ചേര്‍ത്തല: കൃഷിക്കും പരിസ്ഥിതിക്കും ഹാനികരമായ ആഫ്രിക്കന്‍ ഒച്ചുകളുടെ പുറംതോടില്‍ തീര്‍ത്ത ക്രിസ്മസ് നക്ഷത്രം ശ്രദ്ധയാകര്‍ഷിക്കുന്നു. 3,680 ഒച്ചുകളുടെ ശുദ്ധമാക്കിയ പുറംതോടുകള്‍ (25.760 കിലോഗ്രാം) നിറച്ചാണു നക്ഷത്രം തയ്യാറാക്കിയത്. വാരനാട്, ലിസ്യൂനഗര്‍ പള്ളിയിലെ കുടുംബക്കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നാനാജാതി മതസ്ഥരുടെ സഹകരണത്തോടെയാണു നക്ഷത്രം ഒരുക്കിയത്. പള്ളിയുടെ കപ്പേളയ്ക്കുസമീപമാണ് നക്ഷത്രം സ്ഥാപിച്ചിരിക്കുന്നത്.

തണ്ണീര്‍മുക്കം പഞ്ചായത്തിലെ രണ്ട്, മൂന്ന്, 21, 22, 23 വാര്‍ഡില്‍നിന്നാണ് ഒച്ചുകളെ ശേഖരിച്ചത്. ആഴ്ചകള്‍ക്കു മുന്‍പുതന്നെ ഇതിനുള്ള ശ്രമം തുടങ്ങി. കുടുംബക്കൂട്ടായ്മകളിലൂടെ സമ്മാനങ്ങള്‍ നല്‍കിയാണ് ഒച്ചുകളുടെ പുറംതോടുകള്‍ ശേഖരിച്ചത്.

Content Highlights: Christmas 2021, Christmas star using african snail shell