യേശുക്രിസ്തുവിന്റെ തിരുപ്പിറവിദിനമായ ഡിസംബര്‍ 25 ക്രിസ്മസ് ദിനമാണ്. സാന്റാക്ലോസും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളുമെല്ലാം ക്രിസ്മസിന്റെ പ്രത്യേകതകളാണ്. അതിന് പിന്നിലെ കഥകളിതാ...

ക്രിസ്മസ് ട്രീ

തോരണങ്ങള്‍, കൈമണികള്‍, ബലൂണുകള്‍, കുഞ്ഞുനക്ഷത്രങ്ങള്‍, അലങ്കാരബള്‍ബുകള്‍ എന്നിവ കൊണ്ടലങ്കരിച്ച് പിരമിഡ് ആകൃതിയിലുള്ളതാണ് ക്രിസ്മസ് ട്രീ. ക്രിസ്മസ് ട്രീയുടെ മുകളില്‍ ഒരു നക്ഷത്രംതൂക്കുന്ന പതിവുണ്ട്.

പൈന്‍, ദേവദാരു, ബാല്‍സെം തുടങ്ങിയ മരങ്ങളാണ് ക്രിസ്മസ് ട്രീയായി അലങ്കരിക്കുന്നതിനുവേണ്ടി പാശ്ചാത്യരാജ്യത്തിലുള്ളവര്‍ സാധാരണ തിരഞ്ഞെടുക്കുന്നത്. വര്‍ഷം മുഴുവന്‍ പച്ചപ്പ് മാറാതെനില്‍ക്കുന്ന 'നിത്യഹരിത' വിഭാഗത്തില്‍പ്പെട്ട വൃക്ഷങ്ങളാണിവ.

ഇന്നുള്ളതരം ക്രിസ്മസ് ട്രീയുടെ തുടക്കം പശ്ചിമജര്‍മനിയിലാണ്. ആദത്തെയും ഹവ്വയെയുംകുറിച്ചുള്ള മധ്യകാലഘട്ടത്തിലെ ഒരുനാടകത്തില്‍ പ്രാധാന്യമുള്ള ഒരുകഥാപാത്രമായി വരുന്നത് അതിലെ 'പാരഡൈസ് ട്രീ' ആണ്. ദേവദാരുവൃക്ഷത്തില്‍ ആപ്പിളുകള്‍ തൂക്കിയിട്ടാണ് 'പാരഡൈസ് ട്രീ' സ്റ്റേജില്‍ അവതരിപ്പിച്ചിരുന്നത്. ഈ മരം ബൈബിളിലെ ഏദന്‍തോട്ടത്തെ പ്രതിനിധാനം ചെയ്യുന്നു. ഇതോടെ ഡിസംബര്‍ 24-ന് ജര്‍മന്‍കാര്‍ തങ്ങളുടെ വീടുകളില്‍ 'പാരഡൈസ് ട്രീ' സ്ഥാപിച്ചുതുടങ്ങി. ക്രിസ്തീയ ആരാധനകളില്‍ ഉപയോഗിക്കുന്ന 'വെയ്ഫര്‍' എന്നു പറയുന്ന അപ്പം ഈ മരത്തില്‍ തൂക്കിയിടുന്ന പതിവ് അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. പിന്നീട് വെയ്ഫറിന്റെ സ്ഥാനം വിവിധതരം ബിസ്‌കറ്റുകള്‍ കൈയടക്കി. ക്രിസ്തുവിന്റെ പ്രതീകമായ മെഴുകുതിരികളും ട്രീയില്‍ ഉപയോഗിച്ചുതുടങ്ങി.

അങ്കിള്‍ സാന്റാക്ലോസ്

മഞ്ഞുപോലെ വെളുത്തതാടിയും ചുവന്ന കൂര്‍ബന്‍ തൊപ്പിയും നീണ്ട ചുവപ്പന്‍ രോമക്കുപ്പായവുമുള്ള സാന്റാക്ലോസ് അപ്പൂപ്പനെ ക്രിസ്മസ് പപ്പാ എന്നും വിളിക്കാറുണ്ട്.

സാന്റാക്ലോസ് വിശുദ്ധ നിക്കോളസിനെയാണ് ഓര്‍മിപ്പിക്കുന്നത്. 'സാന്റാ' എന്ന വാക്കിനര്‍ഥം വിശുദ്ധന്‍ എന്നത്രേ. ഇന്നത്തെ ഏഷ്യാമൈനറിലുള്ള ഡെമര്‍ എന്ന ഗ്രാമത്തിലെ ഒരു സമ്പന്നകുടുംബത്തില്‍ ഏകദേശം എ.ഡി. 270-ല്‍ നിക്കോളസ് ജനിച്ചു. പിന്നീട് മിറായിലെ ബിഷപ്പായി സ്ഥാനമേറ്റു. എ.ഡി. 326 ഡിസംബര്‍ ആറിന് നിക്കോളസ് അന്തരിച്ചു. കത്തോലിക്കാസഭ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

തുര്‍ക്കിയിലെ മിറ എന്ന പട്ടണത്തിലാണ് നിക്കോളസ് താമസിച്ചിരുന്നത്. ക്രിസ്തുവിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. അവിടെ അധികാരമേറ്റ പുതിയ ചക്രവര്‍ത്തി ക്രിസ്തുമതത്തെ രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. നിക്കോളസിനെ ബിഷപ്പാക്കുകയും ചെയ്തു. മിറ പട്ടണത്തില്‍ ഇടയ്ക്കിടെ വേഷംമാറി നടക്കുക നിക്കോളസിന്റെ പതിവായിരുന്നു. ഒരിക്കല്‍ അദ്ദേഹം ഒരുസാധുസ്ത്രീയെ കണ്ടുമുട്ടി. അവരുടെ മൂന്നുപെണ്‍മക്കളെയും ഒരു സത്രമുടമ കൊലപ്പെടുത്തിയിരുന്നു. ആ കുട്ടികളുടെ ജീവനുവേണ്ടി നിക്കോളസ് പ്രാര്‍ഥിച്ചു. പ്രാര്‍ഥനയുടെ ഫലമായി അവര്‍ക്ക് ജീവന്‍ തിരിച്ചുകിട്ടുകയും ചെയ്തു എന്നാണ് വിശ്വാസം. അതോടെ നിക്കോളസ് കുട്ടികളുടെ പ്രിയങ്കരനായി മാറി. മരണത്തിനുശേഷം അദ്ദേഹത്തെ പുണ്യാളനായി വാഴ്ത്തി. അങ്ങനെ നിക്കോളസ് സെയ്ന്റ് നിക്കോളസായി. സെയ്ന്റ് നിക്കോളസ് പിന്നീട് സാന്റാക്ലോസുമായി.

ഉത്തരധ്രുവത്തിലാണ് സാന്റാക്ലോസിന്റെ താമസം. വര്‍ഷം മുഴുവന്‍ അദ്ദേഹം കളിപ്പാട്ടനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കും. ക്രിസ്മസ് സമ്മാനങ്ങള്‍ ആവശ്യപ്പെട്ട് കുട്ടികള്‍ അയക്കുന്ന കത്തുകള്‍ അവിടെയാണെത്തുക. ഒടുവില്‍ ക്രിസ്മസ് തലേന്ന് തന്റെ മഞ്ഞുവണ്ടി നിറയെ സമ്മാനപ്പൊതികളുമായി സാന്റാ യാത്രതിരിക്കും. സമ്മാനം ആവശ്യപ്പെട്ട് കത്തെഴുതിയ ഓരോ കുട്ടിയുടെ വീട്ടിലും ആരുമറിയാതെ സമ്മാനമെത്തിക്കും. പിന്നെ തനിക്കായി കുട്ടികള്‍ കരുതിവെച്ച പാലും ബിസ്‌കറ്റും കഴിച്ച് ക്ഷീണംമാറ്റി യാത്ര തുടരും.റെയിന്‍ഡീറുകള്‍ എന്ന പ്രത്യേകതരം മാനുകള്‍ വലിക്കുന്ന 'സ്ലേ' (Sled) എന്ന മഞ്ഞുവണ്ടിയില്‍ വരുന്ന സാന്റാക്ലോസിനെ ആദ്യമായി ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചത് അമേരിക്കന്‍ കവി ക്ലെമന്റ് സീ മൂര്‍ ആണ്. 1823-ല്‍.

ആശംസാകാര്‍ഡ്

ക്രിസ്മസ് കാലത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ആശംസാകാര്‍ഡുകള്‍. കടലാസ്, കാര്‍ഡ്ബോര്‍ഡ്, സെല്ലുലോയ്ഡ്, പ്‌ളാസ്റ്റിക്, മരത്തോല്‍ തുടങ്ങിയവയും ക്രിസ്മസ് കാര്‍ഡ് നിര്‍മാണത്തിന് ഉപയോഗിച്ചുവരുന്നു.1843-ല്‍ ഇംഗ്ലണ്ടിലാണ് ഇന്നത്തെ രൂപത്തിലുള്ള ആദ്യത്തെ ക്രിസ്മസ് ആശംസാകാര്‍ഡ് രൂപകല്പന ചെയ്തത്. ജോണ്‍ ഡി. ഹോഴ്സിലി എന്നയാള്‍ സുഹൃത്തായ സര്‍ ഹെന്റി കോളിന് അയച്ചുകൊടുക്കാന്‍ നിര്‍മിച്ചതായിരുന്നു ഈ ക്രിസ്മസ് കാര്‍ഡ്. ഒരുവീട്ടിലെ വിരുന്നാണ് കാര്‍ഡിലെ ചിത്രത്തില്‍. 'ആഹ്ലാദപൂര്‍ണമായ ഒരുക്രിസ്മസും ഒരുപുതുവത്സരവും താങ്കള്‍ക്ക് നേരുന്നു' എന്ന് ആ ദൃശ്യത്തിനു താഴെ എഴുതിയിരുന്നു. വിരുന്നുരംഗത്തിന്റെ ഇരുവശവും ഉള്ള ഓരോ കള്ളികളില്‍ ഭിക്ഷ നല്‍കുന്നതിന്റെ ദൃശ്യവും ചിത്രീകരിച്ചിട്ടുണ്ട്.

തിളങ്ങുംവിളക്ക്

ക്രിസ്മസ് എന്ന് കേട്ടാലുടനെ മനസ്സില്‍ ഓടിയെത്തുക തിളങ്ങുന്ന നക്ഷത്രവിളക്കുകളാണ്. ലോകത്തെല്ലായിടത്തുള്ളവരും ക്രിസ്മസ് നക്ഷത്രം തൂക്കാറുണ്ട്. മൂന്നുരാജാക്കന്മാര്‍ ഉണ്ണിയേശുവിനെ കാണാന്‍ പുറപ്പെട്ടപ്പോള്‍ നക്ഷത്രം വഴികാണിച്ചതിന്റെ സ്മരണയ്ക്കായാണ് നക്ഷത്രം തൂക്കുന്നത്.'ക്രിസ്തു ലോകത്തിന്റെ പ്രകാശമാകുന്നു' എന്ന സങ്കല്പമനുസരിച്ചാണ് ക്രിസ്മസ് വിളക്ക് ഉപയോഗിക്കുന്നത്. മാര്‍ട്ടിന്‍ ലൂഥറാണ് ഇത് ആദ്യമായി കൊണ്ടുവന്നത്. ചിലയിടങ്ങളില്‍ മെഴുകുതിരികളാണ് കത്തിക്കുന്നതെങ്കില്‍ മറ്റുചിലയിടങ്ങളില്‍ ഇലക്ട്രിക് ലൈറ്റുപയോഗിച്ചാണ് ക്രിസ്മസ് നക്ഷത്രങ്ങള്‍ വെളിച്ചംപരത്തുന്നത്.

ക്രിസ്മസ് കൗതുകങ്ങള്‍

കാട്ടുപൂവ്

ഇന്‍ഡൊനീഷ്യയിലെ 'സുമാത്ര' വനപ്രദേശത്തുള്ള ആദിവാസി ക്രൈസ്തവര്‍ ക്രിസ്മസ് പൂക്കളാണ് ക്രിസ്മസ് ആഘോഷത്തിലെ പ്രധാന വസ്തുവായി ഉപയോഗിക്കാറുള്ളത്. സുമാത്രയിലെ കാടുകളില്‍ ധാരാളമായി കണ്ടുവരുന്ന പൂവാണ് 'ക്രൂബി ഫ്‌ളവര്‍.'

പൊയ്ക്കാല്‍ നടത്തം

പൊയ്ക്കാലിന്മേല്‍ നടന്നുകൊണ്ടാണ് ഫ്രാന്‍സിലെ 'ലാന്‍ഡസ് ഗിരോണ്ട'യിലുള്ള ആദിവാസി ക്രൈസ്തവര്‍ ക്രിസ്മസ് ആഘോഷിക്കുന്നത്. വനപാതകളിലുള്ള മുള്‍ച്ചെടികളില്‍നിന്നു രക്ഷപ്പെടുന്നതിനുവേണ്ടിയുള്ള അഭ്യാസമായിരുന്നു ഇത്. പിന്നീടത് 'പൊയ്ക്കാല്‍ നൃത്ത'മായി മാറി.

കാവുഡ് വിരുന്ന്

എഡി 1465-ല്‍ സെല്‍ബിയിലെ 'കാവുഡ്' കൊട്ടാരത്തില്‍ നടന്ന ക്രിസ്മസ് വിരുന്ന് ചരിത്ര പ്രസിദ്ധമായ ഒന്നാണ്. അന്നത്തെ വിരുന്നില്‍ 100 കാളകള്‍, ആറു കാട്ടുപോത്ത്, 1000 ആടുകള്‍, 304 കാളക്കിടാങ്ങള്‍, 300 പന്നികള്‍, 4000 പ്രാവുകള്‍, 5300 താറാവുകള്‍ എന്നിവ ഉപയോഗിച്ചു.

പാമ്പും പുഴുവും

ജപ്പാനിലെ സില്‍ക്ക് ഫാക്ടറികളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ 'ക്രിസ്മസ് സ്പെഷ്യലായി' ഉപയോഗിച്ചിരുന്നത് പട്ടുനൂല്‍പ്പുഴുവിന്റെ വയറിനകത്തെ വിസര്‍ജ്യവസ്തുക്കള്‍ എണ്ണയില്‍ വറുത്തതായിരുന്നു. ഫ്‌ലോറിഡയില്‍ 'റാറ്റില്‍ സ്‌നേക്ക് ' ക്രിസ്മസ് ഭോജ്യമായിരുന്നു.

മീന്‍ സദ്യ

ജപ്പാനിലെ ക്രിസ്തീയ ചക്രവര്‍ത്തിയായിരുന്ന ഹോചോ കുഷി 239 കിലോഗ്രാം തൂക്കം വരുന്ന 'ബ്ലൂഫിന്‍ ട്യൂണ' എന്ന മത്സ്യത്തെയാണ് ഒരു വര്‍ഷത്തെ ക്രിസ്മസ് വിരുന്നിനായി പാകം ചെയ്തത്.

Content Highlights: Christmas 2021, interesting facts about christmas