കേക്കുരുചികളില്‍ ക്രിസ്മസ് കാലത്തെ കേമന്മാര്‍ പ്ലംകേക്കുകള്‍തന്നെയാണ്. 280 രൂപയാണ് സാധാരണ പ്ലംകേക്കുകളുടെ വില. എന്നാല്‍ ഇതിനേക്കള്‍ ആളുകള്‍ക്കു പ്രിയം പ്ലം രുചിയുടെ എല്ലാ സത്തയും ചേര്‍ത്തുണ്ടാക്കുന്ന റിച്ച് പ്ലംകേക്കുകളോടാണ്. സ്പെഷ്യല്‍ പ്ലംകേക്കിനും പ്രിയമേറെയാണ്. ഡ്രൈഫ്രൂട്ട്സിന്റെ മികവുമായി എത്തുന്ന പുഡ്ഡിങ് കേക്കുകള്‍ക്കും ആവശ്യക്കാര്‍ ക്രിസ്മസ് കാലത്ത് കൂടുതലാണ്.

300 രൂപമുതലാണ് ചെറിയ പുഡ്ഡിങ് കേക്കുകളുടെ വിലയാരംഭിക്കുന്നത്. മാര്‍ദവമുള്ള മാര്‍ബിള്‍ കേക്കുകളും ക്രിസ്മസ് കാലത്തെ കേമനാണ്. 300 രൂപമുതലാണ് ഇവയുടെ വിലയാരംഭിക്കുന്നത്. ഐസിങ് കേക്കുകളോടും ഇഷ്ടമുണ്ട്. ചോക്ലേറ്റ്, റെഡ് വെല്‍വെറ്റ്, ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ് തുടങ്ങിയവയ്ക്കും ആവശ്യക്കാരുണ്ടെന്ന് ബേക്കറിയുടമകള്‍ പറയുന്നു. ക്രിസ്മസ് കാലത്ത് പൊതുരുചികള്‍ വില്‍ക്കാനാണ് കച്ചവക്കാര്‍ക്കും പ്രിയം. വൈവിധ്യമുള്ള കേക്കുകള്‍ പതിനൊന്നുമാസവും തലയെടുപ്പോടെ നില്‍ക്കുമ്പോള്‍ ഡിസംബര്‍മാസത്തില്‍ കുബേരനാവുന്നത് പ്ലം കേക്കുകളാണെന്നതാണ് കാരണം. ക്രിസ്മസിനെ കേക്ക് ഇല്ലാതെയോര്‍ക്കാന്‍ ആരും ഇഷ്ടപ്പെടുകയില്ലെന്നതാണ് വാസ്തവം.

Content Highlights: Christmas 2021, Plum Cake