വീഞ്ഞ് എന്ന് കേള്‍ക്കുമ്പോള്‍ മുന്തിരിയും ആപ്പിളും ചാമ്പക്കയും പൈനാപ്പിളും ഒക്കെയാണ് മനസ്സിലെത്തുക. എന്നാല്‍ വീഞ്ഞ് തയ്യാറാക്കുന്നതിലെ സര്‍ഗാത്മകതയാണ് വടക്കാഞ്ചേരി അത്താണിയിലെ സ്പിന്നര്‍ ഗ്രൂപ്പ് വ്യവസായ സ്ഥാപനങ്ങളുടെ ഉടമ ആലീസ് ജോര്‍ജ്കുട്ടിയെ വ്യത്യസ്തയാക്കുന്നത്. ഔഷധഗുണങ്ങളേറെയുള്ള തുളസിക്കതിരിലായിരുന്നു പരീക്ഷണം. ഇതിന്റെ രുചിയും നിറവും ഔഷധഗുണവും കുടുംബസുഹൃത്തുക്കള്‍ക്ക് പുതുമ സമ്മാനിച്ചതോടെ വീട്ടില്‍ വിരുന്നെത്തിയാല്‍ അവര്‍ ആദ്യം ആവശ്യപ്പെടുന്നത് തുളസിക്കതിര്‍ വീഞ്ഞാണെന്ന് ആലീസ് പറയുന്നു. വീഞ്ഞിന് വയലറ്റ് നിറമാണ്.

ചേരുവകള്‍

തുളസിക്കതിര്‍-ഒരു കിലോഗ്രാം
ശര്‍ക്കര/പഞ്ചസാര-750 ഗ്രാം
ഏലക്കായ-25 ഗ്രാം
കറുവപ്പട്ട-25 ഗ്രാം
ഗ്രാമ്പു-25 ഗ്രാം
സൂചിഗോതമ്പ്-25 ഗ്രാം

പഞ്ചസാരയുടെ അളവ് കുറയ്ക്കേണ്ടവര്‍ക്ക് കുറയ്ക്കാം.

തയ്യാറാക്കുന്ന വിധം

തുളസിക്കതിര്‍ കഴുകി നല്ലവണ്ണം വെള്ളം കളയുക. ശേഷം ചെറിയ വെയിലത്ത് ജലാംശം പൂര്‍ണമായും ഒഴിവായെന്ന് ഉറപ്പുവരുത്തി ഭരണിയില്‍ തുളസിക്കതിരടക്കമുള്ള ചേരുവകള്‍ ഇട്ട്, അതില്‍ പതിമുകം തിളപ്പിച്ചാറിയ വെള്ളം ചേര്‍ക്കും. പിന്നീട് തിളപ്പിച്ചാറിയ വെള്ളം ചേരുവകളെല്ലാം നന്നായി മുങ്ങുന്നവിധത്തില്‍ ഒഴിക്കും. തുടര്‍ന്ന് മരത്തവികൊണ്ട് ഇളക്കുന്നു. വായു കടക്കാത്തവിധം ഭരണി മൂടി നല്ല തുണി ഉപയോഗിച്ച് കെട്ടിവെയ്ക്കും. 21 ദിവസം കഴിഞ്ഞാല്‍ അരിച്ചെടുത്താല്‍ തുളസിക്കതിര്‍ വീഞ്ഞ് തയ്യാര്‍.

Content Highlights: Christmas 2021, Thulasi kathir wine, Thulasi wine