കൊച്ചി: വലിയൊരു ക്രിസ്മസ് സമ്മാനപ്പൊതി പോലെ റോഡിലൂടെ മെല്ലെപ്പോവുന്ന കെ.എസ്.ആര്‍.ടി.സി. ലോഫ്‌ളോര്‍ ബസിനെ കൗതുകത്തോടെയാണ് നഗരം വരവേറ്റത്. എങ്ങോട്ടേക്കുള്ള ബസാണെന്ന ബോര്‍ഡുപോലുമില്ലാതെ നീങ്ങുന്ന കേക്ക് വണ്ടി. ക്രിസ്മസിന് ഒരു കേക്ക് വാങ്ങി നിര്‍ധനരായ ഡയാലിസിസ് രോഗികളെ ചേര്‍ത്തുപിടിക്കാനുള്ള അവസരമൊരുക്കുന്ന പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയുടെ കേക്ക് വണ്ടിയായിരുന്നു ചൊവ്വാഴ്ച നഗരത്തിലെ കാഴ്ച.

എറണാകുളം സെയ്ന്റ് തെരേസാസ് കോളേജില്‍ നിന്നു പുറപ്പെട്ട 'കേക്ക് വണ്ടി'യില്‍നിന്ന് ആദ്യ ദിനം തന്നെ രണ്ടായിരത്തിലധികം കേക്കുകള്‍ ചെലവായി. ആശുപത്രി നടത്തുന്ന സൗജന്യ ഡയാലിസിസ് പദ്ധതിയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചാണ് 'കേക്ക് വണ്ടി' നഗരത്തിലും പശ്ചിമ കൊച്ചിയിലെ വിവിധ ഭാഗങ്ങളിലുമെത്തിയത്. മുന്‍കൂട്ടി ബുക്ക് ചെയ്തവരും മറ്റ് യാത്രക്കാരും കേക്ക് വണ്ടിയില്‍നിന്ന് കേക്കുകള്‍ വാങ്ങി. ബുധന്‍, വ്യാഴം ദിവസങ്ങളിലും കേക്കുമായി വണ്ടികള്‍ വിവിധയിടങ്ങളില്‍ എത്തും.

ഈ തുക പാവപ്പെട്ട രോഗികളുടെ സൗജന്യ ഡയാലിസിസിനു മാത്രമായാണ് വിനിയോഗിക്കുന്നതെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ആശുപത്രി ഡയറക്ടര്‍ ഫാ. സിജു ജോസഫ് പാലിയത്തറ പറഞ്ഞു. കൊച്ചി മേയര്‍ എം. അനില്‍കുമാറും കെ.ജെ. മാക്സി എം.എല്‍.എ.യും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. സെയ്ന്റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിസി മാത്യു, ഫാ. ആന്റണി തൈവീട്ടില്‍, കെ.എസ്. സാബു, ഷെറിന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: Christmas 2021, cake for dialysis patients help