ക്രിസ്മസ് നമ്മെ നിരന്തരം ഒരു കാര്യം ഓര്‍മപ്പെടുത്തുന്നു. ദൈവം മനുഷ്യനെ ഇടമുറിയാതെ സ്നേഹിക്കുന്നുവെന്നതാണത്. 'ഞാന്‍ നിങ്ങളെ സ്‌നേഹിച്ച പോലെ നിങ്ങളും പരസ്പരം സ്‌നേഹിപ്പിന്‍' എന്ന് യേശുക്രിസ്തു പഠിപ്പിച്ചു. ദൈവസ്‌നേഹം ആരെയും മാറ്റിനിര്‍ത്തുന്നില്ല, അവസാനയാളിലേക്കും വ്യാപിക്കുന്നതാണത്. അതുകൊണ്ടാണ്, മാലാഖമാര്‍ സര്‍വജനത്തിനും ഉണ്ടാകാനുള്ള സന്തോഷ വാര്‍ത്തയായി തിരുപ്പിറവി ലോകത്തെ അറിയിച്ചത്.

നാം നമ്മെപ്പോലെ തന്നെ മറ്റുള്ളവരെയും സ്‌നേഹിക്കുമ്പോഴാണ് ദൈവസ്‌നേഹത്തിന്റെ വ്യാപനം പരിപൂര്‍ണതയിലെത്തുന്നത്. അപരനിലേക്ക് പരക്കേണ്ട ദൈവസ്‌നേഹത്തെ നിഷേധാത്മകതയുടെ മതിലുകള്‍ കെട്ടി നാം തടയുകയാണ്. മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും വിശ്വാസത്തിന്റെയും വലിയ മതിലുകള്‍ ഉയരുമ്പോഴാണ് സമൂഹത്തില്‍ ഭിന്നതയും അക്രമവും ഉദ്ഭവിക്കുന്നത്. ലോഹ നിര്‍മിതമായ മൂര്‍ച്ചയുള്ള ആയുധങ്ങള്‍കൊണ്ടല്ല, ആഴത്തിലുള്ള ഹൃദയബന്ധങ്ങള്‍കൊണ്ടാണ് സമൂഹം സംവദിക്കേണ്ടത്.

ആദിമകാലത്ത് മനുഷ്യനോട് നേരിട്ടും പ്രവാചകന്മാരിലൂടെയും സംസാരിച്ച ദൈവം പിന്നീട് ഏകജാതനായ മകന്‍ വഴിയാണ് സംസാരിച്ചത്. ദൈവം മനുഷ്യനോടും മനുഷ്യന്‍ ദൈവത്തോടുമൊപ്പം വസിക്കാന്‍ ആഗ്രഹിക്കുന്നു. അതില്‍നിന്ന് നമ്മെ തടയുന്നത് മനുഷ്യന്റെ പ്രവൃത്തികള്‍ മാത്രമാണ്. വ്യക്തി, കുടുംബ, സമൂഹ ജീവിതങ്ങളില്‍ അന്ധകാരം എത്രത്തോളം വ്യാപിക്കുന്നുവെന്നതിന് സമീപകാല സംഭവങ്ങള്‍ തെളിവാണ്.

ക്രിസ്മസ് നല്‍കുന്ന സ്‌നേഹത്തിന്റെ സന്ദേശം നമ്മെ പ്രകാശത്തിലേക്ക് നയിക്കട്ടെ. പ്രകാശത്തിനു മാത്രമേ ഇരുട്ടിനെ ഇല്ലാതാക്കാന്‍ കഴിയൂവെന്നതും ഓര്‍ക്കാം.

ഏവര്‍ക്കും ക്രിസ്മസിന്റെയും പുതുവര്‍ഷത്തിന്റെയും മംഗളങ്ങള്‍ നേരുന്നു.

Content Highlights: Christmas 2021, Christmas message by Mar Baselios Cleemis