ണുപ്പിൽ കുളിച്ചു നിൽക്കുന്ന ഇലകൊഴിഞ്ഞ വീഥികളിൽ വീശിയടിക്കുന്ന നനുത്ത കാറ്റിൽ ആടി ഇളകുന്ന നക്ഷത്രവിളക്കുകൾ, ചിറകുവിരിച്ച മാലാഖമാർ, കോടമഞ്ഞിൻ ഓളപ്പരപ്പിൽ ഇലതൂർന്ന്‌ വടിവൊത്ത ശാഖകളിൽ മിന്നാമിന്നി വെട്ടവുമായി ക്രിസ്മസ്‌ ട്രീകൾ, തല ഇളക്കി മാടിവിളിക്കുന്ന സാന്താ ബിംബങ്ങൾ, മന്ദം മന്ദം വിടർന്നു കൂമ്പുന്ന വർണ്ണപുഷ്പങ്ങൾ, പ്രകാശ തിരമാലകൾ ആർത്തലച്ച്‌ ധ്വനി ഉണർത്തുന്ന രാപ്പകലുകളിൽ വിവിധ വർണ്ണാകാരങ്ങളിൽ, ഇളം മഞ്ഞിൻ മായാ മറനിക്കി അവർ പുഞ്ചിരി തൂകുന്നു. ശീതകാറ്റിൻറെ ചിറകിലേറി എത്തുന്ന ഡിസംബറിൽ നഗരാത്മാവിന്‌ ജീവൻ വെക്കുന്ന ഈ പ്രതിഭാസം പുതുവർഷപ്പുലരിക്ക്‌ ശേഷമേ റോമാ ന​ഗരത്തിന്റെ പടിയിറങ്ങു. ആളുകൾ പരസ്പരം പറയുന്നു ബോൻ നത്താലെ (Buon Natale- Merry Christmas To You)

പഴമയഴകിന്റെ ഗന്ധവും നിറവും, പാരാണിത്വ തനിമയിൽ ചാരുതയാർന്ന ചരിത്രസ്മാരകങ്ങളും വിഖ്യാത തെരുവുകളും വാണിജ്യസമുച്ചയങ്ങളും നഗരാന്തരത്തിലെ ഉടുവഴികൾ സഹിതം വീടുവീടാന്തരം വർണ്ണദീപ്തിതമാണ്‌. നത്താലെ-Natale (Christmas) ദൈവം ഭൂമിയിൽ ഇറങ്ങിയ ശിശിരത്തിലെ ആ ആഘോഷ രാവിനെ വരവേൽക്കാൻ ചരിത്രനഗരമായ റോം മഹാമാരിയിലും മഹാമാരിയില്‍ വിജനമാണ്‌.

Christmas

റോമൻ സർഗാത്മ സായാഹങ്ങളും ഒത്തുകൂടലുകളും കൊറോണ തടസ്സമാകുന്നുണ്ടെങ്കിലും ക്രിസ്മസ് കാലത്ത് തെരുവുകളും പാതയോരങ്ങളും ടൂറിസ്റ്റുകളാൽ സജീവമാകുകയാണ്.  കൊളോസിയത്തിന്‌ മുൻപിൽ ഒരുക്കുന്ന ക്രിസ്‌മസ്ട്രീ കണ്ണഞ്ചിപ്പിക്കുമ്പോഴും അലങ്കാരങ്ങളിൽ താരം  സെൻറ്‌ പീറ്റേഴ്‌സ്‌ ബസിലിക്കാങ്കണത്തിൽ വിസ്തൃതമായി ഒരുക്കുന്ന ക്രിസ്മസ്‌ട്രീയും പുൽക്കൂടും തന്നെയാണ്‌.   സുപ്രസിദ്ധമായ ഈജിപ്ഷ്യൻ സ്തൂപത്തിന്‌ (obelisk) മുൻഭാഗത്ത്  ഡിസംബർ 11 ന് തന്നെ പുൽക്കൂടുയർന്നു. 1982-ൽ വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്താണ്‌ ഇതിന്‌ തുടക്കമിട്ടത്‌. 

ഇത്തവണ കിഴക്കൻ യൂറോപ്പ്യൻ  രാജ്യമായ സ്ലോവേനിയയിലെ  (Slovenia)  കൊച്ചവേജെ (Kočevje)  നഗരത്തിലെ റിൻസ (Rinža)  നദീതീരത്തു നിന്നും എത്തിയ  ആകാര വടിവൊത്ത ദേവദാരുമരം കൊണ്ടാണ് ഇത്തവണത്തെ ക്രിസ്മസ് ട്രീ.  

Christmas

ഇറ്റലിയിലെ തേരമോ (Teramo) യിൽ നിന്നുമെത്തിയ സെറാമിക്‌ ശില്പങ്ങളാൽ ചാതുര്യമാർന്ന പുൽക്കൂടും 
സെൻറ്‌ പീറ്റേഴ്‌സ്‌ സ്‌ക്വയറിൽ ഉയർന്നു. പതിനേഴാം നൂറ്റാണ്ട്‌ തുടങ്ങി സെറാമിക്‌ നിർമ്മാണത്തിന്‌ പ്രശസ്തിയാർജിച്ച തേരമൊയിൽ നിന്നുമെത്തിയ ഗ്രീക്ക്‌- സുമേറിയൻ- ഈജിപ്ഷൻ സമ്മിശ്രണ ശൈലിയിൽ ചാലിച്ചെടുത്ത കളിമൺ ശില്പങ്ങൾ, പുരാതന കലാ സാസ്കാരിക ചരിത്രം വെളിപ്പെടുത്തുന്നു. ഇവയിൽ പ്രധാനമായും ചിറകു വിടർത്തിയ ഗബ്രിയേൽ ദൈവദൂതൻ, താഴെ ഓസേപ്പ്‌, മറിയം, ഉണ്ണിയേശു കൂടാതെ മൂന്ന്‌ ജ്ഞാനികളെയും അവർക്കു വഴ്‌ കാട്ടിയായ അൽഭുത
നക്ഷത്രവും പുൽക്കൂടിനുള്ളിൽ കാണാം. 

1223 - ൽ വി. ഫ്രാൻസിസ്‌ അസീസിയാണ്‌ ഇറ്റലിയിലെ ഗ്രേച്ചോ (Greccio) എന്ന മലയോര ഗ്രാമത്തിൽ ലോകത്താദ്യമായി ക്രിസ്മസ്‌ പുൽക്കൂട്‌ ഉണ്ടാക്കിയത്‌. ദൈവം ജനിക്കാൻ തിരഞ്ഞെടുത്ത കാലിത്തൊഴുത്തിൻറെ ലാളിത്യ സ്മരണയിൽ ലോകമെമ്പാടും ക്രിസ്മസിനോടനുബന്ധിച്ച്‌ പുൽക്കൂടുകൾ ഒരുങ്ങുമ്പോൾ വർഷം മുഴുവൻ വിവിധതരം പുൽക്കൂടുകളുടെ വിസ്മയ പ്രദർശനം ഒരുക്കി ഗ്രേച്ചോ ഇന്നും ഓർമ്മകൾക്ക്‌ കാവലിരിക്കുന്നു. 

Christmas

എട്ടാം നൂറ്റാണ്ടിൻ ജർമനിയിലാണ്‌ ആദ്യത്തെ ക്രിസ്മസ്ട്രീ പിറന്നത്‌. യൂറോപ്പിൽ മരങ്ങൾ ഇലകൊഴിയുന്ന ശിശിരത്തിൽ ഇലകൊഴിയാത്ത ജീവനുള്ള മരങ്ങൾ കൊണ്ട്‌ അന്നവർ ട്രീകൾ നിർമ്മിച്ചു. നിത്യജീവന്റെ പ്രതീകമായ യേശുവിൻറെ  സ്മരണാർത്ഥമായിരുന്നു ഇത്‌. നിത്യഹരിതാഭമായ മരങ്ങൾ ഇന്നും ക്രിസ്മസ്ട്രീ ആക്കുന്നതിന് പിന്നിലെ കഥ ഇതാണ്. 

വത്തിക്കാനിൽ സെൻറ്‌ പീറ്റേഴ്‌സ്‌ സ്ക്വയറിൽ സ്ഥാപിക്കാറുള്ള ട്രീ, പ്രാരംഭത്തിൽ ഇറ്റലിയിൽ നിന്നും, പിന്നീട്‌ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നും ഇഷ്ടദാനമായി എത്തിയിരുന്നു. ഇറ്റലിയെ കൂടാതെ ഓസ്ട്രിയയിൽ  നിന്നും ആണ്‌ മുൻകാലങ്ങളിൽ കൂടുതൽ തവണ മരങ്ങൾ എത്തിയിട്ടുള്ളത്‌. ജനുവരി 10-ന്‌ യേശുവിൻറെ ജ്ഞാനസ്നാന തിരുനാളിനു ശേഷം ആഘോഷങ്ങൾ പടിയിറങ്ങുമ്പോൾ ഈ മരം ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഫർണിച്ചർ നിർമ്മിക്കാൻ ഉപയോഗിക്കും.

നാലാം നൂറ്റാണ്ടിൽ റോമാ ഭരിച്ചിരുന്ന കോൺസ്റ്റന്റൈൻ  ചക്രവർത്തിയാണ്‌ ഡിസംബർ 25ന്‌ ക്രിസ്തുമസ്‌ പ്രഖ്യാപിച്ചതും അനന്തരം ലോകമെമ്പാടും ആഘോഷിച്ചു തുടങ്ങിയതും. റോമാ സാമ്രാജ്യ അധീനതയിലായിരുന്ന യഹൂദിയായിലെ ( പലസ്തീൻ) ബത്ലഹേമിൽ പ്രഥമ റോമൻ
ചക്രവർത്തി അഗസ്റ്റസ്‌ സീസറിന്റെ (Augustus Caesar B.C. 27 -14 A.D.) ഭരണകാലത്ത്‌ ക്രിസ്തു ജനിച്ചുവെങ്കിലും പിന്നീടങ്ങോട്ട്‌ നാലാം നൂറ്റാണ്ട്‌ വരെ റോമൻ ഭരണാധികാരികൾ അതിക്രൂരമായി ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്നു. കോൺസ്റ്റന്റൈൻ (AD. 306 -320) ഭരണകാലത്ത്‌ AD. 312 -ൽ നടന്ന പോന്തേ മിൽവിയ (Ponte Milvia) യുദ്ധത്തിൽ പരാജയം മുന്നിൽ കണ്ട്‌ അദ്ദേഹം നിരാശനായി ഉറങ്ങിയ ഒരു രാത്രി, സ്വപ്നത്തിൽ മാലാഖ കുരിശുമായി പ്രത്യക്ഷപ്പെടുകയും “സുനിശ്ചിതമായ വിജയത്തിൻറെ ചിഹ്നം കുരിശാണ്‌” എന്നറിയിച്ചു. കോൺസ്റ്റന്റൈൻ തൻറെ വാളിലും പരിചയിലും കുരിശടയാളം മുദ്രണം ചെയ്തു യുദ്ധക്കളത്തിൽ പോരാടി വിജയശ്രീലാളിതനാവുകയും തുടർന്ന്‌ ക്രിസ്തു മതം സ്വീകരിക്കുകയും ചെയ്തു എന്നാണ്‌ ഐതിഹ്യം. പിന്നീടദ്ദേഹം റോമിന്റെ ചക്രവർത്തി പദവിയിലേക്ക്‌ ഉയർന്നപ്പോൾ ക്രിസ്തുമതം സാമ്രാജ്യത്തിൻറെ ഓദ്യോഗികമതമായി പ്രഖ്യാപിച്ചു.  അന്നുവരെ റോമാക്കാരുടെ ആരാധ്യനായിരുന്ന സൂര്യ ദേവൻറെ ആഘോഷദിവസം തന്നെ ക്രിസ്തുമസ്‌ ആചരിച്ചു തുടങ്ങി. അന്നത്തെ മാർപാപ്പയായിരുന്ന ജൂലിയസ്‌ ഒന്നാമൻ  ഡിസംബർ 25ന്‌ ആദ്യ ക്രിസ്മസ്‌ ആഘോഷ ചടങ്ങുകൾക്ക്‌ നേതൃത്വം നൽകി.

ക്രിസ്മസ്‌ അപ്പൂപ്പനും ബെഫാന (Beffana)മുത്തശ്ശിയും കഥാപാത്രങ്ങളാകുന്ന ഐതിഹ്യം ഈ സുദിനത്തിൻറെ പുരാവൃത്തങ്ങളിൽ കൗതുകമായി ജീവിക്കുന്നു. ക്രിസ്മസിൻറെ തലേന്ന്‌ സാന്താക്ലോസ്‌ എത്തുമ്പോൾ ജനുവരി 6- ന്‌ പൂജ രാജാക്കന്മാരുടെ തിരുനാളിൽ ബെഫാന വികൃതി കുട്ടികൾക്ക്‌ കരി നിറമുള്ള മിഠായികളും മിടുക്കർക്ക്‌ മധുരമുള്ള മിഠായിനിറച്ച സോക്സും ആയി എത്തും എന്നാണ്‌ വിശ്വാസം. മെലിഞ്ഞശരീരവും നീണ്ട മൂക്കുമായി ചൂലിനു മേൽ ഇരുന്ന്‌ നാട്‌ ചുറ്റുന്ന ബെഫാന മുത്തശ്ശി ഇറ്റലിക്കാർക്ക്‌ സ്വന്തം. കുഞ്ഞുമനസ്സുകളിൽ മാസ്മരിക സ്വപ്നലോകം ഒരുക്കി ഇവർ നിഷ്കളങ്ക ബാല്യങ്ങൾക്ക്‌ നിറപ്പകിട്ടേകുന്നു. 

Christmas
ബെഫാന മുത്തശ്ശി, Photo:  Italian Cultural Society

നാലാം നൂറ്റാണ്ടിൽ തുർക്കിയിൽ ജീവിച്ചിരുന്ന ബിഷപ്പ് നിക്കോളാസ് ദരിദ്രകുടുംബത്തെ സഹായിക്കുവാൻ ഒരു ക്രിസ്തുമസ്‌ രാത്രിയിൽ അദൃശ്യനായെത്തി സമ്മാനപ്പൊതികൾ വച്ചു മടങ്ങി. വിശുദ്ധ നിക്കോളാസ്‌ എന്ന സാന്താക്ലോസ്‌ തലേന്ന്‌ രാത്രി ക്രിസ്മസ്‌ ട്രീയുടെ അരികിൽ സമ്മാനങ്ങൾ വച്ചു മടങ്ങുമെന്ന്‌ വിശ്വസിക്കാൻ കുട്ടികൾക്കു മാത്രമല്ല വലിയവർക്കും ഇഷ്ടമാണ്‌.

ക്രിസ്മസിനോടനുബന്ധിച്ച്‌ വരുന്ന ജനുവരി 6 - ന്‌ പൂജ രാജാക്കന്മാരുടെ തിരുനാൾ ( Epifania) ഇവിടെ വലിയ ആഘോഷമാണ്‌. ഉണ്ണിയേശുവിനെ കണ്ടു വണങ്ങാൻ വണങ്ങാൻ പൗരസ്ത്യ നാടുകളിൽ നിന്നും വന്ന മൂന്ന്  ജ്ഞാനികൾക്ക്‌ വഴികാട്ടിയായ ദിവ്യതാരകം - ആയിരം വർഷത്തിലൊരിക്കൽ സംഭവിക്കുന്ന അപൂർവ്വ പ്രതിഭാസം, വ്യാഴവും ശനിയും സംഗമിച്ച്‌ വൈഡൂര്യ തിളക്കമാർന്ന ഒരു അത്ഭുത നക്ഷത്രം പിറക്കും എന്നും അന്നേദിവസം വിമോചകൻ ജനിക്കുമെന്നും അവർ മുൻകൂട്ടി കണ്ടിരുന്നു.

ദിവ്യ നക്ഷത്രത്തെ പിന്തുടർന്ന ആ വാനശാസ്ത്രജ്ഞർ  ബത്ലഹേമിലെ മഞ്ഞുപുതച്ച കാലിത്തൊഴുത്തിന്‌ മുകളിലെത്തിയപ്പോൾ നക്ഷത്രം നിന്നുവെന്നും അങ്ങനെ  യേശുവിനെ കണ്ടെത്തി പൊന്നും മീറയും കുന്തിരിക്കവും കാഴ്ചവെച്ചു മടങ്ങിയെന്നുമാണ് ബൈബിൾകഥ. ഈ മൂന്നു രാജാക്കന്മാർ, പിന്നിട്ട ഇല കൊഴിഞ്ഞ ചരിത്രപാതയിലെ നക്ഷത്ര തിളക്കവുമായി ഓരോ ക്രിസ്തുമസ്‌ രാത്രികളിലും അവർ പുനർജനിക്കുന്നു.

Content Highlights: Christmas 2021, Christmas Celebration in Rome