ക്രിസ്മസ് നല്‍കുന്നത് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രതീക്ഷയുടെയും സന്ദേശമാണ്. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ നമ്മളെല്ലാം പലതരത്തില്‍ ദുഃഖപൂരിതരാണ്. യേശു പറയുന്നു, 'നിങ്ങള്‍ ഇപ്പോള്‍ ദുഃഖിതരാണ്. എന്നാല്‍, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും' (യോഹ. 16:20).

യേശുവിന്റെ ജനന വേളയില്‍ മാലാഖമാര്‍ പാടി, 'ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത നിങ്ങളെ അറിയിക്കുന്നു. നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ പിറന്നിരിക്കുന്നു'

ഈ പ്രതീക്ഷയാണ് നമുക്കാവശ്യം. ഈ പ്രതീക്ഷയുള്ളവര്‍ക്ക് ദൈവകൃപയുണ്ട്. അവരുടെ ജീവിതത്തില്‍ മാലാഖമാരുടെ സന്ദേശം അന്വര്‍ത്ഥമാകാതിരിക്കില്ല.

ദൈവത്തിന്റെ സ്‌നേഹം മനുഷ്യരുമായി പങ്കുവെച്ചതാണ് യേശുവിന്റെ മനുഷ്യാവതാരം. ഇന്ന് യേശു നമ്മോടാവശ്യപ്പെടുന്നത് ഈ ദൈവസ്‌നേഹം മറ്റുള്ളവരുമായി പങ്കുവെയ്ക്കാനാണ്.

യേശു പറഞ്ഞു: ''ഈ എളിയവരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ഇതു ചെയ്തത്. അതിനാല്‍, ക്രിസ്മസിന്റെ സന്തോഷവും സമാധാനവും പ്രതീക്ഷയും അര്‍ത്ഥവത്താകണമെങ്കില്‍ ദൈവത്തിന്റെ സ്‌നേഹം, നമ്മുടെ ജീവിതത്തില്‍ കാരുണ്യ പ്രവൃത്തികളായി പങ്കുവെയ്ക്കപ്പെടണം. അപ്പോള്‍ ക്രിസ്മസ്, വേദനിക്കുന്ന ഓരോരുത്തര്‍ക്കും സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും അനുഭവമായി മാറും. ഏവര്‍ക്കും ക്രിസ്മസ്-പുതുവത്സരാശംസകള്‍!

Content Highlights: Christmas 2021, christmas message by Mar Andrews Thazhath