അരൂര്‍: ഡിസംബറില്‍ കേക്ക് വാങ്ങാത്തവരായി ആരുമില്ല. മധുരമൂറം കേക്ക് തുറവൂരില്‍നിന്ന് വാങ്ങിയാല്‍ ജീവന് രക്ഷയേകുന്ന ഒരു ഐ.സി.യു. ആംബുലന്‍സാകും നിരത്തിലെത്തുക. കേക്കിന്റെയും ആംബുലന്‍സിന്റെയും വില തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ടെങ്കിലും തുറവൂരിലെ 'ടീം പ്രഹ്‌ളാദ'യുടെ സ്വപ്നത്തിന് ശക്തിയേറെയാണ്. 120 രൂപ മുടക്കി ഒരു കേക്ക് വാങ്ങിയാല്‍ പകരം 30 ലക്ഷം രൂപ വിലയുള്ള ഒരു ഐ.സി.യു. ആംബുലന്‍സ് നാടിനു നല്‍കാമെന്ന ഉറപ്പാണിവര്‍ നല്‍കുന്നത്. നാലുവരി ദേശീയപാതയില്‍ തുറവൂര്‍ താലൂക്ക് ആശുപത്രിക്ക് എതിര്‍വശത്താണ് ആതുര സേവനം ലക്ഷ്യംെവച്ചുള്ള ഈ കേക്കുവില്പന. ആംബുലന്‍സുകള്‍ ഏറെയുണ്ടെങ്കിലും താലൂക്കില്‍ ഒരു ഐ.സി.യു. ആംബുലന്‍സിന്റെ അഭാവമാണ് ടീം പ്രഹ്‌ളാദയെ ഇതിലേക്കെത്തിച്ചത്.

2020 ജൂണിലാണ് ഈ ആശയത്തിനായി കേക്ക് വില്പന ആരംഭിച്ചത്. കോവിഡിനു ശേഷം ക്രിസ്തുദേവന്റെ തിരുപ്പിറവി ഉദ്ഘോഷിക്കുന്ന പ്രത്യാശയുടെ ദിനങ്ങളില്‍ വീണ്ടും കേക്ക് വില്പന കേന്ദ്രം തുടങ്ങാനായതില്‍ ഇവര്‍ സന്തുഷ്ടരാണ്. ഈ സ്വപ്നപദ്ധതിക്കായി ഇതുവരെ അഞ്ചുലക്ഷം രൂപ കണ്ടെത്തി. ഇനി 25 ലക്ഷം കൂടി കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്. ഓണനാളുകളില്‍ പച്ചക്കറി വില്പനശാല തുറന്നും ഇവര്‍ പണം സ്വരൂപിച്ചിരുന്നു. 2023-ല്‍ ആംബുലന്‍സ് പുറത്തിറക്കാന്‍ കഴിയുമെന്നാണ് ഇവരുടെ വിശ്വാസം.

120 രൂപ മുതല്‍ 450 രൂപ വരെയാണ് കേക്കിന്റെ വില. പ്ലം, റിച്ച് പ്ലം, കാരറ്റ് ആന്‍ഡ് ഡേറ്റ്സ്, ഹണി ആല്‍മണ്ട് തുടങ്ങി വ്യത്യസ്ത രുചിയുള്ള കേക്കുകള്‍. ആദ്യ തവണ 800 കേക്കുകളാണ് വിറ്റത്. ഇത്തവണ 1500 കേക്കുകളാണ് വില്പനയ്ക്ക് തയ്യാറാക്കിയത്. പുതുവര്‍ഷം വരെ വില്പന നടത്താനാണ് ലക്ഷ്യം. വില്പന കേന്ദ്രത്തിലെത്താന്‍ കഴിയാത്തവര്‍ക്ക് 80860 80868 മൊബൈല്‍ നമ്പറിലൂടെ ഓണ്‍ലൈനായും ഓര്‍ഡറുകള്‍ നല്‍കാം. സ്‌കൂളുകള്‍, ഓഫീസുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ആഘോഷങ്ങള്‍ക്ക് കേക്കുകള്‍ കുറഞ്ഞ നിരക്കില്‍ എത്തിച്ചുനല്‍കും.

നാടിന്റെ സഹായഹസ്തം

2019 ജനുവരിയിലാണ് ടീം പ്രഹ്‌ളാദയുടെ പിറവി. പിന്നീടിങ്ങോട്ട് ഇവര്‍ നാടിന്റെ സഹായഹസ്തമാണ്. രക്തദാന ക്യാമ്പുമായിട്ടായിരുന്നു തുടക്കം. പ്രളയം ബാധിച്ച നിലമ്പൂരിനു നല്‍കിയത് നാലു ലക്ഷം രൂപയുടെ സാധന സാമഗ്രികളാണ്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ ആയിരം വീടുകളില്‍ സഹായമെത്തിച്ചു. രണ്ടര ലക്ഷം രൂപയോളം ഇതിനായി. രണ്ടാം ഘട്ടത്തിലും സമാന സഹായം നല്‍കി. ഇതുകൂടാതെ സ്ഥിരമായി 'മെഡി കെയര്‍' എന്ന പദ്ധതി നടപ്പാക്കുന്നു. നിര്‍ധനരായ രോഗികള്‍ക്കുള്ള ആരോഗ്യ ഉപകരണങ്ങള്‍, കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം, മരുന്നുകള്‍ തുടങ്ങിയവ നല്‍കുന്നതാണ് ഇത്. മെഡി കെയര്‍ പദ്ധതി കൂടുതല്‍ വിപുലപ്പെടുത്താനുള്ള ഒരുക്കവും ഇവര്‍ നടത്തുന്നു. പ്രസിഡന്റ് രാഹുല്‍ കമ്മത്ത്, സെക്രട്ടറി എം. അര്‍ജുന്‍, ശരത് ചിഞ്ചു, ഭരത് ജഗദീഷ്, സൂരജ് മേനോന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ട്രസ്റ്റ് പ്രവര്‍ത്തനം. 20 അംഗ ഭരണസമിതിയാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

Content Highlights: christmas 2021, cake business for charity