കോഴിക്കോട്: കേക്കില്ലാതെ ക്രിസ്മസില്ല. കോവിഡ് മാനദണ്ഡങ്ങളുടെ പരിധിക്കുള്ളിലാണെങ്കിലും ആഘോഷം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പാണെങ്ങും. കേക്കുവിപണിയിലും ഇതിന്റെ തിരക്ക് തുടങ്ങി.

ക്രിസ്മസിന് പ്ലംകേക്കുതന്നെ വേണമെന്ന് ശാഠ്യംപിടിക്കുന്നവരുണ്ട്. പുതുമ തേടുന്നവര്‍ക്കായി ഒരുക്കിയതാണ് അത്തിപ്പഴവും ഫ്രൂട്ട്സും നട്സും ബദാമുമൊക്കെ വ്യത്യസ്ത അളവുകളില്‍ ചേര്‍ത്ത റിച്ച് പ്ലം. പുതുമ പോരെന്നുതോന്നുന്നവര്‍ക്കുള്ളതാണ് നട്ടി ബബ്ലി, റെഡ്ബീ, ചോക്കോ ക്രംഞ്ചി. നൊസ്റ്റാള്‍ജിയ ഇഷ്ടപ്പെടുന്നവര്‍ക്ക് റോയല്‍ ഐസിങ്. വര്‍ഷത്തില്‍ ഏറ്റവുംകൂടുതല്‍ കേക്ക് വില്‍ക്കുന്ന സമയമാണിത്. ക്രിസ്മസ്-പുതുവത്സര വിപണി തിളങ്ങുകയാണ്.

ചിലര്‍ കുട്ടികളെയുംകൊണ്ടാണ് ബേക്കറികളിലേക്കെത്തുന്നത്. അവര്‍ കേക്ക് തിരഞ്ഞെടുക്കും. രക്ഷിതാവ് പണംനല്‍കും.

കേക്കുമായി മടങ്ങുമ്പോള്‍ പലര്‍ക്കും ഒരുജേതാവിന്റെ ഭാവം. ചോക്‌ളേറ്റും വാനിലയുമൊക്കെയാണ് കുട്ടികള്‍ക്ക് പ്രിയമെന്ന് കടയിലുള്ളവര്‍ പറയുന്നു. തോന്നല്‍ എന്നൊരു വെറൈറ്റിയാണ് ഈ വര്‍ഷത്തെ നവാതിഥി.

അഹാനകൃഷ്ണയുടെ വീഡിയോ ആല്‍ബമാണ് തോന്നലിനെ ക്ലിക്കാക്കിയത്. അത് വിപണി പിടിച്ചു. 1200 രൂപയാണ് ഈ പുതുതാരത്തിന്റെ വില. പ്ലംകേക്കിന് കിലോഗ്രാമിന് 450 രൂപ. റിച്ച് പ്ലമ്മിന് 700. വില പൊതുവെ അല്പം കൂടുതലാണ്. അസംസ്‌കൃതവസ്തുക്കളുടെയും നട്സിന്റെയും വില കൂടിയതാണ് കാരണം.

ബട്ടര്‍ക്രീമിലെ വിവിധയിനങ്ങള്‍ സുലഭം. സമ്മാനിക്കാനും മറ്റുമാണ് ഇപ്പോള്‍ പലരും കേക്ക് വാങ്ങുന്നത്. സ്ഥാപനങ്ങള്‍ ഇടപാടുകാര്‍ക്കും ജീവനക്കാര്‍ക്കും മറ്റുമായി കൂട്ടമായി ഓര്‍ഡര്‍ ചെയ്യുന്നുമുണ്ട്. ചില ബേക്കറികള്‍ കേക്കുകള്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചുകൊടുക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. കടയിലെ തിരക്കിനൊത്ത് കൂടുതലായി കേക്ക് നിര്‍മിക്കേണ്ടിവരുന്നുണ്ടെന്നും വിപണിയിലെ ഉണര്‍വ് വ്യക്തമാണെന്നും ഗാന്ധി റോഡ് റീഗല്‍ ബേക്ക്സ് ഉടമ കെ.ആര്‍. രഞ്ജിത്ത് പറഞ്ഞു.

Content Highlights: Christmas 2021, christmas cakes