ഷാർജ: ഉണ്ണിയേശുവിന്റെ ജനനപെരുന്നാളിനെ വ്യത്യസ്തമായ നാടൻ വിഭവങ്ങളൊരുക്കി വരവേൽക്കുകയാണ് കൊച്ചി വൈപ്പിൻ സ്വദേശിനി ആനി ഡെയിസ്. ഷാർജയിൽ താമസിക്കുന്ന ആനി കേരളീയ വിഭവങ്ങൾ കൊണ്ടാണ് ഈ ക്രിസ്‌മസ്‌ ദിനത്തിൽ പുതുമ സൃഷ്ടിക്കുന്നത്. ബേക്കിങ് ഇൻസ്ട്രക്ടർ കൂടിയായ അവർ പാചക ക്ലാസുകളുമായി ഓൺലൈനിലും സജീവമാണ്. ക്രിസ്‌മസ്‌ ആശയങ്ങൾ ഭക്ഷണ വിഭവങ്ങളിൽ പ്രതിഫലിപ്പിച്ചാണ് ആനി ഈ ദിവസത്തെ ആഘോഷമാക്കുന്നത്. ക്രിസ്‌മസിലെത്തുന്ന സാന്റാക്ലോസ് മാതൃകയിൽ ദോശ ഉണ്ടാക്കിയും ഇഡലി - സാമ്പാറിൽ 'സ്നോമാനെ' സൃഷ്ടിച്ചുമാണ് ഈ ക്രിസ്‌മസിനെ വരവേൽക്കുന്നത്. ദോശയുടെ കൂടെയുള്ള ചട്നി അപ്പൂപ്പന്റെ തൊപ്പിയെ പ്രതീകാത്മകമായി ഒരുക്കിയിട്ടുണ്ട്. ബെത്‌ലഹേമിൽ ഉണ്ണിയേശു പിറന്ന സന്തോഷത്തെ നാടൻ 'കപ്പയും മീനും' കൊണ്ടാണ് ആനി പുനരാവിഷ്കരിച്ചത്. മഞ്ഞുപെയ്യുന്ന രാത്രിയിലെ നക്ഷത്ര തിളക്കത്തിൽ ഉണ്ണിയേശു പിറന്നതിനാൽ 'മഞ്ഞുതൊപ്പിയും കൈയ്യുറ'യും പിടി കൊഴുക്കട്ടകൊണ്ടുണ്ടാക്കി. മൃദുവായ അരിപ്പൊടിയിൽ തേങ്ങ, പഞ്ചസാര, ഉപ്പ് എന്നിവ കൃത്യമായ അളവിൽ ചേർത്ത് ഇളംചൂടുവെള്ളത്തിൽ കുഴച്ച് നൂലുപോലെയാക്കി പ്രത്യേക ആകൃതിയിൽ മെടഞ്ഞ് ആവിയിൽ വേവിച്ചെടുക്കുന്നതാണ് കമ്പിളിയുടെ മഞ്ഞുതൊപ്പിയും കൈയ്യുറയും പലഹാരത്തിൽ രൂപപ്പെടുത്തിയത്.

christmas food
ആനി ഡെയിസ്

ബൺകൊണ്ട് ക്രിസ്‌മസ്‌ ട്രീ ഉണ്ടാക്കിയും വേറിട്ട കാഴ്ചയൊരുക്കി. ആദ്യം സാധാരണയായി ഉണ്ടാക്കുന്നവിധം മിൽക്ക് ബൺ ഉണ്ടാക്കിയശേഷം 16 കഷ്ണങ്ങളാക്കണം. ബണ്ണിൽ ഇഷ്ടാനുസരണം ചീസ്, ചോക്ളേറ്റ് ക്രീം അങ്ങിനെയേതും ചേർക്കാം. തുടർന്ന് ക്രമാനുസൃതം ബൺ അടുക്കിവെച്ച് ത്രികോണാകൃതിയിൽ ക്രിസ്‌മസ്‌ ട്രീ രൂപത്തിലാക്കുകയായിരുന്നെന്ന് ആനി പറഞ്ഞു. ക്രിസ്‌മസിൽ സാധാരണയായി പാശ്ചാത്യ വിഭവങ്ങൾകൊണ്ടാണ് വ്യത്യസ്തങ്ങളായ കേക്കുകളും മധുര പലഹാരങ്ങളും ഉണ്ടാക്കുന്നതെങ്കിലും ആനി മലയാളികൾക്ക് പ്രിയമുള്ള നാടൻ പലഹാരങ്ങളാണ് ക്രിസ്‌മസ്‌ വിഭവങ്ങളാക്കിയത്.

അങ്ങിനെ കേരളീയ അടുക്കളകളിൽ പതിവ് പലഹാരങ്ങളായ ദോശ, ഇഡലി, പുട്ട് എന്നിവയിലെല്ലാം ഉണ്ണിയേശുവും നക്ഷത്രങ്ങളും അപ്പൂപ്പനും പുനരാവിഷ്കരിച്ച് സാമൂഹിക മാധ്യമങ്ങളിലടക്കം കൈയടി നേടുകയാണ് ആനി. ഷാർജയിലെ പീഡിയാട്രീഷ്യൻ ഡോ.ഡെയിസിന്റെ ഭാര്യയാണ് ആനി. 15 വർഷമായി ഷാർജയിലുണ്ട്. രണ്ടുമക്കളുണ്ട്.

Content Highlights: christmas food, christmas food dishes, christmas food ideas