തൃശ്ശൂര്‍: ഈ ക്രിസ്മസിന് മധുരതരമായ അംഗീകാരമാണ് ഗബ്രിയേല്‍ എന്ന പതിനേഴുകാരനെ തേടിയെത്തിയത്. ഡൗണ്‍ സിന്‍ഡ്രോം എന്ന രോഗം കൂടെയുണ്ടെങ്കിലും കൈപ്പുണ്യം ഗബ്രിയേലിന്റെ സിദ്ധിയാണ്. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വീട്ടില്‍ത്തന്നെ കേക്കുണ്ടാക്കി സമ്മാനം നേടാന്‍ കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് സംഘടിപ്പിച്ച മത്സരമായിരുന്നു 'ഒരു ഹോംമെയ്ഡ് മധുരം'.

എന്നാല്‍, ഗബ്രിയേലിന് പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ വിഷമം മനസ്സിലാക്കിയ കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, വേദി സമ്മാനിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 4.30-ന് വടക്കേ സ്റ്റാന്‍ഡിനടുത്തുള്ള ഷോറൂമില്‍ ലൈവ് കേക്ക് ബേക്കിങ്ങ് നടന്നു.

കൈപ്പുണ്യവും മധുരസംഗീതവും കൊണ്ട് കാണികളെ കൈയിലെടുത്തായിരുന്നു ഗബ്രിയേലിന്റെ തത്സമയ കേക്ക് നിര്‍മാണം. കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റൊരുക്കിയ വേദിയില്‍ ഗബ്രിയേല്‍ നിറഞ്ഞുനിന്ന രണ്ടുമണിക്കൂറിന് സാക്ഷിയായവര്‍ക്ക് ഹൃദ്യാനുഭവമായി.

ചോക്ലേറ്റ് ലാവ കേക്കായിരുന്നു ഗബ്രിയേല്‍ കാണികള്‍ക്കായൊരുക്കിയത്. ഗബ്രിയേലിന് പിന്തുണയായി അമ്മ രജനിയും സഹോദരനും അരികിലുണ്ടായിരുന്നു. ഇടയ്ക്ക് സഹായിയായി കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വര്‍ധിനി പ്രകാശുമെത്തി.

ഗബ്രിയേലിന്റെ സഹപാഠി പൃഥ്വി അപ്രതീക്ഷിതമായെത്തിയതോടെ കൂട്ടുകാര്‍ തമ്മിലുള്ള സൗഹൃദനിമിഷങ്ങള്‍ക്കും ഹൈപ്പര്‍മാര്‍ക്കറ്റ് വേദിയായി. ഗബ്രിയേലിന് ഡ്രംസും അവനെക്കുറിച്ചുവന്ന പത്രവാര്‍ത്തകളുടെ കൊളാഷുമാണ് കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് സമ്മാനമായി നല്‍കിയത്.

കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വര്‍ധിനി പ്രകാശ്, കല്യാണ്‍ സില്‍ക്‌സ് മാനേജിങ് ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ക്ലബ്ബ് എഫ്.എം. പ്രോഗ്രാം ഹെഡ്ഡ് മനോജ് കമ്മത്ത് എന്നിവര്‍ സംസാരിച്ചു.

രോഗാവസ്ഥയുടെ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ബാല്യകാലത്തെ പ്രയാസത്തിലാക്കിയെങ്കിലും കലാരംഗത്തെ അഭിരുചിയാണ് ഗബ്രിയേലിന് തുണയായത്. കോവിഡ്കാലത്ത് അമ്മ ചെയ്യുന്ന പാചകം കണ്ടും പാചകത്തില്‍ അമ്മയെ സഹായിച്ചും രുചികളുടെ ലോകത്തേക്ക് കടന്നുവന്ന ഗബ്രിയേല്‍ കേക്ക് ബേക്കിങ്ങില്‍ മിടുക്കനായി മാറുകയായിരുന്നു.

വിയ്യൂര്‍ ഗ്രീന്‍ പാര്‍ക്ക് അവന്യൂവില്‍ ഫ്രാന്‍സിസിന്റെയും രജനിയുടെയും മകനാണ് ഗബ്രിയേല്‍.

Content Highlights: Christmas 2021, Live christmas cake baking by Gabriel at thrissur with Kalyan Silks