പള്ളുരുത്തി: പഴയ 'കരോള്‍ നാടക'വുമായി അവര്‍ വീണ്ടും ഇറങ്ങുകയാണ്, 40 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം. പള്ളുരുത്തിക്കാരായ സുഹൃത്തുക്കളാണ് കുട്ടിക്കാലത്ത് വീടുകള്‍തോറും കയറിയിറങ്ങി അവതരിപ്പിച്ചിരുന്ന പഴയ കരോള്‍ നാടകവുമായി വീണ്ടുമെത്തിയത്. അന്ന് 15-16 വയസ്സായിരുന്നു, മഞ്ഞുപെയ്യുന്ന ഡിസംബര്‍ രാവുകളില്‍ കരോളുമായി അവര്‍ വീടുകള്‍ കയറിയിറങ്ങി. ഹെറോദോസ് രാജാവായും നര്‍ത്തകി സലോമിയായും മാലാഖയായും യോഹന്നാനായുമൊക്കെ അവര്‍ വേഷമിട്ടു. വേഷമണിയാന്‍ ഇന്നത്തെപ്പോലെ സൗകര്യമുണ്ടായില്ല. ഉപേക്ഷിക്കപ്പെട്ട തുണിത്തരങ്ങളും തയ്യല്‍ക്കടകളിലെ വെട്ടുകഷണങ്ങളും ശ്മശാനത്തില്‍നിന്ന് ഉപേക്ഷിക്കുന്ന പട്ടുതുണികളുമൊക്കെ ചേര്‍ത്തുെവച്ച് അവര്‍ നാടകത്തിലെ കഥാപാത്രങ്ങള്‍ക്കായി വേഷങ്ങളൊരുക്കി. കരിമഷിയും പൗഡറും കുങ്കുമപ്പൊടിയുമൊക്കെ ചേര്‍ത്ത് മുഖംമിനുക്കി.

രണ്ട് കമ്പികളില്‍ തുണികെട്ടി ബാക്ക് കര്‍ട്ടന്‍. അങ്ങനെ നാട്ടില്‍നിന്ന് എളുപ്പത്തില്‍ കിട്ടുന്ന സാധനങ്ങള്‍ ചേര്‍ത്തുെവച്ച് വീട്ടുമുറ്റത്തെ അരങ്ങുകള്‍ക്ക് ജീവനേകി.

പണ്ട് നാടുതോറും കരോള്‍ നാടകം കളിച്ചിരുന്ന പിള്ളേര്‍ വളര്‍ന്നു. അവര്‍ അച്ഛന്മാരായി, പലരും മുത്തച്ഛന്മാരുമായി. 'ദീപം പള്ളുരുത്തി' എന്ന സംഘടനയുടെ പേരിലാണ് അക്കാലത്ത് ഈ സുഹൃത്തുക്കള്‍ നാടകം അവതരിപ്പിച്ചിരുന്നത്. കെ.ജെ. ലിനാര്‍, പി.വി. വാരിജാക്ഷന്‍, സുഭാഷ്, ആണ്ടി, പി.വി. അജയന്‍, എം.എച്ച്. കബീര്‍, എം.എക്‌സ്. ഡിസ്നി, എം.എം. പീറ്റര്‍ എന്നിവരാണ് 40 വര്‍ഷത്തിനു ശേഷം കരോള്‍ നാടകവുമായി വീണ്ടുമിറങ്ങുന്നത്. അവര്‍ക്കൊപ്പം കുട്ടികളായ ബേബി കെയ്റ്റ്ലി സജിത്, ആഞ്ജലീന റോസ് ആന്റണി എന്നിവരും ചേരും.

കെ.ടി. ജെറോമും കെ.ടി. ഓസ്റ്റിനും ചേര്‍ന്ന് തയ്യാറാക്കിയതാണ് നാടകങ്ങള്‍. ടി.കെ. സുന്ദരന്‍ തന്നെ വീണ്ടും ഇവ സംവിധാനം ചെയ്തു.

''പണ്ട് വീടുകള്‍തോറും കയറിയിറങ്ങി നാടകം കളിച്ചത് പണത്തിനു വേണ്ടിയായിരുന്നില്ല. അന്ന് അതൊരു ആവേശമായിരുന്നു. ഇന്നും ആവേശമാണ്. പണ്ടൊക്കെ വീട്ടുമുറ്റത്ത് കളിക്കുമ്പോള്‍ 50 പൈസയും ഒരു രൂപയുമൊക്കെയാണ് കിട്ടിയിരുന്നത്. പക്ഷേ, ആ ചില്ലറത്തുട്ടുകള്‍ വലിയ അംഗീകാരമായിരുന്നു'' - കരോള്‍ സംഘാടകനായ ടി.കെ. സുന്ദരന്‍ പറയുന്നു.

''ഇപ്പോള്‍ ആരും കരോള്‍ കളിക്കുന്നില്ല. അതിന്റെ ആവശ്യവുമില്ല... പക്ഷേ, ഇതൊക്കെയായിരുന്നു ഈ നാടിന്റെ സംസ്‌കാരം എന്ന് പുതിയ തലമുറയെ ബോധ്യപ്പെടുത്താനാണ് വീണ്ടും കരോള്‍ നാടകവുമായി ഇറങ്ങുന്നത്' - സുന്ദരന്‍ പറയുന്നു. ''ജാതിയും മതവുമൊന്നും നോക്കാതെ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ചേര്‍ന്നാണ് അന്നൊക്കെ ഇത്തരം പരിപാടികളില്‍ സഹകരിച്ചിരുന്നത്. അതൊക്കെ പുതിയ തലമുറ അറിയണം...''

40 വര്‍ഷത്തിനു ശേഷം പഴയ ഓര്‍മകള്‍ വെച്ചാണ് 'സ്‌നാപക യോഹന്നാന്‍', 'മംഗളവാര്‍ത്ത' എന്നിങ്ങനെ രണ്ടു നാടകങ്ങള്‍ ഇവര്‍ രൂപപ്പെടുത്തിയത്. ഓരോരുത്തരും പണ്ട് അവതരിപ്പിച്ച കഥാപാത്രങ്ങളെത്തന്നെയാണ് അവതരിപ്പിക്കുന്നത്. ക്രിസ്മസ് മുതല്‍ പുതുവര്‍ഷ പിറവി നാള്‍ വരെ വീട്ടുമുറ്റങ്ങളില്‍ നാടകം അവതരിപ്പിക്കും. ഇത് വെറും ഓര്‍മപുതുക്കല്‍ മാത്രമല്ല, ഓര്‍മപ്പെടുത്തല്‍ കൂടിയാണെന്ന് ദീപം പള്ളുരുത്തിയുടെ സംഘാടകര്‍ പറയുന്നു.

Content Highlights: Christmas 2021, Christmas carol drama at palluruthy kochi