ണങ്ങളെ അകറ്റിനിര്‍ത്തി ഒരു ക്രിസ്മസില്ല. അതിന് ഭാഷയുടെയും ദേശത്തിന്റെയും വ്യത്യാസവുമില്ല. ക്രൈസ്തവ ഭക്തിഗാനങ്ങള്‍ എന്ന ഗണത്തിലാണ് പിറവിയെടുത്തതെങ്കിലും മലയാളി നെഞ്ചേറ്റിയ ചില ഗാനങ്ങള്‍ തൃശ്ശൂരിന്റെ സംഭാവനയാണ്. അതില്‍ രചയിതാക്കളുണ്ട്, സംഗീതസംവിധായകരുണ്ട്, ഗായകരുണ്ട്, ഓര്‍ക്കസ്ട്ര നിര്‍വഹിച്ചവരുണ്ട്, മ്യൂസിക് കോ-ഓര്‍ഡിനേറ്ററുണ്ട്.

ക്രിസ്മസ് കാലത്ത് മാത്രം പാടുന്നവയല്ല ഈ ഗാനങ്ങളെന്നതാണ് തൃശ്ശൂര്‍ ഗാനങ്ങളുടെ പ്രത്യേകതയും. എന്നാല്‍, ക്രിസ്മസ് അടുക്കുമ്പോള്‍ ഇവയ്ക്കുണ്ടൊരു സവിശേഷചാരുതയും ഊര്‍ജവും.

കാലിത്തൊഴുത്തില്‍ പിറന്നവനേ....

നാലു പതിറ്റാണ്ട് പിന്നിട്ടിട്ടും മലയാളത്തിലെ ക്രിസ്മസ് ഗാനങ്ങളുടെ പട്ടികയില്‍ ഒന്നാമതെന്ന് പറയാവുന്ന ' കാലിത്തൊഴുത്തില്‍ പിറന്നവനേ... കരുണ നിറഞ്ഞവനേ..' എന്ന ഗാനത്തിന്റെ ശില്പികള്‍ രണ്ടു തൃശ്ശൂരുകാരാണ്. 1979-ല്‍ സായുജ്യം എന്ന സിനിമയ്ക്കുവേണ്ടി യൂസഫലി കേച്ചേരി എഴുതിയ വരികള്‍ക്ക് ഈണമിട്ടത് നെല്ലിക്കുന്നുകാരനായ സംഗീതസംവിധായകന്‍ കെ.ജെ. ജോയിയാണ്.

ഹല്ലേലുയ്യ... ഹല്ലേലുയ്യ... എന്ന വാക്കുകള്‍ യൂസഫലി എഴുതിച്ചേര്‍ത്തത് പാട്ടിന്റെ ശക്തി കൂട്ടിയതായി ജോയി പറഞ്ഞിട്ടുണ്ട്. പി. സുശീലയും സംഘവും പാടിയ പാട്ടാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരുപാട് സംഗീതോപകരണങ്ങളും കോറസും ഒക്കെ ഉപയോഗിച്ച റെക്കോര്‍ഡിങ്ങായിരുന്നു. എന്നാല്‍, കാര്യമായ റിഹേഴ്സല്‍ വേണ്ടിവന്നില്ല. 'ഉണ്ണീശോയുടെ പാട്ടല്ലേ ... എല്ലാം നന്നായി വന്നു' എന്നാണ് പില്‍ക്കാലത്ത് കെ.ജെ. ജോയി പറഞ്ഞത്. പാതിരാ കുര്‍ബാന സമയത്തും ഈ പാട്ട് പള്ളികളില്‍ മുഴങ്ങണമെങ്കില്‍ അതിന്റെ മാസ്മരികത എത്രയുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ

നെല്ലിക്കുന്നിലെ ക്വയറും ജോണ്‍സണും

എഴുപതുകളുടെ മധ്യത്തില്‍ നെല്ലിക്കുന്നിലെ അപ്രേം പള്ളിയുടെ തളത്തില്‍ ഡിസംബറില്‍ ഒരു സംഘം ചെറുപ്പക്കാര്‍ ഒത്തുകൂടിയിരുന്നു. ഡിസംബര്‍ ആദ്യയാഴ്ച മുതല്‍ അവരുടെ മുന്നില്‍ ഒറ്റ ചിന്ത മാത്രം. ക്രിസ്മസിന് ഒരാഴ്ച മുമ്പെങ്കിലും ഒരു പാട്ട് ഉണ്ടാക്കിയെടുക്കുക. അത് വെറും പിള്ളേരുകളിയല്ല. സംഗീതോപകരണങ്ങള്‍ ഉപയോഗിച്ച് തങ്ങളാല്‍ കഴിയുന്ന മികച്ച ഒരു ഗാനം രൂപപ്പെടുത്തുകയാണ് ലക്ഷ്യം.

ഈണം സ്വന്തമായൊന്നും ഉണ്ടാക്കാന്‍ തരത്തിലേക്ക് സംഘാംഗങ്ങള്‍ ഉയര്‍ന്നിരുന്നില്ല. എന്നാല്‍ അതിലൊരാള്‍ പില്‍ക്കാലത്ത് മലയാളത്തിന് ഒരുപാട് പ്രിയങ്കരമായ ഈണങ്ങള്‍ സമ്മാനിച്ച സംഗീതസംവിധായകന്‍ ജോണ്‍സണായിരുന്നു.

മിക്കവാറും ഹിന്ദി ഹിറ്റ് ഗാനങ്ങളുടെ ഈണങ്ങള്‍ കടമെടുത്ത് അതിനൊത്ത മലയാളം വരികള്‍ എഴുതിയൊപ്പിക്കുകയാണ് ചെയ്തിരുന്നത്. മേരെ സപ്നോം കീ റാണി കബ് ആയേഗീ..., ചാഹേ മുച്ഛേ കോയീ ജംഗ് ലീ..., യേ ദോസ്തി ഹം നഹീ തോടേംഗെ... എന്നീ ഫാസ്റ്റ് നമ്പരുകള്‍ കാരള്‍ ഗാനങ്ങളായി രൂപപ്പെട്ടു. വി.സി. ജോര്‍ജ് പുല്ലാങ്കുഴല്‍ വായിക്കും. ഏത് ഉപകരണങ്ങളും കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പോടെയാണ് ജോണ്‍സണ്‍ എത്താറുള്ളത്.

ക്രിസ്മസിന് ഒരാഴ്ച മുമ്പ് തന്നെ പാട്ടുകള്‍ രൂപപ്പെട്ടുകഴിയുമായിരുന്നെന്ന് അന്നത്തെ സംഘത്തിലെ ജൂനിയറായിരുന്ന, ഇപ്പോള്‍ മലയാള പഠന ഗവേഷണ കേന്ദ്രം ഡയറക്ടറായ കെ. ജോയ് പോള്‍ ഓര്‍ക്കുന്നു.

പള്ളിയുടെ എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വരെയുള്ള വീടുകളില്‍ കാരള്‍ അവതരിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. കാര്‍ വാടകയ്ക്കെടുത്താണ് സംഘത്തിന്റെ യാത്രകളും.

ആത്മാര്‍ഥതയില്‍ പിറന്ന ഓരോ കാരള്‍ ഗാനവും ജോണ്‍സന്റെ സംഗീതയാത്രയിലേക്കുള്ള ചവിട്ടുപടികളായി മാറുകയായിരുന്നു.

വാതില്‍ തുറക്കൂ നീ കാലമേ....

'വാതില്‍ തുറക്കൂ നീ കാലമേ
കണ്ടോട്ടെ സ്‌നേഹസ്വരൂപനെ
കുരിശില്‍ പുളയുന്ന നേരത്തും
ഞങ്ങള്‍ക്കായി പ്രാര്‍ഥിച്ച യേശുമഹേശനെ..'

1979-ല്‍ 'കാലിത്തൊഴുത്തില്‍..' എഴുതിയ യൂസഫലി തന്റെ വാക്വിസ്മയം 1997-ല്‍ മറ്റൊരു ക്രിസ്മസ് ഗാനത്തിലൂടെയും മലയാളിക്കെത്തിച്ചു. ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റല്‍ എന്ന ചിത്രത്തിലെ 'വാതില്‍ തുറക്കൂ നീ കാലമേ..' എന്ന ഗാനത്തിന് ഈണമിട്ടത് ബോംബെ രവി. പാട്ടിലെ ദൃശ്യങ്ങളില്‍ പള്ളിക്കുള്ളില്‍നിന്ന് ഈ പാട്ട് പാടുന്നത് ഒരു ബാലനാണ്. കാലം മറക്കാത്ത ക്രിസ്മസ് ഗാനമായി ഈ പാട്ട് മനസ്സിലേക്കെത്തുന്നതിനു പിന്നില്‍ വരികളിലെ ലാളിത്യം തന്നെയാണ്.

ബൈബിള്‍ സന്ദര്‍ഭങ്ങളെ നന്നായി ഗ്രഹിച്ച് യൂസഫലി എഴുതിയതാണെന്ന് വരികളില്‍ വ്യക്തം. കടലിനുമീതേ നടന്നവനെന്ന് പാടി യേശുനാഥന്റെ ജീവിതവഴിയിലേക്ക് കേള്‍വിക്കാരനെ ആനയിക്കുന്ന പാട്ട്.ചിത്രയും യേശുദാസും ഈ പാട്ട് പാടിയിട്ടുണ്ട്.

ദേവദൂതര്‍ പാടി....

ക്രിസ്മസ് കാലത്തെ അടയാളപ്പെടുത്തുന്ന ആഘോഷഗാനത്തിന്റെ മികച്ച ഉദാഹരണമാണ് കാതോടുകാതോരത്തിലെ 'ദേവദൂതര്‍ പാടി..' എന്നത്. മലയാളത്തിന് തൃശ്ശൂര്‍ സംഭാവനചെയ്ത മികച്ച സംഗീതസംവിധായകരില്‍ ഒരാളായ ഔസേപ്പച്ചന്റെ വയലിനില്‍ പിറന്ന ട്യൂണ്‍. ദേവദൂതര്‍പാടി എന്ന പാട്ട് ആദ്യം തയ്യാറാക്കിയ ശൈലിയില്‍നിന്ന് ഒന്നു മാറ്റിപ്പിടിക്കാനുള്ള ഭരതന്റെ അഭിപ്രായത്തില്‍ നിന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത് രൂപപ്പെട്ടത്. നാല് ഉപകരണങ്ങള്‍ മാത്രമാണ് ഉപയോഗിച്ചത്. കീബോര്‍ഡ് എ.ആര്‍. റഹ്‌മാനും ഡ്രംസ് ശിവമണിയും ഗിത്താര്‍ പരേതനായ ജോണ്‍ ആന്റണിയും വയലിന്‍ ഔസേപ്പച്ചനുമാണ് വായിച്ചിരിക്കുന്നത്.

യേശുദാസ്, കൃഷ്ണചന്ദ്രന്‍, ലതിക, രാധിക എന്നിവര്‍ ചേര്‍ന്ന് പാടിയ ഗാനത്തില്‍ ക്രിസ്മസ് ചേരുവകള്‍ എഴുതിച്ചേര്‍ത്തത് ഒ.എന്‍.വി. കുറുപ്പ്. ചിത്രമൊരുക്കിയത് തൃശ്ശൂരിന്റെ ഭരതനും. ആഘോഷത്തിന്റെ മൂഡാണെങ്കിലും പാട്ടില്‍ മെലഡി കയറ്റിവിടാന്‍ ഔസേപ്പച്ചന്‍ ശ്രദ്ധിച്ചിട്ടുമുണ്ട്. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള നിര്‍മിതിയായി ദേവദൂതര്‍ അങ്ങനെ മാറി.

വിശ്വം കാക്കുന്ന നാഥാ...

പാട്ടെഴുതാന്‍ നിശ്ചയിച്ച കൈതപ്രത്തിന് എത്താന്‍ കഴിയാതിരുന്നപ്പോള്‍, സിനിമയുടെ സംവിധായകനായ സത്യന്‍ അന്തിക്കാട് വെറുതേ ഒന്ന് എഴുതി നോക്കിയ പാട്ടാണ് മികച്ച ക്രൈസ്തവഗാനങ്ങളിലേക്ക് ചേര്‍ക്കപ്പെട്ടത്. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയിലാണ് ഇത് സംഭവിച്ചത്. കൈതപ്രത്തിന് എത്താന്‍ കഴിയാതിരുന്നപ്പോള്‍ ടെന്‍ഷനടിച്ച സംഗീതസംവിധായകന്‍ ജോണ്‍സണെ ഒന്നു തണുപ്പിക്കാന്‍ വെറുതേ എഴുതിക്കൊടുത്തതാണ് ' വിശ്വം കാക്കുന്ന നാഥാ...'.

ആദ്യവരിയില്‍ സത്യന്‍ എഴുതിയത് ദേവാ.. എന്ന വാക്കായിരുന്നു. ഇത് മാറ്റി നാഥാ എന്നാക്കിയാലോ എന്ന് ജോണ്‍സണ്‍. എന്തു സ്വാതന്ത്ര്യവും ജോണ്‍സണ് നല്‍കി തന്റെ ജോലിയിലേക്ക് അന്തിക്കാട് കടന്നു. കമ്പോസിങ് കഴിഞ്ഞപ്പോഴേക്കും കൈതപ്രം എത്തി. പക്ഷേ, പാട്ട് കേട്ടപ്പോള്‍ അത് മാറ്റാന്‍ അദ്ദേഹം സമ്മതിച്ചില്ല. അങ്ങനെ രണ്ട് തൃശ്ശൂര്‍ക്കാരുടെ കൈയൊപ്പോടെ ' വിശ്വം കാക്കുന്ന നാഥന്‍..' മലയാളിക്ക് കിട്ടി.

യറുശലേമിലെ സ്വര്‍ഗദൂത....

പി.ജയചന്ദ്രന്റെ ആലാപനമാണ് 'യറുശലേമിലെ സ്വര്‍ഗദൂത'... എന്ന ഗാനത്തെ വേറിട്ടുനിര്‍ത്തുന്നത്. 1973 ല്‍ പുറത്തുവന്ന ചുക്ക് എന്ന സിനിമയില്‍ വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാനം പി. സുശീലയ്‌ക്കൊപ്പമുള്ള യുഗ്മഗാനമാണിത്. 'കാല്‍വരിയുടെ താഴ് വരയില്‍ മുള്‍മുടിയില്ലാ...നിന്റെ രാജ്യം..ഇത് നിന്റെ രാജ്യം.. എന്ന വരികള്‍ ഈ പാട്ടിനെ കൂടുതല്‍ പ്രശസ്തമാക്കി.

Content Highlights: Christmas 2121, christmas songs from Thrissur origin