ക്രിസ്മസുമായ ബന്ധപ്പെട്ട നിരവധി ഗാനങ്ങളുണ്ട്, പലഭാഷകളിലും. പലഗാനങ്ങളും കാലാതീതമായി ഇന്നും ക്രിസ്മസ് രാവുകളില്‍ കേള്‍ക്കാറുണ്ട്. അങ്ങനെയുള്ള ചില ക്രിസ്മസ് ഗാനങ്ങള്‍

ജിംഗിള്‍ ബെല്‍സ്

ക്രിസ്മസ് എന്ന് കേള്‍ക്കുമ്പോഴേ നമ്മുടെ മനസ്സിലേക്ക് ഒഴുകിവരുന്ന ഗാനമാണ് ഇത്. 1857-ലാണ് ഈ ഗാനം എഴുതപ്പെട്ടത്.ഉല്ലാസത്തിന്റെ മൂഡില്‍ എഴുതപ്പെട്ട ഈ ഗാനം പിന്നീട് ക്രിസ്മസ് കാരള്‍ ഗാനമായി പ്രസിദ്ധി നേടിയെങ്കിലും ഇതിന്‌ മതവുമായോ ക്രിസ്മസുമായോ ഒന്നും ബന്ധമില്ല. അന്ന് ഇതൊരു ക്രിസ്മസ് ഗാനമായല്ല പ്രചരിച്ചതും. താങ്ക്‌സ് ഗിവിങ് ഗാനമായാണ് ഇത് രചിക്കപ്പെട്ടത്. മാത്രമല്ല അക്കാലത്ത് ഈ ഗാനം ജനപ്രീതിയാര്‍ജിച്ചതുമില്ല. പിന്നീട് ബോസ്റ്റണിലെ വാഷിങ്ടണ്‍ സ്ട്രീറ്റില്‍ അവതരിപ്പിച്ച ശേഷമാണ് ജിംഗിള്‍ ബെല്‍സ് ഇത്ര പ്രസിദ്ധമാകുന്നത്. ബഹിരാകാശത്ത് വച്ച് ജമിനി ആറ് പേടകത്തിലെ യാത്രികരായ ടോം സ്റ്റാഫോഡും വാലിഷീറയും പാടിയതോടെ ജിംഗിള്‍ കൂടുതല്‍ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങി. 

സൈലന്റ് നൈറ്റ്, ഹോളി നൈറ്റ്

1818- ലാണ് ഈ ഗാനം രചിക്കപ്പെട്ടത്. ജര്‍മ്മനിയില്‍ രചിക്കപ്പെട്ട ഈ ഗാനം പിന്നീട് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. 1859-ല്‍ ജോണ്‍ യങ് ഇതിനു നല്‍കിയ ഇംഗ്ലീഷ് വിവര്‍ത്തനമാണ് ഇന്നും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. 300 ഓളം ഭാഷകളിലേക്കാണ് ഈ ഗാനം വിവര്‍ത്തനം ചെയ്യപ്പെട്ടത്.ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭാഷയില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ക്രിസ്മസ്  ഗാനവും സൈലന്റ് നൈറ്റ്, ഹോളി നൈറ്റാണ്. മലയാളത്തില്‍, 'ശാന്തരാത്രി, തിരുരാത്രി' എന്ന മലയാള ക്രിസ്മസ് ഗാനം സൈലന്റ് നൈറ്റില്‍ നിന്ന് വന്നതാണ്. 2011- യുനെസ്‌കോ ഈ ഗാനത്തെ 'മാനവരാശിയുടെ പൈതൃക സ്വത്തായി' പ്രഖ്യാപിച്ചു.  

ശാന്തരാത്രി, തിരുരാത്രി

'സൈലന്റെ നൈറ്റ്, ഹോളി നൈറ്റ്' എന്ന അതിപ്രശസ്തമായ കരോള്‍ ഗാനത്തില്‍ നിന്നാണ് ശാന്തരാത്രി, തിരുരാത്രി എന്ന ഗാനത്തിന്റെ പിറവി. 1979ല്‍ തുറമുഖം എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ ഗാനം രചിക്കപ്പെട്ടത്. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് എം.കെ. അര്‍ജുനനനാണ്. ജോളി എബ്രഹാമും സംഘവും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്

യഹൂദിയായിലെ ഒരു ഗ്രാമത്തില്‍

ക്രിസ്മസ് രാത്രിയുടെ മനോഹാരിത പറയുന്ന ഈ ഗാനം എക്കാലത്തെയും നിത്യഹരിത ക്രിസ്മസ് കരോള്‍ ഗാനങ്ങളില്‍ ഒന്നാണ്. ഈ ഗാനം കേള്‍ക്കാതെ ഒരു ക്രിസ്മസ് രാത്രികളും കടന്നു പോകാറില്ലെന്ന് വേണം പറയാന്‍. തരംഗിണി പുറത്തിറക്കിയ സ്‌നേഹപ്രതീകം എന്ന കാസറ്റിലെ ഗാനമാണ് ഇത്. ഈ ഗാനമായിരുന്നു ആല്‍ബത്തിന്റെ ഹൈലൈറ്റ്. ഈ ഒറ്റഗാനത്താല്‍ തരംഗിണിയുടെ കാസറ്റ് വില്‍പനയില്‍ റെക്കോര്‍ഡിട്ടു. എ.ജെ ജോസഫ് സംഗീതം നല്‍കിയ ഗാനം ആലപിച്ചത് ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ് ആയിരുന്നു. 

കാലിത്തൊഴുത്തില്‍ പിറന്നവനേ

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ക്രിസ്മസ് ഗാനമാണ് 'കാലിത്തൊഴുത്തില്‍ പിറന്നവനേ, കരുണ നിറഞ്ഞവനേ...'. 1979ല്‍ പുറത്തിറങ്ങിയ സായൂജ്യം എന്ന ചിത്രത്തിലേതാണ് ഈ പാട്ട്. വരികള്‍ യൂസഫലി കേച്ചേരിയും സംഗീതം നല്‍കിയത് കെ ജെ ജോയിയുമായിരുന്നു. പി.ശുശീലയാണ് ഗാനം ആലപിച്ചത്.

കാവല്‍ മാലാഖാരെ കണ്ണടയ്ക്കരുതേ

'കാവല്‍ മാലാഖമാരെ കണ്ണടയ്ക്കരുതേ, താഴെ പുല്‍തൊട്ടിലില്‍ രാജരാജന്‍ മയങ്ങുന്നു', വരികളില്‍ വാത്സല്യവും നിറച്ചു വെച്ചൊരു ഗാനമാണ് ഇത്. യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ എന്ന ഗാനം ഉള്‍പ്പെടുത്തിയ സ്‌നേഹപ്രതീകം കാസറ്റില്‍ തന്നെയാണ് ഈ ഗാനവും ഉണ്ടായിരുന്നത്. സുജാതയാണ് ആ ഗാനം പാടിയത്, 1986ല്‍ തരംഗിണി ഇറക്കിയ സ്‌നേഹ പ്രതീകം എന്ന ക്രിസ്മസ് ആല്‍ബം അതിലെ പാട്ടുകള്‍ കൊണ്ട് ഇന്നും ശ്രദ്ധേയമാണ്. 

പൈതലാം യേശുവേ

1984 ല്‍ തരംഗിണി പുറത്തിറക്കിയ സ്‌നേഹപ്രവാഹം കാസറ്റിലെ സൂപ്പര്‍ഹിറ്റായ പാട്ടാണ് 'പൈതലാം യേശുവേ....'. ഫാ ജോസഫ് പാറാങ്കുഴി രചിച്ച് ഫാ ജസ്റ്റിന്‍ പനയ്ക്കല്‍ ഈണമിട്ട ഈ ഗാനം പാടിയത് കെ.എസ് ചിത്ര ആയിരുന്നു. സ്‌നേഹപ്രവാഹത്തിലെ മറ്റ്  11 പാട്ടുകള്‍ പാടിയത് യേശുദാസായിരുന്നു. ആ കാസറ്റിലെ എന്നത്തെയും ഹിറ്റ് പൈതലാം യേശുവേ ആണ്.

വീ വിഷ് യു എ മെറി ക്രിസ്മസ്

16-ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതെന്ന് കരുതുന്ന ഈ ഗാനത്തിന് പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ ആരെന്ന് ഇപ്പോഴും അജ്ഞാതമാണ്. പുരാതനമായ ഇംഗ്ലീഷ് കരോള്‍ ഗാനമാണ് വീ വിഷ് യു എ മെറി ക്രിസ്മസ്. വിക്ടോറിയന്‍ കാലഘട്ടത്തില്‍ ക്രിസ്മസ് രാത്രികളില്‍ കുട്ടികള്‍ വീടുകള്‍ തോറും കയറി ഇറങ്ങി കരോള്‍ പാടുമ്പോള്‍ പ്രധാനമായി ആലപിച്ചിരുന്ന പാട്ടുകളില്‍ ഒന്നാണ് ഇത്. അക്കാലത്ത് ക്രിസ്മസ് രാത്രികളില്‍ ഇംഗ്ലണ്ടില്‍ വിരുന്നുകാര്‍ക്ക് വിളമ്പിയിരുന്ന പുഡ്ഡിംങാണ് ഫിഗ്ഗി പുഡ്ഡിംങ്. സമ്പന്ന കുടുംബങ്ങളില്‍ മാത്രമാണ് അന്ന് ഇത്തരം ഭക്ഷങ്ങള്‍ ഒരുക്കിയിരുന്നത്. ഡ്രൈഫ്രൂട്ടുകളാണ് (figs, raisins and/or plusm) പ്രധാന ചേരുവ. കുട്ടികള്‍ ഈ പുഡ്ഡിങ് ആവശ്യപ്പെടുന്ന രീതിയിലാണ് പാട്ടിന്റെ വരികള്‍. ഇപ്പോഴും ലോകമെങ്ങും കരോള്‍ഗാനങ്ങള്‍ക്കൊപ്പം ഈ ഗാനത്തിന്റെ ആദ്യ നാല് വരികള്‍ പാടുന്നത് പതിവാണ്. 

Content Highlights: Christmas 2021, Evergreen Christmas Songs