മൂന്നാർ: പള്ളിവാസലിലെ ‘അള്ളാകോവിൽ’ മുസ്‌ലിം സൂഫിവര്യന്റെ പേരിലുള്ള ആരാധനാലയമാണ്. ഇവിടെ നൂറ്റാണ്ടുകളായി ഉത്സവം നടത്തുന്നത് ഹൈന്ദവർ.

കാളിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനൊപ്പം ഇതും കൊണ്ടാടുന്നു. ഉത്സവത്തിലെ പ്രധാന ആഘോഷം നടക്കുന്നതാകട്ടെ, ക്രിസ്മസ് ദിനത്തിലും.

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്തുള്ള ആരാധനാലയം മുസ്‌ലിം സൂഫിവര്യനായ പീർ മുഹമ്മദിന്റെ കബറിടമെന്നാണ് വിശ്വാസം. കാളിയമ്മൻ ക്ഷേത്രത്തിന്‌ സമീപമാണിത്. ക്ഷേത്രഭാരവാഹികളാണ് മേൽനോട്ടം. സാധാരണ മുസ്‌ലിം പള്ളികളിലേതുപോലെ പതിവ്‌ നിസ്കാരച്ചടങ്ങുകളില്ലെങ്കിലും പ്രദേശത്തെ മുസ്‌ലിങ്ങളും മൂന്നാറിൽ വിനോദസഞ്ചാരികളായെത്തുന്നവരും ഇവിടെ പ്രാർഥന നടത്താറുണ്ട്.

1760-ലാണ് ഈ കബറിടം സ്ഥാപിച്ചതെന്നാണ് ജെ.ഡി.മൺറോ ഓർമക്കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

അള്ളാകോവിലിനെപ്പറ്റിയുള്ള മറ്റൊരു വിശ്വാസം ഇങ്ങനെ: ഹൈറേഞ്ചിൽ സുവിശേഷവേലയ്ക്കായി അന്ത്യോഖ്യായിൽനിന്ന് അഞ്ച് ബാവാമാർ എത്തി. മൂന്നുപേരും പള്ളിവാസലിലെത്തിയപ്പോൾ ഒരാൾ ക്ഷീണിതനായി. ഇദ്ദേഹം ഇവിടെ വിശ്രമിച്ചു. മറ്റ് രണ്ടുപേർ കോതമംഗലം ഭാഗത്തേക്ക് പോയി. അവശനിലയിലായിരുന്നയാൾ പിന്നീട് മരിച്ചു. വേഷവും മറ്റും കണ്ട് ഇദ്ദേഹം മുസ്‌ലിം ആണെന്ന് നാട്ടുകാർ ധരിച്ചു. അതിനാൽ, മുസ്‌ലിം ആചാരപ്രകാരം കബറടക്കി.

മൂന്നുപേരിൽപ്പെട്ട എൽദോ മാർ ബസേലിയോസ് കോതമംഗലത്തും അബ്ദുൾ ജലീൽ വടക്കൻ പറവൂരിൽവെച്ചും മരിച്ചു.

കോതമംഗലം ചെറിയപള്ളിയിലെ കന്നി ഇരുപത് പെരുന്നാളിനോടനുബന്ധിച്ച് മറയൂർ കോവിൽക്കടവിൽനിന്നാരംഭിക്കുന്ന പദയാത്രയിൽ പങ്കെടുക്കുന്ന വിശ്വാസികൾ എല്ലാവർഷവും അള്ളാകോവിലിലെത്തി ധൂപപ്രാർഥന നടത്തുന്നു. ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന എൽദോ മാർ ബസേലിയോസ് ബാവായുടെ പെരുന്നാളാണ് കന്നി ഇരുപത്.

മറ്റൊരു വിശ്വാസം തിരുവിതാംകൂറിൽനിന്ന്‌ കോയമ്പത്തൂർക്ക് പോയ ഒരു മുസ്‌ലിം കച്ചവടക്കാരൻ യാത്രാമധ്യേ ഇവിടെ മരിച്ചുവെന്നതാണ്. അദ്ദേഹത്തെ ഇവിടെ കബറടക്കിയത്രെ. മദ്രാസ് ആർമിയിലെ ലെഫ്റ്റനന്റായിരുന്ന വാർഡിന്റെ ഓർമക്കുറിപ്പിലാണ് ഇതുസംബന്ധിച്ച് പറയുന്നത്.

വിശ്വാസം എന്തായാലും മതത്തിന്റെയും ജാതിയുടെയും പേരിൽ യുദ്ധങ്ങളും കൊലപാതകങ്ങളും നടക്കുമ്പോഴും നൂറ്റാണ്ടുകളായി ഈ കബറിടം സൂക്ഷിക്കുന്നതും ദിവസവും വിളക്ക് തെളിക്കുന്നതും ഹൈന്ദവരാണ്.

ക്രിസ്മസ് ദിനത്തിൽ ഹൈന്ദവരുടെ നേതൃത്വത്തിൽ ‘അള്ളാകോവിലി’ൽ പ്രത്യേക പൂജകളും പ്രാർഥനകളും നടക്കും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും ഗാനമേളയും ഉണ്ട്. ക്ഷേത്രത്തിലെയും അള്ളാകോവിലിലെയും ഭണ്ഡാരങ്ങളിൽനിന്ന്‌ ലഭിക്കുന്ന മുഴുവൻ പണവും മൂന്നായി വിഭജിച്ച് ഒരു വിഹിതം ആനച്ചാലിലെ കത്തോലിക്കാ ദേവാലയത്തിന് എല്ലാ വർഷവും മുടങ്ങാതെ നൽകുന്നുമുണ്ട്.

Content Highlights: allakovil festival, allakovil christmas