കൊച്ചി: സിക്കന്ദർ സിങ് ധാബയിലേക്കു കയറി വരുമ്പോൾ പവൻജിത് കൗർ കാജു കട്‌ലിയും ആട്ടാ പീന്നിയും ഗുജിയയുമൊക്കെ നിറഞ്ഞ വലിയൊരു പാത്രം മുന്നിലേക്കു നീട്ടി. സിക്കന്ദർ മധുര പലഹാരങ്ങളെടുത്ത് അരികിൽ നിന്ന മൊഹീന്ദർ സിങ്ങിന്റേയും സുരേന്ദർ സിങ്ങിന്റേയും സുപ്രീത് സിങ്ങിന്റേയും വായിലേക്ക് വെച്ചു കൊടുക്കുമ്പോൾ എല്ലാ മുഖങ്ങളിലും നിറഞ്ഞ സന്തോഷം. ദീപാവലി ആഘോഷത്തിന് സിക്കന്ദറിനേക്കാൾ നല്ലൊരു അതിഥി തങ്ങളുടെ ധാബയിലേക്ക് വേറെ വരാനില്ലെന്ന് എഴുതിവെച്ചതുപോലെയായിരുന്നു ആ മുഖങ്ങളെല്ലാം. പഞ്ചാബി ധാബയിൽ ദീപാവലി മധുരവുമായി അൽപനേരം ഒത്തുചേരാനായപ്പോൾ കാർക്കശ്യക്കാരനായി മാത്രം എല്ലാവരും അറിഞ്ഞിരുന്ന സിക്കന്ദറിന്റെ മുഖത്തും നിറഞ്ഞ പുഞ്ചിരി. 'പഞ്ചാബി ഹൗസ്' എന്ന മലയാള സിനിമയിൽ സിക്കന്ദർ സിങ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ലാൽ ഷൂട്ടിങ് സ്ഥലത്തേക്കുള്ള യാത്രക്കിടയിലാണ് ബുധനാഴ്ച രാവിലെ കടവന്ത്രയിലെ 'സേത്തി ദ ദാബ'യിൽ എത്തിയത്.

പഞ്ചാബിയുടെ സ്വന്തം ലാൽ

''സിക്കന്ദർ സിങ്ങിനെ അവതരിപ്പിക്കാൻ ലാലിന്റെ സ്ഥാനത്ത് മറ്റൊരു നടനെ നമുക്ക് സങ്കൽപ്പിക്കാൻ പോലുമാകില്ല...''മധുരം നൽകുമ്പോൾ മൊഹീന്ദർ സിങ് പറഞ്ഞ ഡയലോഗ് കേട്ട് ലാൽ പുഞ്ചിരിച്ചു. ''ഇവരൊക്കെ പറയുന്നത് കേൾക്കുമ്പോൾ നിറഞ്ഞ സന്തോഷം. റാഫി-മെക്കാർട്ടിൻ പഞ്ചാബി ഹൗസ് എന്ന ചിത്രത്തെക്കുറിച്ച് ചിന്തിക്കുന്നത് ഈ മൊഹീന്ദർ സിങ്ങിനേയും മറ്റും കണ്ടിട്ടു തന്നെയായിരുന്നു. നന്നായി മലയാളം പറയുന്ന പഞ്ചാബികളെക്കുറിച്ചുള്ള കഥ കേട്ടപ്പോൾ തന്നെ എനിക്കു വലിയ കൗതുകം തോന്നിയിരുന്നു. ഇാ സിനിമയിലെ സിക്കന്ദർ എന്ന കഥാപാത്രം ചെയ്യാനായി ചെല്ലുമ്പോൾ തലയിൽ വെക്കാൻ തൊപ്പി പോലുള്ള ഒരു തലക്കെട്ടാണ് ആദ്യം എനിക്കു തന്നത്. ആ സിനിമയിലെ മറ്റു താരങ്ങളെല്ലാം അത്തരം തലക്കെട്ടാണ് ഉപയോഗിച്ചത്. പക്ഷേ അതു വേണ്ടെന്നും ശരിയായ പഞ്ചാബി തലക്കെട്ട് മതിയെന്നും എനിക്കു തോന്നി. അങ്ങനെയാണ് യഥാർത്ഥ തലക്കെട്ട് കെട്ടിത്തരാൻ ഒരാളെ അന്വേഷിച്ചത്. അങ്ങനെയാണ് ഈ മൊഹീന്ദർ എന്റെ അരികിലെത്തുന്നത്. എല്ലാ ദിവസവും എനിക്കു തലയിൽ കെട്ടിത്തരാൻ വരുമായിരുന്ന മൊഹീന്ദറിന്റെ ക്ഷമ അപാരമായിരുന്നു...'' ലാൽ പറഞ്ഞതു കേട്ട് മൊഹീന്ദർ പൊട്ടിച്ചിരിച്ചു.

പഞ്ചാബിൽ പോലീസ് പിടിച്ചപ്പോൾ

ദീപാവലി മധുരം കഴിച്ചിരിക്കുമ്പോൾ പഞ്ചാബിൽ പോലീസ് പിടിച്ച കഥയും ലാൽ പറഞ്ഞു. ''അഞ്ചു വർഷം മുമ്പ് ഞാനും സുഹൃത്തുക്കളും കൂടി കാറിൽ ഒരു ഇന്ത്യൻ യാത്ര നടത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള യാത്ര പഞ്ചാബിലെത്തിയപ്പോൾ എന്നെ പോലീസ് പിടിച്ചു. ലൈസൻസിന്റെ കാലാവധി കഴിഞ്ഞത് അപ്പോഴാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. അതു കണ്ടതും പോലീസ് 5000 രൂപ പിഴ വേണമെന്നും പറഞ്ഞു. കാറിൽ നിന്നിറങ്ങിയ എന്റെ സുഹൃത്തുക്കൾ പോലീസുകാരുടെ അടുത്ത് ചെന്ന് പഞ്ചാബി ഹൗസിൽ അഭിനയിച്ച നടനാണെന്ന് എന്നെ പരിചയപ്പെടുത്തിയതോടെ പോലീസുകാരുടെ അതുവരെയുള്ള ഭാവം മാറി. പിഴ വേണ്ടെന്നു മാത്രമല്ല, നിറഞ്ഞ സ്‌നേഹത്തോടെ ചായയും മറ്റും വാങ്ങിത്തന്നാണ് പോലീസുകാർ പിന്നെ ഞങ്ങളെ യാത്രയാക്കിയത്. പോകാൻ നേരത്ത് പേന കൊണ്ട് എന്റെ കൈയ്യിൽ അവർ ഒരു അടയാളവും വരച്ചു തന്നു. ഇനി എവിടെവെച്ച് പോലീസ് പിടിച്ചാലും ഇതു കാണിച്ചാൽ മതിയെന്നും പറഞ്ഞു. രണ്ടു വർഷം മുമ്പ് എന്റെ മകൻ ജീൻ പഞ്ചാബിൽ യാത്ര നടത്തിയപ്പോഴും ഇതുപോലൊരു അനുഭവമുണ്ടായി. പോലീസുകാർ അന്നും അവന്റെ കൈയ്യിൽ എന്റെ കൈയ്യിൽ വരച്ചതുപോലെ ഒരു അടയാളമിട്ടു കൊടുത്തിരുന്നു...'' ലാൽ പഞ്ചാബി പോലീസ് പിടിച്ച കഥ പറയുന്നതുകേട്ട് നിറഞ്ഞ ചിരിയിലായിരുന്നു പവൻജിത് കൗർ.

മറക്കാത്ത ദീപാവലി മധുരം

പണ്ടുനാൾ മുതൽ പഞ്ചാബികളിൽ നിന്ന് കിട്ടിയിരുന്ന ദീപാവലി മധുരവും ഇന്നും മറക്കാതെ ലാലിന്റെ മനസിലുണ്ട്. ''എന്റെ മക്കൾക്ക് പഞ്ചാബി ഭക്ഷണം വളരെ ഇഷ്ടമാണ്. അവർ എന്നെയും കൂട്ടി പലപ്പോഴും പഞ്ചാബി ഭക്ഷണം കഴിക്കാൻ പോകാറുണ്ട്. ദീപാവലി നാളിൽ കിട്ടുന്ന പഞ്ചാബി മധുരം ഒരുപാട് കഴിച്ചിട്ടുണ്ട്. 30 വർഷം മുമ്പേ എന്റെയും സിദ്ദിഖിന്റേയും സുഹൃത്തായിരുന്ന കുർദീപ് കൗർ എന്ന പഞ്ചാബുകാരി എല്ലാ ദീപാവലിക്കും ഒരുപാട് മധുരം കൊണ്ടുവന്നു തരുമായിരുന്നു. ഇപ്പോൾ പവൻജിത് കൊണ്ടുത്തന്ന ആട്ടാ പീന്നിയും കാജു കട്‌ലിയും ഗുജിയയുമൊക്കെ ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട്. അതുപോലെ ഇവർ എടുത്താൽ പൊങ്ങാത്ത വലിയ ഗ്ലാസിൽ തരുന്ന പട്യാല ലസ്സിയും ഒരുപാടിഷ്ടമാണ്...'' ലാലിന്റെ വാക്കുകൾ തീരുംമുമ്പേ പവൻജിത് വലിയ ഗ്ലാസിൽ പട്യാല ലസി സിക്കന്ദറിന്റെ മുന്നിലേക്ക് നീട്ടി.

Content Highlights: Actor Lal at Punjabi Dhaba Diwali 2020 Diwali Celebration