കൊച്ചി: കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറി ക്രിസ്മസ് വിപണി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എല്ലാ മേഖലകളിലും വില്പനയിലും അന്വേഷണങ്ങളിലും ഉണര്‍വ് വന്നിട്ടുണ്ട്. ഇത്തവണ ആഘോഷങ്ങള്‍ക്ക് തിളക്കമേറിത്തുടങ്ങിയെന്നാണ് വ്യാപാരികള്‍ പറയുന്നത്. ക്രിസ്മസ് അലങ്കാര ഉത്പന്നങ്ങള്‍ക്കൊപ്പം കേക്കും വൈനുമെല്ലാം വില്പനയ്ക്കായി ഇതിനോടകം വിപണിയില്‍ ഇടംപിടിച്ചു കഴിഞ്ഞു. വിവിധ വില നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ക്കൊപ്പം ക്രിസ്മസ് സ്‌പെഷ്യല്‍ മാസ്‌കുകളും വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

പേപ്പര്‍ നക്ഷത്രങ്ങളെക്കാള്‍ എല്‍.ഇ.ഡി. നക്ഷത്രങ്ങള്‍ക്കാണ് ആവശ്യം. ശരാശരി 150 രൂപ മുതല്‍ 900 രൂപ വരെയുള്ള എല്‍.ഇ.ഡി. നക്ഷത്രങ്ങളുണ്ട്. കൂടെ അലങ്കാര ബള്‍ബുകളും വിറ്റുപോകുന്നുണ്ട്. ക്രിസ്മസ് ട്രീ, റെഡിമെയ്ഡ് പുല്‍കൂടുകളിലും ഇത്തവണ ആവശ്യം കൂടിയിട്ടുണ്ട്. 5,000 രൂപ വരെയുള്ള ക്രിസ്മസ് ട്രീകള്‍ വിപണിയില്‍ ലഭ്യമാണ്. കേരളത്തില്‍ 50 മുതല്‍ 70 കോടി രൂപയുടെ വരെ കേക്ക് കച്ചവടമാണ് ഓരോ ക്രിസ്മസ് സീസണിലും നടക്കുന്നത്.

ഇറക്കുമതി നിരക്ക് ഉയര്‍ന്നു

ചൈനയില്‍നിന്നാണ് പ്രധാനമായും ക്രിസ്മസ് ആഘോഷങ്ങള്‍ക്കായുള്ള മിക്ക ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍, കണ്ടെയ്നര്‍ നിരക്ക് വര്‍ധിച്ചതും ക്ഷാമവും വ്യാപാരികളെ ബാധിച്ചിട്ടുണ്ട്. നിലവില്‍ ഉത്പന്നങ്ങള്‍ക്ക് വില കൂട്ടി വില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. കോവിഡ് സമയത്തുണ്ടായ നഷ്ടം ക്രിസ്മസ് സീസണില്‍ നികത്താന്‍ സാധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ക്രിസ്മസ് അലങ്കാരങ്ങള്‍ എത്തുന്നുണ്ടെങ്കിലും ചൈനീസ് ഉത്പന്നങ്ങള്‍ക്കാണ് ആവശ്യക്കാരെന്ന് വ്യാപാരി എം.ജെ. ജയേഷ് പറഞ്ഞു.

കേക്കുകള്‍ക്ക് ഡിമാന്‍ഡ് കൂടി

സാധാരണക്കാരന് താങ്ങാവുന്ന വിലയും ഇഷ്ടപ്പെട്ട രുചികളുമാണ് പ്ലം കേക്കുകളെ പ്രിയമുള്ളതാക്കുന്നത്. കിലോയ്ക്ക് 300 മുതല്‍ 900 രൂപ വരെ വിലയുണ്ട് ഇവയ്ക്ക്. റിച്ച് പ്ലം, സ്‌കോട്ടിഷ് പ്ലം, റം ആന്‍ഡ് റൈസം പ്ലം എന്നിവയ്ക്കാണ് ഉയര്‍ന്ന വിലകള്‍. ഇതോടൊപ്പം കാരറ്റ് കേക്കിനും പ്രിയമേറെയാണ്. പ്ലം കേക്കുകള്‍ക്കൊപ്പം ചോക്ലേറ്റ് കേക്കുകളും വിവിധ രുചിയില്‍ ഫ്രഷ് ക്രീം കേക്കുകളും സ്ഥാനം പിടിച്ചിട്ടുണ്ട്. കേക്കുകള്‍ക്കെല്ലാം നേരത്തെ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ഡിസംബറില്‍ എറണാകുളത്ത് മാത്രം 100 ടണ്ണിനു മുകളില്‍ കേക്ക് കച്ചവടം നടക്കാറുണ്ട്. ഇതില്‍ ഭൂരിഭാഗവും അതത് ബേക്കറികളില്‍ ഉണ്ടാക്കുന്നവയാണ്. ഇത്തവണ കോര്‍പ്പറേറ്റ് ഓര്‍ഡറുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. വിപണി കോവിഡിനു മുന്‍പുള്ള സ്ഥിതിയിലേക്ക് മാറുന്നുണ്ടെന്നും കേരള ബേക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ് പറഞ്ഞു.

കേക്കുകള്‍ക്കൊപ്പം ജ്യൂസ്, ഡ്രൈ ഫ്രൂട്സ്, കുക്കീസ് തുടങ്ങി വിവിധ ഉത്പന്നങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഗിഫ്റ്റ് ഹാമ്പറുകളാണ് മറ്റൊരു ആകര്‍ഷണം. 700 രൂപ മുതല്‍ 3,500 രൂപ വരെ ഹാമ്പറുകളാണ് ഒരുക്കിയിട്ടുള്ളത്. എന്നാല്‍ കസ്റ്റമൈസ്ഡ് വിഭാഗത്തില്‍ 5,000 രൂപ വരെയുള്ള ഹാമ്പറുകളും ലഭ്യമാണ്. വിവിധ കോര്‍പ്പറേറ്റ് ഗിഫ്റ്റ് ആവശ്യങ്ങള്‍ക്കാണ് ഇത്തരം ഹാമ്പറുകള്‍ ഉപയോഗിക്കുന്നത്.

Content Highlights: Christmas 2021, Christmas cake market