വീണ്ടെടുപ്പിന്റെ മഹോത്സവമാണ് ക്രിസ്മസ്. പാപത്തില്‍നിന്നും അതിന്റെ ബന്ധനങ്ങളില്‍നിന്നും മാനവരാശിയെ വീണ്ടെടുക്കാനാണ് ദൈവം നമ്മോടുകൂടി ആയിത്തീര്‍ന്നത്.

വിനയം മൂലമുള്ള വിശുദ്ധീകരണത്തിന്റെയും കരകവിഞ്ഞൊഴുകുന്ന ദൈവസ്‌നേഹത്തിന്റെയും പരിശുദ്ധാത്മാവിലുള്ള നിര്‍മലമായ ആരാധനയുടെയും അമൂല്യ പാഠങ്ങളാണ് ഓരോ പിറവിത്തിരുനാളും പങ്കുവയ്ക്കുന്നത്.

ക്രിസ്മസ് ആഘോഷങ്ങള്‍ കരുണയില്‍ അധിഷ്ഠിതമായിരിക്കണം. എളിയവരെ കരുതുകയും അവരെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുമ്പോഴാണ് ക്രിസ്മസിന്റെ സന്ദേശം സുവിശേഷമായി മാറുന്നത്. കാരുണ്യ പ്രവൃത്തികളുടെ വാതിലാകട്ടെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍.

അനാഥരുടെയും വിധവകളുടെയും ദുഃഖിതരുടെയും ജീവിതത്തില്‍ ആശ്വാസത്തിന്റെ അനുഭവങ്ങള്‍ പ്രദാനം ചെയ്തുകൊണ്ട് ക്രിസ്തീയ സാക്ഷ്യത്തോടെ ക്രിസ്മസ് ആചരിക്കണം. നാം അനുഭവിക്കുന്ന എല്ലാ ദാനങ്ങള്‍ക്കും നന്മകള്‍ക്കും അത്യുന്നതങ്ങളിലുള്ള ദൈവത്തിന് മഹത്ത്വം കരേറ്റുവാന്‍ നമുക്ക് കഴിയട്ടെ. ഏവര്‍ക്കും അനുഗ്രഹകരമായ ക്രിസ്മസും നന്മകള്‍ നിറഞ്ഞ പുതുവത്സരവും ആശംസിക്കുന്നു.

Content Highlights: Christmas 2021, Christmas messages