ങ്ങും മിന്നിത്തിളങ്ങുന്ന താരകങ്ങള്‍, കൈനിറയെ സമ്മാനവുമായി വരുന്ന സാന്താക്ലോസ്, വര്‍ണവെളിച്ചം കൊണ്ടലങ്കരിച്ച പുല്‍ക്കൂടും ക്രിസ്മസ്ട്രീകളും... ക്രിസ്മസെന്ന് പറയുമ്പോള്‍ത്തന്നെ നമ്മള്‍ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന കാഴ്ചകളാണിത്. എന്നാല്‍ നമ്മള്‍ ആഘോഷിക്കുന്നപോലെയാണോ ലോകത്തെല്ലായിടത്തും ക്രിസ്മസ് ആഘോഷം? ഒരിക്കലുമല്ല. ഓരോ ദേശത്തിനും സംസ്‌കാരത്തിനും അനുസൃതമായി ആഘോഷങ്ങളിലും ആചാരങ്ങളിലും ഏറെ മാറ്റമുണ്ടായിരിക്കും. അത്തരം വ്യത്യസ്തങ്ങളായ ആഘോഷങ്ങളിലൂടെ നമുക്കൊന്ന് കണ്ണോടിച്ചാലോ?

ജപ്പാനില്‍ ക്രിസ്മസും വാലന്റൈന്‍സ് ഡേ

ജപ്പാനില്‍ ക്രിസ്മസ് മതപരമായ ആഘോഷമായല്ല മറിച്ച് എല്ലാവര്‍ക്കും ഒത്തുകൂടാനുള്ള അവസരമായാണ് കണക്കാക്കുന്നത്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ക്രിസ്മസ് കാര്‍ഡുകളും സമ്മാനങ്ങളും അയച്ചാണ് അവര്‍ ഈ ദിനം ആഘോഷിക്കുന്നത്. ക്രിസ്മസ് രാത്രിയില്‍ വര്‍ണശോഭയില്‍ കുളിച്ച വഴിത്താരകളിലൂടെ ദമ്പതിമാര്‍ ഒന്നിച്ച് യാത്ര ചെയ്യുന്ന പതിവും ജപ്പാനിലുണ്ട്. വാലന്റൈന്‍സ് ഡേയ്ക്ക് സമാനമായി തങ്ങളുടെ ജീവിതപങ്കാളിക്ക് സമ്മാനങ്ങള്‍ നല്‍കി, മികച്ച ഭക്ഷണശാലകളില്‍ ഒന്നിച്ച് ഭക്ഷണം കഴിച്ചുമാണ് അവര്‍ ക്രിസ്മസ് ദിനം അവസാനിപ്പിക്കുന്നത്. പ്രമുഖ റെസ്റ്റോറെന്റ് ബ്രാന്‍ഡായ കെ.എഫ്.സിയില്‍ നിന്ന് ഫ്രൈഡ് ചിക്കന്‍ ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നതും ജപ്പാന്‍കാരുടെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമാണ്. സ്പോഞ്ച് കേക്കാണ് ജപ്പാനിലെ ക്രിസ്മസ് മധുരപലഹാരം. ജപ്പാന്‍നില്‍ ക്രിസ്മസ് പൊതു അവധി ദിനമല്ലാത്തതിനാല്‍ത്തന്നെ അന്നേ ദിവസം സ്‌കൂളുകളും കടകളുമെല്ലാം തുറന്നു പ്രവര്‍ത്തിക്കും.

റഷ്യയില്‍ ക്രിസ്മസ് ജനുവരിയില്‍

ലോകത്ത് മിക്കയിടത്തും ക്രിസ്മസ് ഡിസംബറില്‍ ആഘോഷിക്കുമ്പോള്‍ റഷ്യക്കാര്‍ക്ക് അതിനായി ജനുവരി വരെ കാത്തിരിക്കണം. എന്താണതിന് കാരണമെന്നോ? മതപരമായ ആചാരങ്ങളുടെ ദിനങ്ങള്‍ കണക്കാക്കാന്‍ പഴയ ജൂലിയന്‍ കലണ്ടറാണ് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ ഉപയോഗിക്കുന്നത്. അതനുസരിച്ച് ജനുവരി ഏഴിനാണ് അവിടെ ക്രിസ്മസ് ആഘോഷം. ഡിസംബര്‍ 31 മുതല്‍ ജനുവരി 10 വരെയാണ് റഷ്യയിലെ ഔദ്യോഗിക ക്രിസ്മസ് അവധി. ജനുവരി ആറിന് വൈകുന്നേരം നക്ഷത്രങ്ങള്‍ ആകാശത്ത് പ്രത്യക്ഷമാകുന്നതോടെ റഷ്യയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തറയില്‍ വൈക്കോല്‍ വിതറുക, കോഴികളെപ്പോലെ കൂകുക തുടങ്ങി നിരവധി രസകരമായ ആചാരങ്ങളും റഷ്യക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. തറയില്‍ വൈക്കോല്‍ വിതറുന്നതിലൂടെ വരുംവര്‍ഷങ്ങളില്‍ സമൃദ്ധമായ വിളവ് ലഭിക്കുമെന്നും കോഴികളെപ്പോലെ കൂവയാല്‍ അടുത്തവര്‍ഷം കോഴി ധാരാളം മുട്ടയിടുമെന്നുമെല്ലാമാണ് ഇവരുടെ വിശ്വാസം.

ഡിസംബറെത്തും മുന്‍പ് ആഘോഷിച്ച് ഫിലിപ്പൈന്‍സ്

ക്രിസ്മസ് ആഘോഷിക്കാന്‍ ഏറെ ആവേശം കാണിക്കുന്ന ജനതയാണ് ഫിലിപ്പീൻസിലേത്. കഴിയുമെങ്കില്‍ ഡിസംബറിലേക്കുള്ള ആഘോഷങ്ങള്‍ സെപ്റ്റംബറില്‍ത്തന്നെ അവര്‍ ആരംഭിക്കും. ആകെ ജനസംഖ്യയുടെ 80 ശതമാനത്തോളം ക്രൈസ്തവരുള്ള ഏക ഏഷ്യന്‍ രാജ്യമാണിത്. ക്രിസ്മസിനു മുന്നോടിയായി ഡിസംബര്‍ 16 മുതല്‍ തുടര്‍ച്ചയായി ഒന്‍പതു ദിവസം എല്ലാ ദേവാലയങ്ങളിലും പാതിരാക്കുര്‍ബാന നടക്കും. ക്രിസ്മസ്ട്രീക്കും കരോളിനുമെല്ലാം പുറമേ മുള കൊണ്ടും ജാപ്പനീസ് പേപ്പര്‍കൊണ്ടും നിര്‍മിക്കുന്ന പാരോള്‍സ് എന്ന ക്രിസ്മസ് വിളക്കുകള്‍ ഫിലിപ്പീന്‍സിലെ മാത്രം പ്രത്യേകതയാണ്. ക്രിസ്മസ് രാത്രിയില്‍ ക്രിസ്മസ് ട്രീയ്ക്കു ചുറ്റും നൃത്തം ചവിട്ടിയും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചുമെല്ലാമാണ് അവര്‍ ക്രിസ്മസ് ആഘോഷമാക്കുന്നത്.

കരോള്‍ പാടി ഗ്രീസുകാര്‍

ക്രിസ്മസെത്തിയാല്‍പ്പിന്നെ കരോള്‍ സംഘവുമായി പുറത്തിറങ്ങുകയാണ് ഗ്രീക്കുകാരുടെ പ്രധാന പരിപാടി. സ്വര്‍ണനിറം പൂശി, നട്സ് കൊണ്ട് അലങ്കരിച്ച ചെറു കപ്പലുകളും ഈ സംഘങ്ങളുടെ കൈയ്യിലുണ്ടാകും. നന്നായി പാടുന്നവര്‍ക്ക് പണം, മധുരപലഹാരങ്ങള്‍ എന്നിവ ലഭിക്കും. ദുഷിച്ച ശക്തികളെ പുറത്താക്കാന്‍ വീടിനുള്ള പുണ്യജലം തളിക്കുന്ന പതിവും ഇവര്‍ക്കുണ്ട്. ക്രിസ്മസിനോടനുബന്ധിച്ച് അരിസ്റ്റോട്ടിലസ് ചത്വരത്തില്‍ വലിയ ക്രിമസ്ട്രീയും പായ്ക്കപ്പലുമെല്ലാം ഒരുക്കാറുണ്ട് ഗ്രീസുകാര്‍. പോര്‍ക്കും ക്രിസ്മസ് ബ്രഡുമാണ് ക്രിസ്മസ് ദിനത്തിലെ ഇവരുടെ പ്രധാന ഭക്ഷണം.

ചെരുപ്പെറിഞ്ഞ് ചെക് റിപ്പബ്ലിക്

ക്രിസ്മസുമായി ബന്ധപ്പെട്ട് വളരെ വിചിത്രമായ ആചാരമാണ് ചെക് റിപ്പബ്ലിക്കിലുള്ളത്. അവിവാഹിതരായ പെണ്‍കുട്ടികള്‍ തങ്ങളുടെ തോളിന് മുകളിലൂടെ ചെരുപ്പെറിയുന്നതാണ് അതിലൊന്ന്. ചെരുപ്പിന്റെ മുന്‍ഭാഗം വാതിലിന് അഭിമുഖമായാണ് വീഴുന്നതെങ്കില്‍ വരുന്ന വര്‍ഷം അവരുടെ വിവാഹം നടക്കുമെന്നാണ് വിശ്വാസം. ഇതുകൂടാതെ കുടുംബമായിരുന്ന് ഭക്ഷണം കഴിക്കുകയും ക്രിസ്മസ് സമ്മാനങ്ങള്‍ കൈമാറുകയുമെല്ലാം ചെയ്യുന്ന പതിവും ഇവര്‍ക്കുണ്ട്.

ആപ്പിള്‍ നല്‍കി ക്രൊയേഷ്യക്കാര്‍

ക്രിസ്മസ് രാത്രി കാമുകിക്ക് അലങ്കരിച്ച ആപ്പിള്‍ നല്‍കുന്ന പതിവ് ക്രൊയേഷ്യക്കാര്‍ക്കിടയിലുണ്ട്. നവംബര്‍ 25 മുതല്‍ ഇവിടെ ക്രിസ്മസ് ഒരുക്കങ്ങളാരംഭിക്കും. ഈ ആഘോഷങ്ങളുടെ ഭാഗമായി വൈക്കോല്‍ കൊണ്ടും നിത്യഹരിത സസ്യങ്ങള്‍ കൊണ്ടും പുഷ്പചക്രം (ക്രിസ്മസ് റീത്ത്) ഉണ്ടാക്കാറുണ്ട് ഇവര്‍. ഈ പുഷ്പചക്രം നാല് മെഴുകുതിരികള്‍കൊണ്ട് അലങ്കരിച്ചിട്ടുണ്ടാകും. പ്രതീക്ഷ, സമാധാനം, സന്തോഷം, സ്നേഹം എന്നിങ്ങനെ ജീവിതത്തിലെ പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളെയാണ് ഇവ ഒരോന്നും പ്രതിനിധാനം ചെയ്യുന്നത്. ക്രിസ്മസ് ദിനത്തില്‍ ഈ പുഷ്പചക്രത്തില്‍ അഞ്ചാമതൊരു മെഴുകുതിരി കൂടി ചേര്‍ക്കുന്ന പതിവുമുണ്ട്. സെന്റ്. നിക്കോളാസ് ദിനമായ ഡിസംബര്‍ ആറിന് തലേന്ന് ക്രൊയേഷ്യയിലെ കുട്ടികള്‍ തങ്ങളുടെ ഷൂകള്‍ വൃത്തിയാക്കി ജനാലയ്ക്കരികെ വെക്കും. സെന്റ് നിക്കോളാസ് മധുരപലഹാരങ്ങള്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് കുരുന്നുകള്‍ ഈ പ്രവൃത്തി ചെയ്യുന്നത്.

വെള്ള വസ്ത്രം ധരിച്ച് എത്യോപിയക്കാര്‍

റഷ്യയിലേതിന് സമാനമായി ജനുവരിയിലാണ് എത്യോപിയയിലും ക്രിസ്മസ് ആഘോഷിക്കുന്നത്. 'ഗാന' എന്ന പേരിലാണ് എത്യോപ്യയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ അറിയപ്പെടുന്നത്. ക്രിസ്്മസിന് 43 ദിവസങ്ങള്‍ മുന്‍പാരംഭിക്കുന്ന നോയമ്പില്‍ രാജ്യത്തെ മിക്ക ജനങ്ങളും പങ്കാളികളാകും. വെള്ളനിറത്തിലുള്ള പരമ്പരാഗത വസ്ത്രമാണ് ഗാന ആഘോഷങ്ങള്‍ക്കായി എത്യോപ്യക്കാര്‍ ധരിക്കാറുള്ളത്. മെഴുകുതിരികളുമായി പള്ളിക്ക് ചുറ്റും മൂന്നു തവണ വലംവെച്ച ശേഷം പ്രത്യേകം ഗ്രൂപ്പുകളായാണ് അവര്‍ പള്ളിക്കുള്ളിലേക്ക് പ്രവേശിക്കുന്നത്. പ്രാര്‍ഥനയ്ക്ക് ശേഷം പുരുഷന്മാരും ആണ്‍കുട്ടികളും ഹോക്കിക്ക് സമാനമായ കളി കളിക്കും. ഇറച്ചിയും പച്ചക്കറികളും ചേര്‍ത്ത് തയ്യാറാക്കുന്ന വാറ്റ് ആണ് ഇവിടുത്തെ പ്രധാനക്രിസ്മസ് വിഭവം.

Content Highlights: Christmas 2021, different countries celebrate different ways