കോട്ടയം: ''കുളിരാലേ വിറയ്ക്കുന്ന കുഞ്ഞുണ്ണിയീശോയേ നിന്നെ സ്‌നേഹിപ്പാന്‍ എന്നെ പഠിപ്പിക്കണേ''- 25 നോമ്പുകാലത്ത് സുകൃതജപം ചൊല്ലുമ്പോഴൊക്കെ അന്നുമിന്നും കാത്തിരിക്കുന്നത് ക്രിസ്മസ് കാലമാണ്. വളരെ പ്രിയപ്പെട്ട ദിവസമാണ് ക്രിസ്മസ്. കുറുപ്പന്തറ മാഞ്ഞൂര്‍ കണ്ടാരപ്പള്ളില്‍ വീട്ടില്‍ മറിയാമ്മ ചെറിയാന് പഴയകാല ക്രിസ്മസ് ഓര്‍ത്തെടുക്കുമ്പോള്‍ നൂറ് നാവാണ്.

കുഞ്ഞുനാളില്‍ ക്രിസ്മസിനു മുന്‍പേ വീട്ടില്‍ ഉണ്ടാക്കിയിരുന്ന പലഹാരങ്ങളും വീട് ഒരുക്കുന്നതും, നക്ഷത്രവിളക്കുകള്‍ ഉണ്ടാക്കുന്നതും എല്ലാം എന്നാ രസമാന്നോ. മഞ്ഞിന്റെ തണുപ്പുള്ള രാത്രിയില്‍ പാതിരാ കുര്‍ബാനയ്ക്കു പോകുന്നതും പുല്‍ക്കൂട്ടിലെ ഉണ്ണിശോയ്ക്ക് മുത്തം കൊടുക്കുന്നതുമൊക്കെ മറക്കാത്ത ഓര്‍മയാണ്. കാലം മാറിയപ്പോള്‍ അവയൊക്കെ കെട്ടുപോയെന്നും കരുതുന്നില്ല. ഇപ്പോഴും ക്രിസ്മസിന് ഭംഗിയുണ്ട്. കാണാനൊക്കെ എന്നാ ചേലുള്ള ക്രിസ്മസ് അലങ്കാരങ്ങളാ ഇപ്പോഴുള്ളത്. അതും നല്ല കാര്യമാണ്.

ഭംഗിയുള്ള ഡെക്കറേഷന്‍സ് വാങ്ങിയും കേക്ക് ഉണ്ടാക്കിയും കുര്‍ബാനയ്ക്ക് പോയുമൊക്കെ ഇപ്പോഴും കുടുംബസമേതം സന്തോഷത്തോടെ ക്രിസ്മസ് ആഘോഷിക്കുന്നതും ഭാഗ്യമാണ്. 15-ാം വയസ്സിലാണ് വെളിയന്നൂരിലെ വീട്ടില്‍ നിന്ന് കുറുപ്പന്തറയിലേക്ക് പോന്നത്. അന്നൊക്കെ ഉഴവൂര്‍ പള്ളിയിലെ പെരുന്നാള്‍ കൂടി ചേര്‍ന്നതാണ് ക്രിസ്മസ്. പെരുന്നാളിന് എല്ലാ ദിവസവും ബന്ധുക്കള്‍ വന്നോണ്ടിരിക്കും. പാതിരാ കുര്‍ബാനയ്ക്ക് പോകുന്നതാണ് അന്നത്തെ ഏറ്റവും വലിയ സന്തോഷം. കുര്‍ബാന കഴിയുമ്പോള്‍ പള്ളീലച്ചന്‍ കൈയിലെടുക്കാന്‍ പറ്റുന്ന കൊച്ചു പുല്‍ക്കൂട്ടിലെ ഉണ്ണീശോയുടെ രൂപം കൊണ്ടുപോയിക്കാണിക്കും. അപ്പോള്‍ ഹൃദയത്തില്‍ ഈശോ പിറക്കുകയാണെന്ന് തോന്നിപ്പോകും. പുലര്‍ച്ചെ മുതല്‍ അടുക്കളയില്‍ പാലപ്പം ചുട്ടുതുടങ്ങും. 25 നോമ്പിന് ശേഷമുള്ള കാലമായതിനാല്‍ നോണ്‍വെജ് വിരുന്നാണ് പ്രധാനം. അന്ന് വീട്ടില്‍ കേക്കുണ്ടാക്കാറൊന്നുമില്ല. ചില ബോര്‍മ്മകളില്‍നിന്ന് വാങ്ങും. അതത്ര നിര്‍ബന്ധമല്ല. രാവിലെ പാലപ്പവും താറാവുസ്റ്റൂവും നിര്‍ബന്ധമാ. മൂന്നാല് തരം ഇറച്ചിക്കറികള്‍, ഇറച്ചീം കപ്പേം ഒക്കെ പ്രധാനം. നല്ല മൊരിഞ്ഞ പാലപ്പം സ്റ്റൂവില്‍ മുക്കിക്കഴിക്കുമ്പോള്‍ ക്രിസ്മസ് ഇങ്ങെത്തിയെന്ന തോന്നലാ.

മക്കളൊക്കെയായപ്പോള്‍ അവര്‍ക്കൊപ്പമായി ക്രിസ്മസ്. മക്കള്‍ കപ്പക്കോല് ചീകിയാണ് പുല്‍ക്കൂടിനുള്ള കാലുണ്ടാക്കുക. ഈന്തലവെച്ച് മറയ്ക്കും. എട്ട് മക്കളായിരുന്നു. മൂത്തകുട്ടികള്‍ അലങ്കരിക്കുമ്പോള്‍ ഇളയത്തുങ്ങള്‍ അതൊക്കെ അലങ്കോലമാക്കും. അപ്പോള്‍ വഴക്കാകും.

ഇപ്പോള്‍ മക്കളൊക്കെ ദൂരെ. ചിലര്‍ വിദേശത്തും. ഇപ്പോഴും അവരുടെ ആ കുസൃതിത്തരങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ക്രിസ്മസ് ഓര്‍മ. ആ ഓര്‍മകളില്‍പോലും ഈശോ പിറക്കും.

ഇറച്ചീം കപ്പേം

പാകംചെയ്യുന്ന വിധം: കപ്പ വൃത്തിയാക്കി പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. അധികം വെന്ത് ഉടയരുത്. വെള്ളം ഊറ്റിവെയ്ക്കുക. ഒരു ഉരുളിയില്‍ തേങ്ങ ചിരവിയത് എണ്ണ ചേര്‍ക്കാതെ വറക്കുക. പകുതി കറിവേപ്പിലയും ചേര്‍ത്ത് ബ്രൗണ്‍ നിറത്തില്‍ വറത്തെടുക്കുക. ഇതില്‍ ചുവന്നുള്ളിയും കുറച്ച് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ചേര്‍ത്ത്, ഗരംമസാലയും ചേര്‍ത്തിളക്കി തരുതരുപ്പായി അരച്ചെടുക്കുക. ഉരുളിയില്‍ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങക്കൊത്ത് ചേര്‍ത്ത് സ്വര്‍ണ നിറത്തില്‍ വറക്കുക.

ബാക്കി എണ്ണയില്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കൊച്ചുള്ളി എന്നിവ വഴറ്റുക. ശേഷം മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാല, ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് വൃത്തിയാക്കിയ ഇറച്ചിചേര്‍ത്തിളക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഇറച്ചി വേവിക്കുക. ഇറച്ചി നന്നായി വെന്ത് വെള്ളം വറ്റിയാല്‍ അതിനുമുകളില്‍ വേവിച്ച കപ്പ നിരത്തുക.

മുകളില്‍ തരുതരുപ്പായി അരച്ച തേങ്ങാക്കൂട്ട്, വറത്ത തേങ്ങാക്കൊത്ത്, അല്പം ഗരംമസാല, കുരുമുളകുപൊടി എന്നിവ വിതറി വാഴയില കൊണ്ട് മൂടി ആവികയറ്റുക. ശേഷം മൂടിതുറന്നു അരപ്പും കപ്പയും ഇറച്ചിയും നന്നായിചേര്‍ത്ത് എടുക്കണം.

Content Highlights: Christmas 2021, Christmas celebrations memories