജീവികള്‍ നശിക്കുമെന്നാണ് ഇവര്‍ പറയുന്നത്. അതുകൊണ്ട് ആഘോഷത്തിനാണെങ്കിലും പടക്കം പൊട്ടിക്കാന്‍ ഇവര്‍ തയ്യാറല്ല. പടക്കം പൊട്ടിക്കാതെ ദീപാവലി ആഘോഷിക്കുന്ന കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കുന്ന ഏര്‍പ്പാടും ഇവര്‍ക്കിടയിലുണ്ട്.  

വീടുകളില്‍ വിളക്ക് തെളിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍, ഗ്ലാസ് മറയുള്ള വിളക്കുകള്‍ തെളിക്കാം. അങ്ങനെയായാല്‍ സൂക്ഷ്മജീവികള്‍ക്ക് നാശമുണ്ടാവില്ല. വിളക്ക് തെളിക്കാതെ, പടക്കം പൊട്ടിക്കാതെയുള്ള ഈ ആഘോഷത്തിന് അഹിംസാ ദിവാലി എന്നാണ് അവര്‍ പറയുന്നത്. ഇവരും ആഘോഷങ്ങളുടെ ഭാഗമാകാറുണ്ട്. വീടുകളില്‍ ഗ്ലാസ് മറയുള്ള ചെറിയ വിളക്കുകള്‍ തെളിച്ചുവച്ചാണ് ആഘോഷം.

Content Highlights: diwali celebration in mattancherry