ഡ്ജറ്റ് ട്രാവലര്‍ ആയതുകൊണ്ട് പലപ്പോഴും  ഓഫ് സീസണ്‍ നോക്കിയാണ് വിദേശ യാത്രകള്‍ ചെയ്യാറുള്ളത്.ഡിസംബര്‍ ലോകം മുഴുവന്‍ ആഘോഷങ്ങളുടെ മാസമാണല്ലോ. പീക് സീസണ്‍ ആയിരിക്കും എല്ലാറ്റിന്റെയും. പക്ഷെ ഒരു ക്രിസ്മസ് കാലം മലേഷ്യയിലേക്ക്  യാത്ര ചെയ്ത ഞാന്‍ ആ സീസണിന്റെ അഡിക്റ്റ് ആയിപ്പോയി. പൂര്‍ണ ചന്ദ്രനെ  തൊടാനായി മത്സരിക്കുന്ന പെട്രോണാസ് ട്വിന്‍ ടവറും ആകാശത്തുനിന്നെന്ന പോലെയുള്ള സൈക്കഡലിക് വര്‍ണങ്ങളുമെല്ലാം ചേര്‍ന്ന് ഒരുഗ്രന്‍ ദൃശ്യ വിരുന്ന്. മഞ്ഞിന്റെ ആവരണമില്ലെങ്കിലും അന്നു കണ്ട ഡിസംബര്‍ കാഴ്ചകള്‍ ഹൃദയത്തിലിന്നുമുണ്ട്.

ലോകത്തിലെ ഏറ്റവും ഉയരമേറിയ ഈ ഇരട്ടഗോപുരങ്ങള്‍ പെട്രോനാസ് എന്ന ദേശീയ എണ്ണ കമ്പനിയുടെ മാഗ്‌നം ഓപസ് ആണ്. സുവര്‍ണ്ണ ചതുരത്തിലെ 50 ഏക്കറില്‍ പെട്രോനാസ് ഉയര്‍ന്നു നില്ക്കുന്നു.മലേഷ്യന്‍ ജനതയുടെ അധ്വാനത്തിന്റെ, ആത്മവിശ്വാസത്തിന്റെ ധ്വജസ്തംഭം. മഴമാറി തെളിഞ്ഞ ആ വൈകുന്നേരം നക്ഷത്ര ദീപങ്ങളില്‍ കുളിച്ച പെട്രോനാസ് ടവേര്‍സ് കണ്‍കുളിര്‍ക്കെ കണ്ടു... എണ്‍പത്തിയെട്ടു നിലകള്‍. ആകാശത്തേക്ക് തുറക്കുന്ന മുപ്പത്തിരണ്ടായിരം ജാലകങ്ങള്‍..

41 ഉം 42 ഉം നിലകളെ ബന്ധിപ്പിച്ചുള്ള ആകാശപ്പാലം, ഗ്ലാസും ഉരുക്കും യഥേഷ്ടം ഉപയോഗിച്ചുള്ള അദ്ഭുത നിര്‍മ്മിതി,  ടവറിനുള്ളില്‍ നിറയെ ഹൈ എന്‍ഡ് ബ്രാന്‍ഡ് ഷോപ്പുകള്‍... കൂടാതെ അല്‍ജസീറ, മൈക്രോസോഫ്ട് ,ഐ ബി എം, റോയിട്ടേഴ്‌സ് തുടങ്ങിയവയുടെ ഓഫീസുകള്‍. സ്വപ്ന സദൃശമെന്നു തോന്നിച്ച അലങ്കാരങ്ങളുമായി ഉള്ളിലെ വമ്പന്‍ ഷോപ്പിംഗ് മാള്‍ ക്രിസ്മസ് അലങ്കാരങ്ങളില്‍ നിറഞ്ഞു കവിഞ്ഞിരുന്നു. ആ രാത്രി വിസ്മയങ്ങളുടെതായിരുന്നു..

മാലദ്വീപുകള്‍

തണുത്ത കാറ്റ് വെളുത്ത മണല്‍ത്തിരകളെ തൊട്ടുരുമ്മുന്ന കടല്‍തീരങ്ങളുമായി മാല്‍ഡീവ്‌സ്  ഡിസംബറില്‍ സഞ്ചാരികള്‍ക്കായി അണിഞ്ഞൊരുങ്ങും.. സ്നോര്‍കലിങ്, ഡൈവിംഗ് തുടങ്ങിയ വാട്ടര്‍ സ്‌പോര്‍ട്‌സുകള്‍ നിറഞ്ഞ ബീച്ചിലാകെ ഹണിമൂണ്‍ ദമ്പതികളുടെ തിരക്കാവും. 

തലസ്ഥാന നഗരമായ മാലെ ഇവിടത്തെ ഏറ്റവും ജനപ്രിയ ദ്വീപാണ്. നിറമുള്ള ലഗൂണുകള്‍ നിറഞ്ഞ മീര ഐലന്‍ഡ്, സ്വയം പ്രകാശിക്കുന്ന ഫൈറ്റോപ്ലാങ്ക്ടണുകള്‍  നിറഞ്ഞ റാ  അറ്റോള്‍, കടലിലൂടെ മന്ദം ചലിക്കുന്ന ക്രൂയിസുകള്‍ തുടങ്ങി മാലദ്വീപ് ഡിസംബര്‍ ടൂറിലെ അനിഷേധ്യമായ സാന്നിധ്യമാണ്. കടലിനു തൊട്ടു മുകളില്‍ താമസിക്കാവുന്ന വാട്ടര്‍  വില്ലകളും ശ്രദ്ധേയമാണ്. 

മാലി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആണ് മേജര്‍ എയര്‍പോര്‍ട്ട്. കൊച്ചിയില്‍ നിന്നും, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് , ശ്രീലങ്കന്‍ എയര്‍ലൈന്‍സ് എന്നിവ സര്‍വീസ് നടത്തുന്നു, കപ്പല്‍ മാര്‍ഗ്ഗവും മാലദ്വീപില്‍ എത്താം. മൂന്നു ദിവസം ആഡംബര കപ്പലില്‍ ഉല്ലസിച്ചു ദ്വീപില്‍ എത്തിച്ചേരാം. കരിനീലകടലും ശാന്തസുന്ദര ബീച്ചുകളും പവിഴപ്പുറ്റുകളും സഞ്ചാരികളെ കാത്തിരിക്കുന്നു.

ന്യൂയോര്‍ക്ക് 

ബ്രയന്റ് പാര്‍ക്കിലെ റോക് ഫെല്ലെര്‍   സെന്ററിലെ നൂറടി ഉയരമുള്ള ട്രീയില്‍ നിന്ന് തുടങ്ങുന്ന ന്യൂയോര്‍ക്ക് ക്രിസ്മസ് കഥ യാത്രികര്‍ക്ക് ഹരം പകരുന്നതാണ്. രാത്രികാല പവിലിയനുകളും ഊര്‍ജം തുളുമ്പുന്ന ഹോളിഡേ മാര്‍ക്കറ്റും ന്യൂയോര്‍ക്കിലെ ക്രിസ്മസ് രാത്രികളെ മറക്കാനാകാത്തതാക്കുന്നു.  ടൈം സ്‌ക്വയര്‍ അന്ന് ജനനിബിഢമാകും. പ്രകാശപൂരിതമായ ഒരുത്സവപറമ്പാണ് എല്ലാ കാലവും ടൈം സ്‌ക്വയര്‍. തെരുവ് കലാകാരന്മാരും സുവനീര്‍ കച്ചവടക്കാരും മജീഷ്യന്മാരും ഒക്കെയായി ഡിസംബര്‍ ആകുന്നതോടെ അതിന്റെ എല്ലാ ഗംഭീര്യത്തിലേക്കും ഇവിടം എത്തിച്ചേരും.

റോക്‌ഫെല്ലറിലെ  ട്രീ ലൈറ്റിങ് ആഘോഷങ്ങള്‍ക്ക് ഏഴ് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.ഹഡ്‌സണ്‍ നദീതീരത്തുള്ള ഹാമില്‍ട്ടന്‍ പാര്‍ക്കില്‍ നിന്നു ദീപാലംകൃതമായ അംബര ചുംബികള്‍ നോക്കി എത്ര വേണമെങ്കിലും നില്‍ക്കാം.സെന്‍ട്രല്‍ പാര്‍ക്കിലാണ് വലിയ ഐസ് സ്‌കേറ്റിങ് റിങ് ഉള്ളത്. മഞ്ഞു മഴയും അതിശൈത്യവുമൊന്നും ആഘോഷത്തിമിര്‍പ്പിനെ ഇവിടെ ബാധിക്കുന്നതേയില്ല.

ലണ്ടന്‍ 

ഏതാണ്ട് 6 ഡിഗ്രി സെല്‍ഷ്യസില്‍ മഞ്ഞില്‍ പുതഞ്ഞ പുല്‍പ്പരപ്പുകളും തിളങ്ങുന്ന ക്രിസ്മസ് മാര്‍ക്കറ്റുകളും ഒക്കെയായി ലണ്ടനില്‍ ക്രിസ്മസ് മറക്കാനാകാത്തതാകുന്നു. ചാരിങ് ക്രോസ് സ്റ്റേഷന്റെ അടുത്തുള്ള ട്രഫല്‍ഗര്‍ സ്‌ക്വയറില്‍ അലങ്കാരങ്ങളുയരും.കരോള്‍ ഗീതങ്ങള്‍ മുഴങ്ങും. നോര്‍വീജിയന്‍ പൂമരം ആഘോഷവിളക്കുകളാല്‍ തിളങ്ങും. 

ചരിത്രവുമായി ഇഴചേര്‍ന്നു  കിടക്കുന്ന വെസ്റ്റ് മിനിസ്റ്റര്‍ ചര്‍ച്ചില്‍ നിറയെ വിശ്വാസികള്‍ നിറയും. ഐസ് സ്‌കേറ്റിങ്ങിനായി അലക്സാണ്ടര്‍ പാലസിലും സോമര്‍സെറ്റ് ഹൗസിലും ഒക്കെ റിങ്ങുകള്‍ നിറയും. വൗ എന്ന അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞുപോകുന്നത്ര മനോഹരമാണ് ലണ്ടനിലെ ക്രിസ്മസ് ലൈറ്റുകള്‍. വിന്റര്‍ വണ്ടര്‍ലാന്‍ഡിലും ലണ്ടന്‍ ബ്രിഡ്ജ്‌ലും ഗ്രീന്‍വിച്ചില്‍ ഉള്ള മാര്‍ക്കറ്റുകളിലും നിറയെ ആള്‍ക്കൂട്ടമാണ്. പബ്ബ്കളില്‍ പഴക്കമേറിയ വീര്യമേറിയ വൈനിന്റെ ബാരലുകള്‍ മറിയുന്ന കാലം കൂടിയാണിത്.

ക്രിസ്മസിന്റെ അടുത്ത ദിവസമായ ബോക്‌സിങ് ഡേയില്‍ വളരെ വിലക്കുറവില്‍ സാധനങ്ങള്‍ സ്വന്തമാക്കാം 

ദുബായ് 

ആഘോഷങ്ങളുടെ നഗരമാണ് ദുബായ്. യൂറോപ്യന്‍ രാജ്യങ്ങളുടെ മഞ്ഞുമൂടിയ ഏകതാനമായ മഞ്ഞു മൂടിയ  ക്രിസ്മസ് ആഘോഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടം ആഘോഷസാന്ദ്രമാണ്. ആകെയൊരു അഡ്രിനാലിന്‍  ഡ്രിവണ്‍ അന്തരീക്ഷം. ആഡംബരത്തിന്റെ അവസാനവാക്കെന്നവണ്ണം പോലെ അണിഞ്ഞൊരുങ്ങിയ നഗരം. തീന്മേശകളില്‍ ടര്‍ക്കിക്കോഴികളെ നിരത്തി മുന്തിയ വൈനൊരുക്കി കാത്തിരിക്കുന്ന ഹോട്ടലുകള്‍. ഡിസംബര്‍ രണ്ടിലെ തങ്ങളുടെ ദേശീയ ദിനത്തിന് തന്നെ അണിഞ്ഞൊരുങ്ങുന്ന എമിരേറ്റ്‌സ് ക്രിസ്മസ് പുതുവര്ഷവും അടുക്കുന്നതോടെ പ്രകാശം നിറഞ്ഞ മറ്റേതോ ഒരു ഗ്രഹം പോലെ ആകും. ക്രൂയിസുകള്‍ അന്നേരം ഫ്ളോട്ടിങ് മാര്‍ക്കറ്റുകളാകും. ക്രിസ്മസ് ഗാനം നിറഞ്ഞ ബാലെയും ഓപ്പറ കളുമായി സംഗീതത്തില്‍ മുങ്ങി നിവരും രാവുകള്‍. വ്യത്യസ്തമായ ആഘോഷങ്ങള്‍ ഇനിയുമുണ്ട്.

ദുബായ് അല്‍ ഐന്‍ റോഡില്‍ ഒട്ടകങ്ങളുടെ ഓട്ടമത്സരമുണ്ട്, ന്യൂ ഇയറിന് തലേ ദിവസം റെക്കോര്‍ഡ് ബ്രെക്കിങ് ഫയര്‍ വര്‍ക്കുകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. നിറങ്ങള്‍ വാരിയണിഞ്ഞ ബുര്‍ജ് ഖലീഫ കണ്ണുകളുടെ സ്‌ക്രീനുകളില്‍ സൈക്കഡലിക് ചിത്രങ്ങള്‍ വിരിയും. ഗലാ ഡിന്നറുകള്‍ നിറഞ്ഞ ബീച്ചുകളുമായി ദുബായ് കടല്‍ത്തീരം ആഘോഷത്തിമിര്‍പ്പിലാകും.ജബല്‍ ആലിയിലെ സെന്റ് ഫ്രാന്‍സിസ് അസ്സിസി പള്ളി അന്നു ഭക്തിസാന്ദ്രമാകും.

ഡിസംബറിലെ അസൗകര്യങ്ങള്‍ 

ഹോട്ടലുകളിലെ താമസച്ചെലവ്‌ റോക്കറ്റുപോലെ കുതിച്ചുകയറും. ഹോട്ടലില്‍ മുറികളെല്ലാം നേരത്തെ ബുക്ക് ചെയ്തിട്ടുണ്ടാകും. അതു കൊണ്ട് വളരെ അഡ്വന്‍സ് ആയി ബുക്ക് ചെയ്യേണ്ടി വരും. ഫ്‌ലൈറ്റും അങ്ങനെ തന്നെ.ദിവസത്തിന്റെ  ദൈര്‍ഘ്യം  കുറവായതു കൊണ്ടും കാലാവസ്ഥ നോക്കി മാത്രം പുറത്തിറങ്ങേണ്ടത് കൊണ്ടും പല ട്രാവല്‍ പ്ലാനുകളും തെറ്റാന്‍ സാധ്യത ഉണ്ടാവും എന്നും ഓര്‍ക്കുക.

ഇപ്പോള്‍ കൊറോണക്കാലമായതിനാല്‍ പലയിടങ്ങളിലും യാത്രകള്‍ക്ക് വിലക്കുണ്ട്. അവയറിഞ്ഞ് വേണം യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍. കുട്ടികളെയും പ്രായമായവരെയും കൊണ്ടുള്ള യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പലരാജ്യങ്ങളും സഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന അവരുടെ തനതായ ആഘോഷങ്ങള്‍ പലതും ഇത്തവണ മാറ്റിവച്ചിട്ടുണ്ടാവും. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷം മാത്രം യാത്രപുറപ്പെടുക. 

Content Highlights: Christmas Travel, Christmas 2021