ക്രിസ്മസ് ഇങ്ങെത്തി. എല്ലാവരും പുല്‍ക്കൂടും ക്രിസ്മസ് ട്രീയുമെല്ലാം ഒരുക്കുന്ന തിരക്കിലാകും. എന്തുണ്ടാക്കിയാലും ഏറ്റവും മികച്ചതുതന്നെ വേണമെന്നല്ലേ നമ്മുടെ ആഗ്രഹം. ക്രിസ്മസ് ട്രീയുണ്ടാക്കുമ്പോള്‍ ചിലര്‍ക്കും അങ്ങനെ വ്യത്യസ്തതവേണമെന്നും എല്ലാവരെയും ഞെട്ടിക്കണമെന്നും ആഗ്രഹമുണ്ടായി. അങ്ങനെ ലോകത്തെ ഞെട്ടിച്ച ചില ക്രിസ്മസ് ട്രീകളെ പരിചയപ്പെടാം

ഒഴുകുന്ന വലിയ ക്രിസ്മസ് ട്രീ

ഏറ്റവും വലിയ ഒഴുകുന്ന ക്രിസ്മസ് ട്രീ ബ്രസീലിലെ റിയോ ഡി ജെനെയ്റോയിലാണ്. 230 അടി ഉയരത്തില്‍ എല്‍.ഇ.ഡി. ലൈറ്റുകളില്‍ തിളങ്ങി രാത്രിയില്‍ ഓളപ്പരപ്പിലൂടെ ഈ ക്രിസ്മസ് ട്രീ ഒഴുകിപ്പോകുന്നതു കാണാന്‍തന്നെ ഒരു ചേലാണ്.

റിയോ ഡി ജെനെയ്റോയിലെ റോഡ്രിഗോ ഡി ഫ്രിറ്റാസ് തടാകത്തിലാണിത് ഒഴുകി നടക്കുന്നത്. രണ്ടരലക്ഷം എല്‍.ഇ.ഡി. ബള്‍ബുകളാണ് അലങ്കാരത്തിനായി ഉപയോഗിച്ചിരിക്കുന്നത്. എല്ലാവര്‍ഷവും ഡിസംബറിലെ ആഘോഷങ്ങളുടെ വരവറിയിച്ച് ആദ്യയാഴ്ചയിലാണ് ഒഴുകുന്ന ക്രിസ്മസ് ട്രീ തയ്യാറാക്കുന്നത്. കണ്ണിനും കാതിനും കുളിര്‍മയേകുന്ന വര്‍ണ -ശബ്ദവിസ്മയവും സംഗീതനിശയും ഇതിന് അകമ്പടിയായിട്ടുണ്ടാകും.

ഏറ്റവും വലിയ മനുഷ്യ ട്രീ

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീയായി നമ്മുടെ ആലപ്പുഴയില്‍നിന്നുള്ള ട്രീയും ഗിന്നസില്‍ ഇടംപിടിച്ചിട്ടുണ്ട്.

tree
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ

ചെങ്ങന്നൂരിലായിരുന്നു ഇത്. 4030 പേര്‍ പങ്കെടുത്ത ക്രിസ്മസ് ട്രീ ഉണ്ടാക്കിയത് മിഷന്‍ ചെങ്ങന്നൂര്‍ പദ്ധതിയുടെ ഭാഗമായാണ്. 2015 ഡിസംബര്‍ 19-നായിരുന്നു മനുഷ്യ ക്രിസ്മസ് ട്രീക്കുള്ള റെക്കോഡ് പിറക്കുന്നത്. ചെങ്ങന്നൂരിലെ സ്‌കൂള്‍ക്കുട്ടികളായിരുന്നു ഈ ട്രീയില്‍ നിറഞ്ഞുനിന്നത്.

ഏറ്റവും വിലപിടിപ്പുള്ളത്

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ക്രിസ്മസ് ട്രീ എവിടെയാണെന്നറിയാമോ? സ്പെയിനിലെ കോംപിന്‍സ്‌കി ഹോട്ടലിലാണ് 2019-ലെ ഏറ്റവും വിലപിടിപ്പുള്ള ക്രിസ്മസ് ട്രീ ഒരുങ്ങിയിരിക്കുന്നത്. ഒരുകോടിഅമ്പതുലക്ഷം രൂപയാണിതിന്റെ മതിപ്പുവില. മൂന്നുകാരറ്റ് പിങ്ക് ഡയമണ്ട്, നാലുകാരറ്റ് സഫയര്‍ എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനു പുറമേ ഒട്ടകപ്പക്ഷിയുടെ മുട്ടകള്‍, ബ്രാന്‍ഡഡ് പെര്‍ഫ്യൂമുകള്‍ തുടങ്ങിയവയും ഇതില്‍ അലങ്കാരത്തിനായി ഉപയോഗിച്ചിരിക്കുന്നു.

tree
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ക്രിസ്മസ് ട്രീ

2010-ല്‍ അബുദാബിയിലെ എമിറേറ്റ്സ് പാലസ് ഹോട്ടലായിരുന്നു മുമ്പ് വിലയേറിയ ക്രിസ്മസ് ട്രീയുണ്ടാക്കി റെക്കോഡ് സൃഷ്ടിച്ചത്. 181 തരം ജൂവലറി ഐറ്റംസ് ഉപയോഗിച്ചായിരുന്നു 43.2 അടി ഉയരമുള്ള ഈ ക്രിസ്മസ് ട്രീ ഒരുക്കിയത്.

ലോകത്തിലെ ഏറ്റവും വലുത്

ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീ ശ്രീലങ്കയില്‍നിന്നുള്ളതാണ്. 72.1 മീറ്റര്‍ ഉയരത്തിലുള്ള ഈ ട്രീ 2016 ഡിസംബര്‍ 24-നാണ് റെക്കോഡില്‍ ഇടം നേടിയത്.

കൊളംബോയിലുള്ള ശ്രീലങ്ക പോര്‍ട്ട് അതോറിറ്റി കാത്തലിക് അസോസിയേഷന്‍, അര്‍ജുന രണതുംഗെ എന്നിവരുടെ മേല്‍നോട്ടത്തിലാണിത് നിര്‍മിച്ചിരിക്കുന്നത്. കൊളംബോയില്‍ ക്രിസ്മസിനോടനുബന്ധിച്ച് നടന്ന ജെല്ലി ഫെയ്സ് ഗ്രീന്‍ എന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു നിര്‍മിച്ചത്.

trees
ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീ

സ്റ്റീല്‍ക്കമ്പികളും പ്ലാസ്റ്റിക്കും പൈന്‍ ക്യൂബുകളും മറ്റും ഉപയോഗിച്ചാണിതിന്റെ നിര്‍മാണം. അറുപതിനായിരം എല്‍.ഇ.ഡി. ബള്‍ബുകളാണ് ഈ വമ്പന്‍ ക്രിസ്മസ് ട്രീയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും മുകളില്‍ ഇരുപതടി ഉയരമുള്ള നക്ഷത്രവുമുണ്ട്. അനാവശ്യമായി പണം ചെലവഴിച്ച് ക്രിസ്മസ് ട്രീയുണ്ടാക്കിയെന്ന വിവാദവും നിര്‍മാണസമയത്ത് ഉയര്‍ന്നിരുന്നു.

ഏറ്റവും കൂടുതല്‍ ദീപാലംകൃതമായ ക്രിസ്മസ് ട്രീകള്‍

ഈ വര്‍ഷം ഏറ്റവുമധികം ദീപാലംകൃതമായ ക്രിസ്മസ് ട്രീകള്‍ നിര്‍മ്മിച്ച് റെക്കോഡിട്ടിരിക്കുകയാണ് വാഷിങ്ടണിലെ ഷെല്‍ട്ടണിലുള്ള മേസണ്‍ കൗണ്ടി ചേംബര്‍ എന്ന സംഘടന.

tree
ഏറ്റവുമധികം ദീപാലംകൃതമായ ക്രിസ്മസ് ട്രീകള്‍

797 ക്രിസ്മസ് ട്രീകളാണ് ഇവര്‍ നിര്‍മ്മിച്ചത്. അതും അതിമനോഹരമായ എല്‍.ഇ.ഡി. ലൈറ്റുകളുപയോഗിച്ച്.

Content Highlights: Christmas 2021, Types of christmas trees