നമ്മുടെ ഹൃദയങ്ങൾക്ക് പുതുചൈതന്യവും സന്തോഷവും പകർന്നുകൊണ്ട് ഉണ്ണിയേശുവിന്റെ പിറവിത്തിരുനാൾ സമാഗതമായിരിക്കുന്നു. രണ്ടായിരം വർഷം മുൻപ് ദൈവപുത്രൻ ഏറ്റവും ലാളിത്യമാർന്ന സാഹചര്യത്തിൽ ഒരു കാലിത്തൊഴുത്തിൽ ജനിച്ചതിന്റെ ഓർമയാണ് നാം പുതുക്കുന്നത്. എങ്കിലും, ആ കാലിത്തൊഴുത്തിൽ സന്തോഷത്തിന് ഒരു കുറവും ഉണ്ടായില്ല.

അവിടെ നക്ഷത്രങ്ങളുടെ പൊന്നൊളിയും മാലാഖമാരുടെ സംഗീതവും പൂജരാജാക്കന്മാരുടെയും ആട്ടിടയരുടെയും ആരാധനാരവങ്ങളും വ്യത്യസ്തങ്ങളായ സമ്മാനങ്ങളുടെ സമൃദ്ധിയും ഉണ്ടായിരുന്നു. ഇല്ലായ്മകളുടെ നടുവിലും ദൈവം തന്റെ പുത്രന് കുറവേതും ഇല്ലാതെ കരുതൽ ഒരുക്കി. ഇപ്രകാരം തന്നെ പിതാവായ ദൈവം മക്കളായ നമ്മുടെ കാര്യത്തിൽ വളരെ തത്‌പരനാണെന്ന് നാം തിരിച്ചറിയണം.

ഇന്ന് നമ്മുടെ ഹൃദയങ്ങൾ അസ്വസ്ഥമാണ്. വിഷമസന്ധികളിൽ നമ്മുടെ ജീവിതം ഉടക്കി ക്കിടക്കുന്നു. ലോകം കോവിഡിന്റെ കഷ്ടതകളിൽ നിന്ന്‌ പൂർണ മുക്തമായിട്ടില്ല. പ്രതിസന്ധികൾക്ക് നടുവിൽ ഒരു കുടുംബമായി നാം മാറുകയാണ് വേണ്ടത്.

ദേവാലയങ്ങളും ഭവനങ്ങളുമെല്ലാം ഈ പരസ്പരമുള്ള സഹവർത്തിത്വത്തിന്റെ ഇടങ്ങളാവണം. യേശുനാഥൻ കാണിച്ചുതന്നതും ആദിമ സഭ അനുവർത്തിച്ചതുമായ ജീവിതശൈലി അതാണ്.

സാമൂഹിക രംഗങ്ങളിൽ പരസ്പരം കൈകോർത്ത് നാം മുന്നേറണം. നാം ക്രിസ്തുവിൽ ഒരേ ശരീരത്തിലെ അവയവങ്ങൾ ആയിരിക്കുന്ന പോലെ പരസ്പരം സഹോദരതുല്യം സ്നേഹിക്കാം. നമ്മിലൂടെ ഈ ദൈവസ്നേഹം ലോകമെങ്ങും ഒഴുകട്ടെ. ഏവർക്കും ക്രിസ്‌മസ്-പുതുവത്സര ആശംസകൾ ഹൃദയപൂർവം നേരുന്നു.

Content highlights: christmas message, bishop joseph kalathiparambil, christmas 2021